പാലക്കാട്: പശ്ചിമഘട്ട വനമേഖലയിലെ അടച്ചതും അടഞ്ഞതുമായ ആനത്താരകളുടെ പുനഃസ്ഥാപനം അസാധ്യം. റെയിൽ-റോഡ് വികസനത്തിനായി വാളയാർ വനമേഖലയിൽ ഏഴും കാറ്റാടിപ്പാടം മൂലമുണ്ടായ റിയൽ എസ്റ്റേറ്റ് ഇടപാടിൽ അട്ടപ്പാടിയിൽ പത്തും ആനത്താരകൾ ഇല്ലാതായത് വീണ്ടും സ്ഥാപിക്കാൻ കഴിയില്ലെന്ന് വനംവകുപ്പിലെ വന്യജീവി വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. നാട്ടിലെ കാട്ടാന വിലസൽ വനം വകുപ്പിനെ നിസ്സഹായതയിലാക്കിയിട്ടുണ്ട്.
പശ്ചിമഘട്ട മലനിരകളിെല ആനത്താരകൾ അടഞ്ഞതോടെയാണ് ആനകൾ കാടിറങ്ങിയത്. വാളയാർ മേഖലയിലെ ഇരട്ട റെയിൽവേ ലൈനും ദേശീയപാത നവീകരണവും മൂലം ആനത്താരകൾ ഇല്ലാതായപ്പോൾ കാട്ടാനകൾ മറ്റു വഴികൾ തേടി. ട്രെയിൻ ഇടിച്ചുള്ള ആനകളുടെ കൂട്ടക്കശാപ്പ് തടയുന്നതിന് വാളയാറിൽ ആരംഭിക്കാനിരിക്കുന്ന സോളാർ വൈദ്യുതി വേലി സ്ഥിതി ഗുരുതരമാക്കാനുമിടയുണ്ട്. തൽക്കാലത്തേക്ക് ഇതിെൻറ നിർമാണം ആരംഭിക്കരുതെന്ന നിർദേശം അധികൃതർക്ക് ലഭിച്ചതായാണ് സൂചന.
അട്ടപ്പാടിയിൽ വിവാദം സൃഷ്ടിച്ച കാറ്റാടി വൈദ്യുതി പദ്ധതിക്ക് ഏക്കർ കണക്കിന് ഭൂമിയാണ് കൈമാറ്റം ചെയ്തത്. ഇവിടം മുഴുവൻ വൈദ്യുതി വേലിയും മറ്റുമായി പരിണമിച്ചിട്ടുണ്ട്. സ്വാഭാവിക വഴി അടഞ്ഞാൽ കാട്ടാന ജനവാസ മേഖലയിലിറങ്ങുമെന്നറിഞ്ഞിട്ടും കൂടുതൽ ആനത്താരകൾ അടക്കുന്ന പ്രവൃത്തി തുടരുന്നതാണ് അനുഭവം. ആനത്താരകൾക്ക് നാശം വരാത്ത വിധം വനമേഖലയിലൂടെയുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് കേരളത്തിന് പുറത്ത് നിരവധി ഉദാഹരണങ്ങളുണ്ടെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഇന്ത്യ പ്രോജക്ട് ഓഫിസറും വന്യജീവി നിരീക്ഷകനുമായ എസ്. ഗുരുവായൂരപ്പൻ ചൂണ്ടിക്കാട്ടുന്നു.
മലമ്പുഴ വനമേഖലയിൽ നിന്ന് ആറ് ദിനം മുമ്പ് കാടിറങ്ങിയ മൂന്ന് ആനകൾ അറുപതിലധികം കിലോമീറ്റർ സഞ്ചരിച്ച് നാട്ടിലെ വിലസൽ തുടരുന്നതിന് ഒരു പരിഹാരവും ഉദ്യോഗസ്ഥതലത്തിൽ ഇനിയും ഉണ്ടായിട്ടില്ല. പ്രശ്നപരിഹാരത്തിനായി ബുധനാഴ്ച ചേർന്ന ഉന്നതതലയോഗത്തിലും പ്രായോഗിക തീരുമാനം ഉണ്ടായില്ലെന്നാണ് സൂചന.
കുങ്കിയാന, മയക്കുവെടി തുടങ്ങിയ രീതികൾ ഫലവത്താവില്ലെന്നു മാത്രമല്ല, അപകടകരമാവുമെന്ന മുന്നറിയിപ്പാണ് ഇപ്പോഴും അധികൃതർക്ക് മുന്നിലുള്ളത്. ആന വിഹാരം കൂടുതൽ മാരണങ്ങളിലേക്ക് മാറുമോ എന്ന ആശങ്കയും വനം-റവന്യു-പൊലീസ് വകുപ്പുകൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.