കാസർകോട് മാത്രമല്ല, പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായ ത്തിലുമുണ്ട് എൻഡോസൾഫാൻ കീടനാശിനിയുടെ ഇരകൾ. ഇവിടെ 50ലേറെ കുട്ടികൾ മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നതായ ാണ് പഞ്ചായത്ത് കണക്ക്. ഒരുകാലത്ത്, 500 ഹെക്ടറിലായി വ്യാപിച്ചുകിടന്ന പ്ലാേൻറഷൻ കോർപറേഷെൻറ കശുവണ്ട ിത്തോട്ടത്തിൽ വ്യാപകമായി എൻഡോസൾഫാൻ തളിച്ചതിെൻറ ചരിത്രമുണ്ട് ഈ പ്രദേശത്തിന്. കേരളം കാണാതെ പോകുന്ന, മണ്ണാർക്കാട്ടെ എൻഡോസൾഫാൻ ഗ്രാമങ്ങളുടെ വർത്തമാനം അന്വേഷിക്കുന്നു...
അന്ന്, തലക്കുമുകളിൽ മരച ്ചില്ലകൾക്കു മീതെ വലിയ ശബ്ദത്തിൽ ഹെലികോപ്ടർ ചിറകടിച്ചു നീങ്ങി. മഴപോലെ മരങ്ങൾക്കു മീതെ മരുന്ന് വീണു. പിന ്നൊരുനാൾ ജനങ്ങൾ തിരിച്ചറിഞ്ഞു. പിറന്നുവീണ കുട്ടികളിലായിരുന്നു ആദ്യ ലക്ഷണങ്ങൾ. താഴ്വാരത്തുനിന്നും നിലവിളി കളുയർന്നു. പുറത്തെ ശബ്ദഘോഷത്തിൽ അലിഞ്ഞുപോയ അവ ആരും കേട്ടതേയില്ല.
* * * *
എൻഡോസൾഫാൻ കീടനാശിനി ചില പ്രദ േശങ്ങളുടെയും അവിടത്തെ ജീവജാലങ്ങളുടെയും വർത്തമാനവും ഭാവിയും എങ്ങനെയാണ് മാറ്റിത്തീർത്തതെന്ന് കാസർകോട്ടു നിന്ന് കേരളം പഠിച്ചു. കാസർകോടിന് പുറത്തും ഇതേ മരുന്ന് ഉപയോഗിച്ചതിനും ഇപ്പോഴും സൂക്ഷിക്കുന്നതിനും തെള ിവുകൾ ഏറെ. ഇവിടങ്ങളിലെ ജീവിതങ്ങളെക്കുറിച്ച് വേണ്ടത്ര പഠനം നടക്കുകയോ അവയൊന്നും വേണ്ടവിധം ചർച്ചചെയ്യപ്പെട ുകയോ ഉണ്ടായിട്ടില്ല. തീരാദുരിതങ്ങളിലേക്ക് അപ്പോഴും പലയിടങ്ങളിലായി കുട്ടികൾ ജനിച്ചുവീണു. അവിടങ്ങളിലെല്ലാ ം രോഗകാരണം എൻഡോസൾഫാനോ അല്ലയോ എന്ന തർക്കം സംശയങ്ങളായി നിലനിർത്തി അധികൃതർ കൈകഴുകി.
മണ്ണാർക്കാട് ^കൃഷി പ്രധാന വരുമാനമാർഗമായി ഇപ്പോഴും നിലനിൽക്കുന്ന പാലക്കാടൻ ഗ്രാമമാണ്. പശ്ചിമഘട്ട മ ലനിരകളിലേക്ക് നീളുന്ന അതിർത്തികൾ. പരുത്തിമല, മെഴുകംപാറ, തത്തേങ്ങലം ഗ്രാമത്തിെൻറ അടയാളമായ മലനിരകളിൽ പ് ലാേൻറഷൻ േകാർപറേഷെൻറയും വ്യക്തിയുടെയും തോട്ടങ്ങളാണ്. കശുവണ്ടിയും റബറുമാണ് കൃഷി. നിരോധനം വരെ ഹെലി കോപ്ടറിൽ എൻേഡാസൾഫാൻ തളിച്ച മലഞ്ചരിവാണ്. താഴ്ഭാഗത്ത് വാഴയും നെല്ലും പച്ചക്കറികളും വിളയുന്ന ഇടം. ഇടക്ക് അവയെ വിഭജിക്കുന്ന പാലക്കാട് ദേശീയപാത.
