കൊച്ചി: ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയും ഭാര്യയും യാത്ര ചെയ്ത ഹെലികോപ്ടർ എറണാകുളത്ത് ചതുപ്പിൽ ഇടിച്ചിറക്കി. യൂസുഫലിയും ഭാര്യ ഷാബിറ യൂസുഫലിയും രണ്ട് പൈലറ്റുമാരും മാനേജർമാരും ഉൾപ്പെടെ ഏഴ് യാത്രക്കാരും സുരക്ഷിതരാണ്. പനങ്ങാട് പൊലീസ് സ്റ്റേഷന് സമീപത്തെ ചതുപ്പിലാണ് ഞായറാഴ്ച രാവിലെ 8.40 ഓടെ ലുലു ഗ്രൂപ്പിന്റെ ഹെലികോപ്ടർ ഇടിച്ചിറക്കിയത്.
കൊച്ചി ലേക്ഷോർ ആശുപത്രിയിൽ കഴിയുന്ന ബന്ധുവിനെ സന്ദർശിക്കാൻ കടവന്ത്രയിലെ വീട്ടിൽനിന്നുള്ള ഹ്രസ്വയാത്രക്കിടെയാണ് അപകടം. ശക്തമായ കാറ്റും മഴയുമുള്ള സമയത്ത് പനങ്ങാട് ഫിഷറീസ് യൂനിേവഴ്സിറ്റി കാമ്പസിനോട് ചേർന്ന ചതുപ്പിലേക്ക് ഹെലികോപ്ടർ പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വലിയ ശബ്്ദം കേട്ട് തൊട്ടടുത്ത താമസക്കാരായ കുറ്റിക്കാട്ടിൽ വീട്ടിൽ രാജേഷും സിവിൽ പൊലീസ് ഓഫിസറായ ഭാര്യ ബിജിയുമാണ് സംഭവസ്ഥലത്ത് ആദ്യം എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചത്. ഇവർ യാത്രക്കാരെ പുറത്തിറക്കി വീട്ടിലെത്തിച്ചു. പിന്നീട് പനങ്ങാട് പൊലീസെത്തി എല്ലാവരെയും ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റി. എല്ലാവരും സുക്ഷിതരാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മോശം കാലാവസ്ഥയെത്തുടർന്നുണ്ടായ സാങ്കേതിക തകരാർമൂലമാണ് ഹെലികോപ്ടർ ഇറക്കേണ്ടിവന്നതെന്നും എല്ലാവരും സുരക്ഷിതരാണെന്നും ലുലുഗ്രൂപ് കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ വാർത്തകുറിപ്പിൽ അറിയിച്ചു. പ്രൈവറ്റ് സെക്രട്ടറിമാരായ ഹാരിസ്, ഷിഹാബ്, ഷാഫി എന്നിവരായിരുന്നു മറ്റു യാത്രക്കാർ. അശോക്, ശിവപ്രസാദ് എന്നിവരാണ് പൈലറ്റുമാർ. എന്ത് തരം സാങ്കേതിക തകരാറാണുണ്ടായതെന്ന് അന്വേഷണത്തിലൂടെയെ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
പൈലറ്റുമാരുടെ മനസ്സാന്നിധ്യമാണ് വലിയ അപകടം ഒഴിവാക്കിയത്. കോപ്ടർ പതിച്ചതിന്റെ ഒരുവശത്ത് വർക്ക് ഷോപ്പും മറുവശത്ത് വീടുകളും ഉണ്ട്. മുൻഭാഗത്ത് ഹൈവേയും വൈദ്യുതി ലൈനുമാണ്. ചുറ്റുമതിലുള്ള ചതുപ്പിൽ കൃത്യമായാണ് പൈലറ്റ് ലാൻഡ് ചെയ്യിപ്പിച്ചത്. കോപ്ടറിെൻറ വാതിൽവരെ ചതുപ്പിൽ താഴ്ന്നു. ലാൻഡിങ് ഒരുമീറ്റർ മാറിയിരുന്നെങ്കിൽ പ്രൊപ്പല്ലറുകൾ മതിലിൽ ഇടിച്ച് വൻ അപകടത്തിന് വഴിവെക്കുമായിരുന്നു. പൊലീസും ഏവിയേഷൻ വിഭാഗവും അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.