കാസർകോട്: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫീൽഡുതല പരിശോധന കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ നിർദേശം. പ്രളയം, കോവിഡ് പ്രതിസന്ധിഘട്ടങ്ങളിൽ ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് കൈത്താങ്ങായ പദ്ധതിയിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് പൊതു ആസ്തികളിലും വ്യക്തിഗത ആസ്തികളിലും സാധന സാമഗ്രികളുടെ ഉപയോഗത്തിലും വന്ന വൻതോതിലുള്ള വർധനയുടെ പശ്ചാത്തലത്തിലാണ് പരിശോധന സംവിധാനങ്ങൾ കാര്യക്ഷമമാക്കാൻ സർക്കാർ തീരുമാനിച്ചത്. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർക്ക് പ്രവൃത്തി പരിശോധന ചുമതലയും എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗത്തിന് സാങ്കേതിക മേൽനോട്ടത്തിനും നേരത്തെതന്നെ ചുമതല നൽകിയിരുന്നു. ഇതിനു പുറമെ പദ്ധതികളുമായി ബന്ധപ്പെട്ട് പൊതു പരിശോധന, സാങ്കേതിക പരിശോധന എന്നിങ്ങനെ രണ്ടുതരം പരിശോധനകൾ വേണമെന്നാണ് പുതിയ നിർദേശം.
വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ, അസി. സെക്രട്ടറി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എക്സ്റ്റൻഷൻ ഓഫിസർ/ജോയൻറ് ബി.ഡി.ഒ (ആർ.എച്ച്), ജോയൻറ് ബി.ഡി.ഒ (ഇ.ജി.എസ്), ബ്ലോക്ക് പ്രോഗ്രാം ഓഫിസർ, ജില്ല കലക്ടർ ചുമതലപ്പെടുത്തിയ ജില്ലതല ഉദ്യോഗസ്ഥർ, ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റർ, ഗ്രാമവികസന കമീഷണർ ചുമതലപ്പെടുത്തിയ സംസ്ഥാനതല ഉദ്യോഗസ്ഥർ എന്നിവരാണ് പരിശോധന നടത്തേണ്ടത്. ഫീൽഡുതല പരിശോധന സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ചയിലൊരിക്കൽ (എല്ലാ 10ാമത്തെയും 25ാമത്തെയും പ്രവൃത്തി ദിനത്തിൽ) ജോയൻറ് പ്രോഗ്രാം കോഓഡിനേറ്റർമാർ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സമർപ്പിക്കണം.
ഗുരുതര സ്വഭാവത്തിലുള്ള ക്രമക്കേടുകൾ, പണാപഹരണം തുടങ്ങിയവ കണ്ടെത്തിയാൽ അത് പ്രത്യേക റിപ്പോർട്ടായി സമർപ്പിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.