മണ്ണാർക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ചില വീടുകൾക ്ക് പക്ഷേ, ആ സൗന്ദര്യമില്ല. വീടിന് അഴകും വെളിച്ചവുമാകേണ്ട കുട്ടികൾ ഇവിടെ അസ്വസ്ഥതയോടെ പുറത്തേക്ക് നോക് കിയിരിപ്പാണ്. നിൽക്കാനോ ഇരിക്കാനോ നടക്കാനോ കഴിയാത്ത കുട്ടികൾ. മാനസിക, ശാരീരിക വളർച്ചയില്ലാത്ത മറ്റു ചിലർ. അവർക്കിടയിൽ ക്ഷമയും സഹനവും തിന്ന് നീറിനീറി കഴിയുന്ന രക്ഷിതാക്കൾ. വീടുകളിൽ കയറിയിറങ്ങിയാൽ ഏതു ജീവിതം ആദ്യം പ റയണം എന്ന ആശയക്കുഴപ്പത്തിലാകും. എല്ലാം പറയേണ്ടവയും അറിയേണ്ടവയുംതന്നെ.
* * * *
കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഒന്ന്, 19 വാർഡുകൾ സംഗമിക്കുന്ന ഭൂപ്രദേശത്തെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ 20ലേറെ കുട്ടികൾ ശാരീരിക, മാനസിക വെല ്ലുവിളികൾ നേരിടുന്നവരാണ്. ഇവിടങ്ങളിലെ ഇത്തരത്തിലുള്ള ആറു കുട്ടികൾ അടുത്തിടെയായി മരിച്ചതായി പ്രദേശവാസികൾ പ റയുന്നു. തെങ്ങര, കോേട്ടാപ്പാടം, മണ്ണാർക്കാട് മേഖലകളിലായി ഒറ്റപ്പെട്ട് വേറെയും കുട്ടികൾ ദുരിതം നേരിടുന്നു . കാലുകൾ വളഞ്ഞുപോകുക, ഇരിക്കാനും നടക്കാനും കഴിയാനാകാത്ത അവസഥ, തലച്ചോറിെൻറ വളർച്ചക്കുറവ്, തല വലുതാകുക, അപസ്മാരം, സംസാരശേഷി ഇല്ലായ്മ -സമാനമാണ് എല്ലാ കുട്ടികളുടെയും ശാരീരിക, മാനസിക പ്രയാസങ്ങൾ.
പ്രസവസമയം ഇതിെൻറ ലക്ഷണങ്ങൾ ചിലരിലൊന്നും പ്രകടമായിരുന്നില്ല. പതിയെ കാലുകൾ വളഞ്ഞും പ്രായം കൂടുന്ന തോടെ നടക്കാനും നിൽക്കാനും വയ്യാത്ത നിലയിലും ചില കുട്ടികൾ സ്വാഭാവിക ശാരീരിക പ്രക്രിയകളിൽ പിറകോട്ടുപോകുന് നു. പിന്നെ തീർത്തും കിടപ്പിലാകുന്നു. ചില കുട്ടികൾക്ക് തിരിഞ്ഞുകിടക്കാൻ പോലും പരസഹായം വേണം. പഞ്ചായത്തിലെ 50ലേ റെ കുട്ടികൾ മാനസിക, ശാരീരിക വെല്ലുവിളികൾ നേരിടുന്നതായാണ് പഞ്ചായത്ത് കണക്ക്. ഇതിൽ നാൽപതോളം കുട്ടികൾ മാനസ ിക വളർച്ചയില്ലാത്തവരാ്ണ്. പഞ്ചായത്തിൽ ആനുകൂല്യങ്ങൾക്ക് എത്തിയ അപേക്ഷകരുടേതു മാത്രമാണ് ഇൗ എണ്ണം. ഇതിൽ ഉൾ പ്പെടാത്തവർ ഇനിയും പുറത്തുണ്ടായേക്കാം.
