തൊടുപുഴ: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ ആന വ്യാഴാഴ്ച വീണ്ടും ജനവാസമേഖലയിലെത്തി.
സിങ്കുകണ്ടം സിമന്റ്പാലത്തിന് സമീപം യൂക്കാലി മരങ്ങൾക്കിടയിലാണ് പിടിയാനയും കുട്ടിയാനകളുമടക്കം അഞ്ച് ആനകൾക്കൊപ്പം അരിക്കൊമ്പൻ എത്തിയത്. കുങ്കിയാനകളെ പാർപ്പിച്ചിരിക്കുന്നതിന് 500 മീറ്റർ അകലെയാണിത്. ദൗത്യമേഖലക്ക് സമീപം തുടരുന്ന ആന വനം വകുപ്പിന്റെ നിരന്തര നിരീക്ഷണത്തിലാണ്. മദപ്പാടിലാണെങ്കിലും പൊതുവെ ശാന്തനാണ് അരിക്കൊമ്പൻ.
അരിക്കൊമ്പൻ: സമരം കടുപ്പിക്കുന്നു; ദൗത്യസംഘം ഇടുക്കിയിൽ തുടരും
തൊടുപുഴ: ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നാശം വിതക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ മേഖലയിൽ സമരം ശക്തമാക്കുന്നു. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തിൽ വ്യാഴാഴ്ച നടന്ന ജനകീയ ഹർത്താൽ പൂർണമായിരുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയും പഞ്ചായത്തുകളിലെ പ്രധാന റോഡുകളും ഉപരോധിച്ചതോടെ മണിക്കൂറുകളോം ഗതാഗതം തടസ്സപ്പെട്ടു. അരിക്കൊമ്പനെ മയക്കുവെടിവെച്ച് പിടികൂടും വരെ സമരം തുടരാനാണ് തീരുമാനം.
സിമന്റ്പാലം, ബോഡിമെട്ട്, ചിന്നക്കനാൽ, സൂര്യനെല്ലി, പൂപ്പാറ, പെരിയകനാൽ എന്നിവിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം മണിക്കൂറുകളോളം റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡിമെട്ടിലും പെരിയ കനാലിലും ഹർത്താൽ അനുകൂലികൾ ദേശീയ പാത ഉപരോധിച്ചു. ചിന്നക്കനാൽ സിമന്റ്പാലത്ത് വനം വകുപ്പിന്റെ ബേസ് ക്യാമ്പിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന്, നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ചിലയിടങ്ങളിൽ മാധ്യമപ്രവർത്തകരുടെയടക്കം വാഹനങ്ങൾ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. വിനോദസഞ്ചാരികളുടെ വാഹനങ്ങൾ തടഞ്ഞതിനെച്ചൊല്ലി സമരക്കാരും വാഹനത്തിലെ യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പൊലീസ് ഇടപെട്ടാണ് സ്ഥിഗതികൾ ശാന്തമാക്കിയത്.
അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ വൈകീട്ട് ആറുവരെ പൂപ്പാറയിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ധർണ നടത്താൻ സർവകക്ഷി യോഗത്തിൽ തീരുമാനമായി. ആന തകർത്ത വീടുകളുടെ ഉടമകളെയും ആന കൊന്നവരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കും. അതേസമയം, ചിന്നക്കനാലിലെത്തിയ 71 അംഗ ദൗത്യസംഘം കോടതിയുടെ നിർദേശാനുസരണം തൽക്കാലം ഇവിടെ തന്നെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.