തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകൾ നീതിതേടി വീണ്ടും സെക്രട്ടേറിയറ്റിനുമുന്നിൽ. 2017ൽ നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരകളെന്ന് കണ്ടെത്തുകയും പിന്നീട് ഒഴിവാക്കുകയും ചെയ്ത 1031 പേരെ പട്ടികയിലുൾപ്പെടുത്തണമെന്ന ആവശ്യവുമായാണ് അവശതകൾക്ക് നടുവിലും ഇവർ തലസ്ഥാനത്തേക്ക് വണ്ടികയറിയത്. സെക്രട്ടേറിയറ്റ് പരിസരവും സമരമുഖവും ഇവർക്ക് അപരിചിതമല്ലാതായിട്ട് ഏറെയായെങ്കിലും അവഗണനയോടുള്ള പ്രതിഷേധത്തിനൊപ്പം അധികാരികൾ കനിയുമെന്ന പ്രത്യാശയുമായിരുന്നു ഇവരുടെ മുദ്രാവാക്യങ്ങളിൽ മുഴങ്ങിക്കേട്ടത്. വീണ്ടും ഒരേ കാര്യം പറയേണ്ടിവരുന്നതിൽ സങ്കടമുണ്ടെന്നും ആത്മാർഥതയുണ്ടെങ്കിൽ നിമിഷങ്ങൾക്കകം അധികാരികൾക്ക് പരിഹരിക്കാവുന്ന വിഷയമാണ് വലിച്ചുനീട്ടുന്നതെന്നും സമരം ഉദ്ഘാടനം ചെയ്ത് ഡോ.ഡി. സുരേന്ദ്രനാഥ് പറഞ്ഞു.
വിദഗ്ധ സമിതിയാണ് 2017ലെ ക്യാമ്പിൽ 1905 പേർ ഇരകളാണെന്ന് കണ്ടെത്തിയത്. ഇതെങ്ങനെ 287 ആയി ചുരുങ്ങി എന്നതിന് സർക്കാർ ഉത്തരം പറയണം. പലവട്ടം സമരം ചെയ്തപ്പോൾ ആദ്യം 76 പേരെയും പിന്നീട് 511 പേരെയും പട്ടികയിലുൾപ്പെടുത്തി. 1905 പേരുടെ പട്ടിക ശരിയാണെന്നാണ് സമരം ചെയ്യുമ്പോഴുള്ള ഈ ഉൾപ്പെടുത്തൽ അടിവരയിടുന്നത്. ആറു വർഷമേ എൻഡോസൾഫാന്‍റെ ആഘാതമുണ്ടാകൂവെന്നും 2005ൽ എൻഡോസൾഫാൻ നിരോധിച്ചതിനാൽ 2011ന് ശേഷം ഇരകൾ ഉണ്ടാകില്ലെന്നുമാണ് പുതിയ സർക്കാർ ഉത്തരവ്. ഏത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ സമയപരിധി നിശ്ചയിച്ചത്. വിഷം തുപ്പുന്ന കമ്പനികൾക്കുവേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നതെന്നാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. അവസാനത്തെയാൾക്കും നീതി ലഭിക്കും വരെ തങ്ങൾ സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേരി സുരേന്ദ്രനാഥ്, മിർസാദ് റഹ്മാൻ, സീറ്റാ ദാസ്, ഷൈനി, സുബൈർ, എ. ഷാജർഖാൻ, അമീൻ റിയാസ്, കരീം ചൗക്കി, ശിവകുമാർ എൻമകജെ, ഹമീദ് ചേരൈങ്ക, ജയിൻ പി. വർഗീസ്, സീതി ഹാജി, സി.എച്ച്. ബാലകൃഷ്ണൻ, പ്രമീള ചന്ദ്രൻ, മനോജ് ഒഴിഞ്ഞവളപ്പ്, ഖദീജ മൊഗ്രാൽ, കനകരാജ്, മിഷാൻ റഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.