രണ്ടു ദശകത്തിലേറെയായി ഇൗ പ്രദേശങ്ങളോട് ചേർന്ന വിയംകുറിശിയിൽ പ ്രവർത്തിക്കുന്ന ഫെയ്ത്ത് ഇന്ത്യ സ്പെഷൽ സ്കൂളിലെ കുട്ടികളുടെ എണ്ണം 240. ഇതിൽ ഏറെയും ഇൗ പരിസരപ്രദേശങ്ങളിൽ ത ാമസിക്കുന്നവർതന്നെ. തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിച്ചിരുന്ന കാലത്ത് ജീവിച്ചിരുന്നവരുടെ മക്കളോ ചെറുമക്കളോ ആണ് കുട്ടികളിൽ ഭൂരിഭാഗവും. തോട്ടത്തോട് ചേർന്ന കോേട്ടാപാടത്തു നിന്നുമാത്രം 16 കുട്ടികൾ സ്കൂളിലുണ്ട്. പ ഞ്ചായത്തിലെതന്നെ ചില ഭാഗങ്ങളിൽ അർബുദ മരണങ്ങളും കൂടുതലാണ്. കാസർകോെട്ട എൻഡോസൾഫാൻ ദുരിതമേഖലയിലെ കുട്ടികളു ടെ അതേ രൂപങ്ങൾ മണ്ണാർക്കാട്ടും പരിസരങ്ങളിലും കാണാം.
ഇവിടെ പിറന്നുതുടങ്ങിയ കുട്ടികളിൽ വൈകല്യങ്ങൾ കണ്ടുതുട ങ്ങിയത് എന്നുമുതലാണെന്ന് േചാദിച്ചാൽ ആർക്കും കൃത്യതയില്ല. തലമുറകളിലേക്ക് പടരുംവിധം എന്താണ് തങ്ങളെ പിന് തുടരുന്നത് എന്നതിന് ഇൗ കുട്ടികളുടെ രക്ഷിതാക്കൾക്കെല്ലാം ഒരേ ഉത്തരമുണ്ട് -വർഷങ്ങൾക്കു മുമ്പത്തെ ആ വിഷമഴ. അതിത്ര മാരകമായിരുന്നുവെന്ന് ഇപ്പോഴാണ് ബോധ്യപ്പെടുന്നതെന്നും നാട്ടുകാർ. എന്നാൽ, രോഗകാരണം എന്തെന്ന് ഉറപ്പിച്ചുപറയാൻ ഇവരുടെ കൈയിൽ ശാസ്ത്രീയ തെളിവുകളൊന്നുമില്ല. നിത്യദുരിതത്തിൽ ജീവിക്കുന്ന കുറച്ചു കുട്ടികൾതന്നെ സാക്ഷി. അവർ ചോദ്യചിഹ്നമായി ബാക്കിയാകുന്നു. നൊട്ടമലയിലായിരുന്നു പ്ലാേൻറഷൻ േകാർപറേഷെൻറ ഹെലിപാട്. നൊട്ടമല വളവിനും ചിറക്കൽപടിക്കുമിടയിലാണ് അസുഖബാധിതരായ കൂടുതൽ കുട്ടികളും.
മെഴുകുതിരി ജീവിതങ്ങൾ
മുഹമ്മദ് റിയാനും സജാദും പ്രദേശത്തിെൻറ നൊമ്പരമാണ്. 18 വയസ്സായ രണ്ടുപേർ. പുറം കാഴ്ചകളിലേക്കൊന്നും ചെന്നെത്താനാകാതെ വെറും നിലത്ത് ഒരേ കിടപ്പിൽ. തിരുത്തിയാൽ മുജീബിെൻറയും ബുഷറയുടെയും മകൻ മുഹമ്മദ് റിയാന് എഴുന്നേൽക്കാനോ സംസാരിക്കാേനാ കഴിയില്ല. വളഞ്ഞ കൈകാലുകളുമായി കിടക്കാൻ മാത്രമേ കഴിയൂ. തിരിഞ്ഞുകിടക്കാൻപോലും പരസഹായം ആവശ്യം. തലച്ചോറിെൻറ വളർച്ചക്കുറവാണ് റിയാെൻറ പ്രശ്നകാരണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. അതിനപ്പുറം രക്ഷിതാക്കൾക്ക് ഒന്നുമറിയില്ല. സ്വകാര്യ ബസ് തൊഴിലാളിയാണ് മുജീബ്. മാസം പലതവണ മകനെയുംകൊണ്ട് ആശുപത്രിയിലേക്കോടണം. കുട്ടിയുമായി അവർ ചെന്നുകയറാത്ത ആശുപത്രികളില്ല. എന്നിട്ടും ഒരു മാറ്റവുമില്ല. കരഞ്ഞുകലങ്ങിയ കണ്ണുകളും നടന്നുതേഞ്ഞ കാലുകളും ബാക്കി.
