കൊച്ചി: എൻഡോസൾഫാൻ ദുരിതബാധിതർക്കായി ഒരുക്കിയ വീടുകളുടെ കാര്യത്തിൽ അനാസ്ഥ ചൂണ്ടിക്കാട്ടി കാസർകോട് ജില്ല കലക്ടർക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം. സർക്കാർ നൽകിയ കൊട്ടാരസദൃശ്യ ബംഗ്ലാവുകളിൽ താമസിക്കുന്ന ഉദ്യോഗസ്ഥർക്ക് എൻഡോസൾഫാൻ ഇരകളുടെ ദുരവസ്ഥ മനസ്സിലാകില്ലെന്നും സമൂഹം ഇതിൽ ലജ്ജിക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വാക്കാൽ പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്കായി തങ്ങൾ നിർമിച്ചുനൽകിയ വീടുകൾ യഥാസമയം കൈമാറാത്തതിനാൽ അപകടാവസ്ഥയിലാണെന്ന ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ ഹരജി പരിഗണിക്കവേയാണ് കലക്ടർക്ക് കോടതിയുടെ വിമർശനമുണ്ടായത്. കലക്ടർ 25ന് ഓൺലൈനായി കോടതിയിൽ ഹാജരാകാനും കോടതി നിർദേശിച്ചു.
എൻഡോസൾഫാൻ ദുരിതബാധിതർക്കായി നിർമിച്ച 81 വീടുകളിൽ പലതും ജീർണാവസ്ഥയിലാണെന്നും പുനർ നിർമിക്കാൻ 24 ലക്ഷം രൂപ വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. ഈ വീടുകളുടെ ഏറ്റെടുക്കൽ സംബന്ധിച്ച് കലക്ടർ അറിയിക്കണമെന്നും ഏറ്റെടുക്കുന്നില്ലെങ്കിൽ കാരണം വ്യക്തമാക്കി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടിരുന്നു. ഹരജിയെത്തുടർന്ന് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ സെപ്റ്റംബർ 15ന് കോടതി നിർദേശിച്ചിരുന്നെങ്കിലും കലക്ടറിൽനിന്ന് വിശദീകരണം ലഭിച്ചിട്ടില്ലെന്നായിരുന്നു വ്യാഴാഴ്ച ഹരജി പരിഗണിക്കുമ്പോൾ സർക്കാർ കോടതിയെ അറിയിച്ചത്. ദുരിതബാധിതർ സഹായമോ പ്രതീക്ഷയോ ഇല്ലാതെ കഴിയുമ്പോൾ കലക്ടർ വിഷയത്തിന്റെ ഗൗരവത്തെക്കുറിച്ച് ബോധവാനാകണമായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.
കലക്ടറുടെ ഭാഗത്തുനിന്ന് വിശദീകരണമില്ലാത്തത് ഏറെ മടുപ്പിക്കുന്ന സംഗതിയാണ്. എൻഡോസൾഫാൻ ഇരകളെക്കുറിച്ച് വലിയ വായിൽ പറയുന്നവർ അവരുടെ നിലവിലെ സ്ഥിതി മനസ്സിലാക്കാൻപോലും തയാറല്ല. ഇരകൾക്ക് സമ്പൂർണ മുൻഗണനയാണ് കലക്ടർ നൽകേണ്ടത്. എന്നാൽ, വീടുവെച്ചുകൊടുക്കാൻ സാധിക്കുന്നില്ലെന്ന് മാത്രമല്ല, ഉള്ള വീടു കൊടുക്കാൻ പോലും സമ്മതിക്കുന്നില്ല. എൻഡോസൾഫാൻ ഇരകളുടെ മുഖം കണ്ടാലേ അവർ എത്ര ദുരിതത്തിലാണ് ജീവിക്കുന്നതെന്ന് മനസ്സിലാവൂ. കാസർകോട് ജില്ലയുടെ ചുമതലയുണ്ടായിരുന്നതിനാൽ തനിക്ക് ഇതേക്കുറിച്ച് അറിയാമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.