കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ കേസിൽ സുപ്രീംകോടതി നിർദേശിച്ച അഞ്ചുലക്ഷം രൂപയോ ബാക്കി തുകയോ ലഭിക്കാനുള്ളവർക്ക് നാലാഴ്ചക്കകം അത് നൽകണമെന്ന് സുപ്രീംകോടതി. കോൺഫഡറേഷൻ ഓഫ് എൻഡോസൾഫാൻ റൈറ്റ്സ് വിക്ടിംസ് കലക്ടീവ് എൻഡോസൾഫാൻ ഇരകളായ എട്ടുപേർ മുഖേന സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
കെ.ജി. ബൈജു, ടി.വി. അശോകുമാർ, മധുസൂദനൻ, സജി, ശാന്ത, ശാന്ത കൃഷ്ണൻ, എം.വി. രവീന്ദ്രൻ, പി.ജെ. തോമസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. നഷ്ടപരിഹാരം ലഭിക്കാനുള്ള എല്ലാവർക്കും വിധി ബാധകമാണ്. ഇരകളുടെ പട്ടികയിലുള്ള 6728 പേരിൽ 1446 പേർക്കാണ് ഇതുവരെ അഞ്ചുലക്ഷം പൂർണമായും കിട്ടിയത്. 1568 പേർക്ക് മൂന്നുലക്ഷം മാത്രമാണ് ലഭിച്ചത്. ഇവർക്ക് ബാക്കിവരുന്ന തുകയായ രണ്ടുലക്ഷം ലഭിക്കുന്നതിനു വിധി സഹായകമാകും. 3714 പേർക്ക് അഞ്ചുലക്ഷം പൂർണമായും കിട്ടാനുണ്ട്. ഇവർക്കും ആശ്വാസകരമാണ് വിധി.
ദേശീയ മനുഷ്യാവകാശ കമീഷന്റെ ശിപാർശ പ്രകാരം 2017ലാണ് സുപ്രീം കോടതി നിർണായക ഉത്തരവു പുറപ്പെടുവിച്ചത്. വിധി വന്ന് അഞ്ചു വർഷം കഴിഞ്ഞിട്ടും പൂർണമായും നടപ്പാക്കാൻ സർക്കാറിനു കഴിഞ്ഞില്ല. ചികിത്സ പ്രശ്നങ്ങളും ഹരജിക്കാർ ചൂണ്ടിക്കാണിച്ചു. ഹരജിയിൽ പറഞ്ഞിരിക്കുന്ന പാലിയേറ്റിവ് പ്രശ്നം പ്രത്യേക ഹരജിയായി പരിഗണിക്കുമെന്ന് കോടതി പറഞ്ഞു. ഹരജിക്കാർക്കു വേണ്ടി അഡ്വ. പി.എസ്. സുധീർ ഹാജരായി. വിധിയിൽ സന്തോഷമുണ്ടെന്ന് ആക്ടിവിസ്റ്റും എഴുത്തുകാരനുമായ എം.എ. റഹ്മാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.