റിയാെൻറ തൊട്ട് അയൽക്കാരനാണ് സജാദ്. ഇരു വീടുകൾക്കുമിടയിൽ മതിലോ വേലിയോ ഇല്ല. ഒരേ മുറ്റം ഒരുമിച്ച് പങ്കിടുന്നവർ. വീട്ടിലേക്ക് കയറുേമ്പാൾ ഉമ്മറപ്പടിയിൽ പുറത്തേക്ക് നോക്കി കിടപ്പാണ് സജാദ്. അരികിൽ ഒരു കളിവണ്ടി. 18 വയസ്സായി, ഇപ്പോഴും സജാദിന് കൂട്ട് ഇൗ കളിവണ്ടിതന്നെ. കിടന്ന കിടപ്പിൽ നിരങ്ങിനീങ്ങാനേ സജാദിന് കഴിയൂ. അവശത അനുഭവിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് ലഭിക്കുന്ന ആശ്വാസകിരൺ പദ്ധതിക്ക് അപേക്ഷ നൽകാൻ പോയിരിക്കുകയായിരുന്നു ഉമ്മ ലൈല. പിതാവ് ഷൗക്കത്തലി കൂട്ടിനുണ്ട്.
ജനിച്ച് നാലാംമാസത്തിലാണ് സജാദിെൻറ ജീവിതം മാറിത്തുടങ്ങിയതെന്ന് ഷൗക്കത്തലി. പെെട്ടന്നൊരുനാൾ പനി വന്നു. രണ്ടും മൂന്നും ദിവസം കഴിഞ്ഞിട്ടും മാറിയില്ല. തല വലുതായി വരുന്നുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ കുടുംബം ഞെട്ടി. പിന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക്. ഒാപറേഷൻ നടത്തി തലയിൽനിന്ന് വയറ്റിലേക്ക് ട്യൂബിട്ടു. മാറ്റമൊന്നുമുണ്ടായില്ല. സജാദ് വളരുംതോറും കൈകാലുകൾ വളഞ്ഞുവന്നു. കിടപ്പല്ലാെത ഒന്നിനും കഴിയാതെയായി. മകനെ നോക്കിയും അവനെക്കുറിച്ചോർത്ത് ആവലാതിപൂണ്ടും ഇൗ കുടുംബം ദിനങ്ങൾ തള്ളിനീക്കുന്നു. അഞ്ചുവർഷം ഗാരൻറി പറഞ്ഞ് തലയിൽനിന്നിട്ട ട്യൂബിന് 17 വയസ്സു കഴിഞ്ഞു. ഇനി എന്തുചെയ്യണം എന്ന് ഷൗക്കത്തലിക്ക് അറിയില്ല.
ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയായ വീടിെൻറ കോലായിൽ മിനുസപ്പെടുത്താത്ത നിലത്ത് കിടക്കുന്ന മകനു നേരെ നോക്കി ഷൗക്കത്തലി. വേനൽച്ചൂടിനേക്കാൾ നോവ് അദ്ദേഹത്തിെൻറ ഉള്ള് പൊള്ളിക്കുന്നുണ്ടെന്നു േതാന്നി. സജാദ് അടക്കം മറ്റു മക്കെളയും കുടുംബവും നോക്കുന്ന ഷൗക്കത്തലിക്ക് വരുമാനമാർഗം നടത്തുന്ന ചായക്കടമാത്രമാണ്. മകന് കൂട്ടിനെപ്പോഴും ആളുവേണം. ഭാര്യ പുറത്തിറങ്ങിയാൽ ഷൗക്കത്തലി കൂട്ടിരിക്കും. എന്തുകൊണ്ടാണ് ഇൗ കുട്ടികൾക്കിങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമായി ഷൗക്കത്തലി പിറകിലെ റബർതോട്ടത്തിലേക്ക് വിരൽചൂണ്ടി. തോട്ടങ്ങളിൽ മരുന്ന് തളിക്കുന്ന കാലം മുതലേ അയൽക്കാരായിരുന്നു രണ്ടു കുടുംബവും.
ഇൗ രണ്ടു വീടുകൾക്കും എതിർവശത്തായി ദേശീയപാതയോരത്ത് അൽപം ഉള്ളിലേക്കായി മറ്റൊരു വീടുണ്ട്. ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ നേരിടുന്ന 15 വയസ്സുകാരനായ അഭിജിത് അവിടെയാണ്. മകെൻറ ചികിത്സക്കായി ലക്ഷങ്ങൾ പിതാവ് ചെലവഴിച്ചുവെങ്കിലും അഭിജിത്തിന് ഇപ്പോഴും മാറ്റങ്ങളൊന്നുമില്ല. ഇരിക്കാനും നടക്കാനും സംസാരിക്കാനുമാകാതെ ജീവിതം മുന്നോട്ടുപോകുന്നു.
