പാട്ടഭൂമി പൊന്നുംവില നൽകി ഏറ്റെടുക്കാനുള്ള തീരുമാത്തിനെതിരെ റിട്ട് ഹരജി നൽകിയ അഡ്വ. എസ്. അർജുൻ
കോഴിക്കോട് : വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമിക്കുന്നതിന് നാളെ തറക്കല്ലിടാൻ ഇരിക്കെ സർക്കാരിനെ മുൾമുനയിൽ നിർത്തി എൽസ്റ്റൻ അധികൃതർ. ഏറ്റെടുക്കുന്ന ഭൂമിക്ക് 520 കോടിയോളം രൂപ നഷ്ടപരിഹാരം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതിയിൽ എൽസ്റ്റൻ ഇന്ന് പുതിയ ഹരജി ഫയൽ ചെയ്തു. 64 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിലവിൽ 26 കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകാൻ തീരുമാനിച്ചത്. അത് ഹൈകോടതിയിൽ കെട്ടിവെക്കാനാണ് ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്.
ഹൈകോടതിയിൽ എൽസ്റ്റൻ ഹാജരാക്കിയ നികുതി രസീതിൽ രേഖപ്പെടുത്തിയരിക്കുന്നത് ഗാർഡൻ ലാൻഡ് എന്നാണ്. തോട്ടം ഭൂമി സാധാരണ ഭൂമിയായി കണക്കാക്കി വില നിശ്ചയിക്കണമെന്നാണ് എൽസ്റ്റന്റെ നിലപാട്. രണ്ട സെന്റിന് (ഒരു ആർ) ഭൂമിക്ക് 6,80,000 രൂപയാണ് എല്‍സ്റ്റൻ ആവശ്യപ്പെടുന്നത്. സാധാരണ നികുതി രസീതിൽ പുരയിടം- നിലം എന്നാണ് രേഖപ്പെടുത്തുന്നത്.
എന്നാൽ, വില്ലേജ് ഓഫിസിൽനിന്ന് ബോധപൂർവം ഗാർഡൻ ലാൻഡ് എന്നാണ് എഴുതി വാങ്ങിയത്. റവന്യൂവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 1947 ന് മുമ്പ് ബ്രിട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്ന തോട്ട ഭൂമിയാണിത്. 1963ലെ ഭൂപരിഷ്കരണം നിയമം അനുസരിച്ച് മിച്ചഭൂമി ഏറ്റെടുത്തപ്പോൾ ഇതുവരെ കേരളം കൊടുത്തത് ഏക്കറിന് 3000 രൂപയാണ്. തിരുവിതാംകൂർ രാജാവിന്റെ ഭൂമി ഏറ്റെടുത്തപ്പോഴും സീലിംഗ് പരിധിക്ക് പുറത്തുള്ള മിച്ചഭൂമിക്ക് ഇതേ വില മാത്രമാണ് നൽകിയത്.
ഈ കേസിൽ വഴിത്തിരിവായത് അഡ്വ.എസ്. അർജുൻ ഹൈകോടതിയിൽ നൽകിയ രണ്ട് റിട്ട് അപ്പീലുകളാണ്. അഡ്വ. അർജന്റെ വാദം കേട്ടശേഷമാണ് ചീഫ് ജസ്റ്റിസ് എന്ത് ബോണ്ടിന്റെ പിൻബലത്തിലാണ് പണം കൊടുക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് എ.ജിയോട് ചോദിച്ചത്. സർക്കാർ അഭിഭാഷകൻ ഏറ്റെടുക്കുന്ന ഭൂമിക്കുമേൽ സിവിൽ കേസ് നിലവിലുള്ള കാര്യം ഹൈകോടതിയിൽനിന്ന് മറച്ചു പിടിച്ചുവെന്ന് അഡ്വ. അർജുൻ മാധ്യമം ഓൺലൈനോട് പറഞ്ഞു. ഈക്കാര്യം ചൂണ്ടിക്കാണിച്ചതോടെയാണ് സിവിൽ കേസ് സർക്കാർ പിൻവലിക്കുമോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചത്.
ഭൂപരിഷ്കരണ നിയമപ്രകാരം സീലിങ് പരിധിക്ക് അകത്തുള്ള ഭൂമിക്കു മാത്രമേ ഉടമസ്ഥത ഉള്ളൂ. ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടമായിരുന്ന എൽസ്റ്റൻ എസ്റ്റേറ്റ് സീലിംഗ് പരിധിക്ക് പുറത്തുള്ള തോട്ടഭൂമിയാണ്. അതിനാൽ പൊന്നുംവില കൊടുക്കാൻ കഴിയില്ല. ഭാവിയിൽ മിച്ചഭൂമിയായി സർക്കാരിന് ഏറ്റെടുക്കേണ്ട ഭൂമിയാണിത്. ഭരണഘടനയുടെ ആർട്ടിക്കിൾ 31(എ) പ്രകാരം സീലിംഗ് പരിധിക്ക് പുറത്തുള്ള ഭൂമിക്ക് മാർക്കറ്റ് വില കൊടുക്കാൻ കഴിയില്ല.
ഭൂപരിഷ്കരണ നിയമം പ്രകാരം മിച്ചഭൂമി 1970 ജനുവരി ഒന്നിന് സർക്കാരിൽ നിക്ഷിപ്തമായി. ഭൂമിയുടെ ഉടമസ്ഥത അല്ലെങ്കിൽ ടൈറ്റിൽ സർക്കാരിലാണ്. നിയമത്തിലെ വകുപ്പ് 72 (1) പ്രകാരം സർക്കാരിൽ നിക്ഷിപ്തമായ ഭൂമിയാണിത്. അതിനാൽ തുച്ഛമായ നഷ്ടപരിഹാരം നൽകിയാൽ മതി. ബ്രിട്ടീഷ് കമ്പനിക്ക് പാട്ടത്തിന് കൊടുത്ത ഭൂമി ഇപ്പോൾ കൈവശം വെച്ചിരിക്കുന്നവർക്കും പാട്ടാവകാശം മാത്രമേയുള്ളുവെന്ന് മുൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ റിപ്പോർട്ട് നൽകിയിരുന്നു.
ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് പൊന്നുംവില അനുവദിക്കാനാവില്ലെന്നാണ് റവന്യൂ മന്ത്രി തന്നെ ഉന്നതതലയോഗത്തിൽ വ്യക്തമാക്കയത്. പാട്ടഭൂമിക്ക് ഗാർഡൻ ഭൂമി എന്ന് എഴുതി നികുതി രസീത് നൽകിയ വില്ലേജ് ഓഫിസറും ഇക്കാര്യത്തിൽ പുതിയൊരു വഴി തുറന്നിരിക്കുകയാണ്. ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് പൊന്നും വില വാങ്ങിയെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്. ഇക്കാര്യത്തിൽ ഹൈകോടതിയിൽ സർക്കാർ എന്തു സമീപനം സ്വീകരിക്കുമെന്നാണ് ഇനി അറിയേണ്ടത്. റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കണമെന്ന കേസിൽ ഫയലിൽ കുറിച്ചത് സർക്കാർ ഭൂമി സർക്കാർ എന്തിന് പൊന്നുംവില നൽകി ഏറ്റെടുക്കണമെന്നാണ്. കോസിലെ വിചാരണയിൽ സർക്കാർ അഭിഭാഷകൻ എൽസ്റ്റൻ അധികൃതർക്കുവേണ്ടിയാണോ വാദിച്ചതെന്ന സംശയം ബലപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.