കാസർകോട്: എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഒന്നാംഘട്ടം ഉദ്ഘാടനം ഫെബ്രുവരി അവസാന വാരം നിർവഹിക്കുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. കാസർകോട് മുന്നാട് കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവാങ്കണത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. 2022ലാണ് പുനരധിവാസ ഗ്രാമത്തിന് തുടക്കമിട്ടത്. ഇതിന് 4,89,52,829 രൂപയുടെ ഭരണാനുമതിയും 4,45,00,000 രൂപയുടെ സാങ്കേതികാനുമതിയും ലഭ്യമായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം. നാല് ഘടകങ്ങൾ ഉൾപ്പെട്ടതാണ് എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം.
18 വയസ്സിന് താഴെയുള്ളവർക്ക് പ്രത്യേക പരിചരണം നൽകാനുള്ള ഫോസ്റ്റർ കെയർ ഹോമാണ് ഒന്ന്. 18-20 വയസ്സിൽ താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികൾക്ക് സ്വന്തം കുടുംബത്തിൽനിന്നുള്ള പരിചരണം അത്യാവശ്യമാണെന്ന ബോധ്യത്തിൽ ആ ചുറ്റുപാട് സൃഷ്ടിക്കാനാണ് ഈ ഘടകം. അഞ്ച് ബെഡ്റൂമുള്ള നാലു വാർഡുകൾ, ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ പറ്റുന്നവിധത്തിൽ ശുചിമുറി, പൂന്തോട്ടം മുതലായവയാണ് ഫോസ്റ്റർ കെയർ ഹോമിൽ ഉണ്ടാവുക.
ഭിന്നശേഷി വിഭാഗത്തിൽപെടുന്ന 18ന് മുകളിലുള്ള 12 പേർക്ക് താമസിക്കാൻ കഴിയുന്ന അസിസ്റ്റീവ് ലിവിങ് ഫോർ അഡൽട്ട്സ് ആണ് രണ്ടാം ഘടകം. ഇത്തരം 10 യൂനിറ്റുകളുണ്ടാവും. അടുക്കള, റിക്രിയേഷൻ റൂം, ലൈബ്രറി, വൊക്കേഷനൽ ഫെസിലിറ്റി, പൂന്തോട്ടം, ഫിസിയോതെറപ്പി സെന്റർ, ജോബ് കോച്ച് സെന്റർ എന്നിവയാണിവിടെ ഒരുക്കുക.
ഭിന്നശേഷിയുള്ളവർക്ക് പെട്ടെന്നുള്ള താമസസൗകര്യ മാറ്റവും പുതിയ ആൾക്കാരുമായുള്ള സമ്പർക്കവും മോശമായ അവസ്ഥയും ഒഴിവാക്കാനുള്ള ഹാഫ് വേ ഹോംസ് ഫോർ അസിസ്റ്റഡ് ലിവിങ് ഫോർ അഡൽട്ട്സ് ആണ് മൂന്നാമത്തെ ഘടകം.
സ്വയം ചലിക്കാൻ സാധിക്കാത്തവർക്ക് പ്രത്യേക പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഹൈ ഡിപൻഡൻസി കെയർ ഫോർ ടോട്ടലി ബെഡ് റിഡൺ എന്ന നാലാം ഘടകം. കേരളത്തിന്റെ മാതൃകാപദ്ധതിയായി സാമൂഹിക നീതി വകുപ്പാണ് പുനരധിവാസ ഗ്രാമം വിഭാവനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.