തൃശൂർ: ചികിത്സക്കിടയിൽ വനംവകുപ്പിനെ കബളിപ്പിച്ച് കൊമ്പൻ ഗണപതിയെ കടത്തിയ സംഭവത്തിൽ കൊച്ചിൻ ദേവസ്വം ബോർഡംഗത്തിനും ഓഡിറ്റർക്കുമെതിരെ വനംവകുപ്പ് കൂടുതൽ അന്വേഷണത്തിന്. കൊച്ചിൻ ദേവസ്വം ബോർഡിലെ സി.പി.ഐ അംഗം ടി.എൻ. അരുൺകുമാറിനും കൊച്ചിൻ, ഗുരുവായൂർ ദേവസ്വം ബോർഡുകളുടെ ഓഡിറ്റർ ആയ ഈശ്വരപിള്ളക്കുമെതിരെയാണ് വനംവകുപ്പിെൻറ അന്വേഷണം. അരുൺകുമാറിനെതിരെ നേരത്തെ ഉണ്ടായിരുന്ന ആനക്കൊമ്പ് കേസും വനംവകുപ്പ് അന്വേഷിക്കും.
കൊമ്പൻ വളഞ്ഞമ്പലം ഗണപതിയെ കെട്ടിയിട്ട് പീഡിപ്പിച്ചതിൽ കേസെടുത്തതിന് പിന്നാലെ, മാള കൊമ്പിടിയിൽ വനംവകുപ്പ് കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ വകുപ്പ് അധികൃതരറിയാതെ ആനയെ കടത്തിയതിന് ഈശ്വരപിള്ളക്കെതിരെ കഴിഞ്ഞ ദിവസം വനംവകുപ്പ് കേസെടുത്തിരുന്നു. മാളയിൽ നിന്നും കടത്തിയ ഗണപതിയെ അരുൺകുമാറിെൻറ പറമ്പിൽ നിന്നാണ് വനംവകുപ്പ് കണ്ടെത്തിയത്. തെറ്റിദ്ധരിപ്പിച്ചാണ് ആനയെ തെൻറ പറമ്പിൽ കെട്ടിയിട്ടതെന്നാണ് അരുൺകുമാർ വനംവകുപ്പിന് നൽകിയ വിശദീകരണം. ഈ മൊഴി തങ്ങൾ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് വനം അധികൃതർ പറഞ്ഞു.
ആന ഉടമ സംഘടനയുടെ സംസ്ഥാന നേതാവ് കൂടിയാണ് അരുൺകുമാർ. നേരത്തെ ഇയാളുടെ കൈവശമുണ്ടായിരുന്ന കീരങ്ങാട് ശിവനാരായണൻ, പാറമേൽക്കാവ് ചെറിയ നാരായണൻ എന്നീ ആനകളുടെ കൊമ്പുകൾ സംബന്ധിച്ച് ആരോപണവും പരാതിയും വന്നുവെങ്കിലും അന്വേഷണത്തിലേക്ക് നീങ്ങിയിരുന്നില്ല. പുതിയ സാഹചര്യത്തിൽ ഈ പരാതിയും അന്വേഷിക്കാനാണ് വനംവകുപ്പിെൻറ നീക്കം. അരുൺകുമാർ സി.പി.ഐ നോമിനിയാണെന്നതിനാൽ സമീപകാലത്തെ സി.പി.ഐ നടപടിയിൽ കടുത്ത എതിർപ്പിലുള്ള സി.പി.എമ്മും പഴയ പരാതി പൊടിതട്ടി അന്വേഷണത്തിന് പിന്നിലുണ്ടെന്നാണ് സൂചന.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഈശ്വരപിള്ളക്കെതിരെ രണ്ട് കേസുകളെടുത്തെങ്കിലും ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള തൃപ്പുണിത്തുറ പൂർണത്രയീശക്ഷേത്രത്തിൽ ഇപ്പോൾ നടക്കുന്ന വൃശ്ചികോത്സവ സമിതിയിലെ അംഗമാണ് ഈശ്വരപിള്ള.
ഇവിടെ ബോർഡിെൻറ ചുമതല അരുൺകുമാറിനാണ്. ഇരുവരും ക്രിമിനൽ കുറ്റങ്ങളാണ് ചെയ്തിട്ടുള്ളതെന്നിരിക്കെ ബോർഡ് അംഗ പദവിയിൽ നിന്ന് അരുൺകുമാറിനെയും കൊച്ചിൻ, ഗുരുവായൂർ ദേവസ്വം ബോർഡുകളുടെ ഓഡിറ്റർ സ്ഥാനത്ത് നിന്നും ഈശ്വരപിള്ളയെയും നീക്കണമെന്നും ആനക്കൊമ്പ് കേസിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹെറിട്ടേജ് അനിമൽ ടാസ്ക്ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം മുഖ്യമന്ത്രിക്ക് പരാതി അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.