മറയൂർ: ചിന്നാർ റോഡിൽ ഒന്നരക്കൊമ്പൻ എന്ന ഒറ്റയാന്‍റെ സാന്നിധ്യം യാത്രക്കാർക്ക് ഭീഷണിയാകുന്നു. മൂന്നുദിവസമായി കാട്ടാന റോഡിൽ നിൽക്കുന്നതിനാൽ രാത്രിയാത്ര സാഹസികമായി. ഉദുമൽപേട്ടയിൽനിന്ന് മറയൂരിലേക്കെത്തിയ ബാബു നഗർ സ്വദേശി സഞ്ജയ് (24) ഒന്നരക്കൊമ്പനിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ ബൈക്കിൽ സഞ്ചരിച്ച സഞ്ജയിനെ ചിന്നാർ വനത്തിൽവെച്ച് ഒന്നരക്കൊമ്പൻ ആക്രമിക്കാൻ ശ്രമിച്ചു.
തുടർന്ന്, ബൈക്ക് താഴെയിട്ട് ഓടുന്നതിനിടെ വീണ് കൈക്ക് പരിക്കേറ്റ് ചികിത്സയിലാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങൾക്കിടെ മൂന്ന് യുവാക്കളാണ് കൊമ്പന്‍റെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. ഒറ്റയാനെ രാത്രിയും പകലും നാടുറോഡിൽ തന്നെ കാണുന്നതിനാൽ വനപാലകർ പട്രോളിങ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി തമിഴ്നാട് സ്വദേശിയായ വിനോദസഞ്ചാരി അക്ബർ അലിയുടെ മരണം കാട്ടാനയുടെ ആക്രമണത്തിലും വനത്തിനുള്ളിലും ആയതിനാൽ കുടുംബാംഗങ്ങൾക്ക് വനം വകുപ്പ് നഷ്ടപരിഹാരം നൽകും.
അക്ബർ അലിയുടെ അവകാശികളെ കണ്ടെത്തി വ്യക്തതവരുത്തി വനനിയമപ്രകാരം സർക്കാർ അനുവദിച്ച 10 ലക്ഷം രൂപ നൽകുമെന്ന് ചിന്നാർ റേഞ്ച് ഓഫിസർ നിധിൻ ലാൽ പറഞ്ഞു.ഒന്നരക്കൊമ്പൻ ആറു വർഷത്തിനിടെ നാലുപേരെയാണ് കൊലപ്പെടുത്തിയത്. ഇവരെല്ലാം മറയൂർ മേഖലയിൽനിന്നുള്ളവരാണ്. മറ്റ് ആനകൾക്കൊപ്പം കൂടാതെ ഒറ്റക്കാണ് ഒന്നരക്കൊമ്പന്‍റെ സഞ്ചാരം.ചിന്നാർ അതിർത്തി മേഖലയായ മറയൂരിലെ സ്വകാര്യഭൂമിയിലും പുനരധിവാസ കോളനിയിലുമാണ് ഒറ്റയാനെ പ്രധാനമായും കാണപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.