നാലു പെൺകുട്ടികൾ, ഒരേ അനുഭവങ്ങൾ
34 വയസ്സുകാരി ഷമീറ, 30 വയസ്സുകാരി ഷാഹിന- വിധി ഒരേ വീട്ടിലെ രണ്ടു പെൺകുട്ടികളെ വീടിനകത്തുതന്നെ ഒതുക്കി. രണ്ടുപേർക്കും നടക്കാൻ കഴിയില്ല. ചെറിയൊരു വീട്ടിൽ നാലു സഹോദരങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം ഈ സഹോദരികളും അരിഷ്ടിച്ച് കഴിയുന്നു. പ്രായം ഏറെ ആയെങ്കിലും പിതാവ് കുഞ്ഞയമു ഇപ്പോഴും ചെറിയ ജോലികൾക്ക് പോകുന്നുണ്ട്. ‘‘ജനനസമയത്ത് ഒന്നും തോന്നിയിരുന്നില്ല. പിന്നെ ചില പ്രയാസങ്ങൾ കണ്ടു. ഡോക്ടർമാർ പലതും പറഞ്ഞു. ഒന്നും ശരിയായില്ല’’ ^ കുഞ്ഞയമു പറഞ്ഞു. അന്ന് കുട്ടികളെ വല്ലതും പഠിപ്പിക്കാൻ വിടാമായിരുന്നു, വലിയ പ്രയാസങ്ങളൊന്നും ഇല്ലാത്തതിനാൽ എന്തെങ്കിലും ജോലികൾ കിട്ടിയേനെ. നാളെ എങ്ങനെ കഴിയുമെന്ന് ഒരുറപ്പുമില്ല, വിഷമത്തോടെ ആ പിതാവ് തല താഴ്ത്തി. അരികിൽ അവ കേട്ടുനിന്ന ഷമീറയുടെയും ഷാഹിനയുടെയും മുഖത്തും അേപ്പാൾ അതേ ഭാവം.
കുന്നിൻചരിവിലെ ആസ്ബസ്േറ്റാസ് മേൽക്കൂരയുള്ള വീട്ടിലെ അകമുറിയിൽ കാൽനീട്ടി കട്ടിലിൽ ചാരിയിരിക്കുകയാണ് ഷഫീഖ്. ഇടതുകാലിലെ ഉണങ്ങാത്ത മുറിവിൽ തുണി ചുറ്റിയിരിക്കുന്നു. രണ്ടു വർഷം ആകാറായി ഇതേ ഇരിപ്പിൽ. പാലക്കാട് ടൗണിൽ ലോഡിങ് തൊഴിലാളി ആയിരുന്ന ഷഫീഖ് ഡ്രൈവിങ്ങിനിടെ രക്തസമ്മർദം കുറഞ്ഞ് വീണുപോകുകയായിരുന്നു. ഇതിനിടെ കാല് പൊട്ടി. ഒാപറേഷൻ നടത്തി കമ്പിയിട്ടു. അത് ശരീരത്തിൽ പിടിക്കാത്തതിനാൽ മുറിവ് ഉണങ്ങിയില്ല. ഇതോടെ ഒരു േജാലിക്കും പോകാനാകാതെ കട്ടിലിൽ ഒതുങ്ങി.
എത്തിയത് ഷഫീഖിെൻറ മകൾ ഷഫ്നയെ അന്വേഷിച്ചായിരുന്നു. ഷഫീഖിന് താഴെ നിലത്ത് ഷഫ്നയെ കണ്ടു. അനുജനൊപ്പം കളിയിലായിരുന്നു ഒമ്പതുവയസ്സുകാരി. വളഞ്ഞുപോകുന്ന കാലുകൾകൊണ്ട് എഴുന്നേൽക്കാനോ നടക്കാനോ ആകില്ല. പ്രയാസങ്ങൾക്കിടയിലും നിർത്താതെ അവ്യക്തമായെങ്കിലും സംസാരിച്ചും ചിരിച്ചും വീട്ടിൽ ചലനങ്ങളുണ്ടാക്കുന്നു ഷഫ്ന. അംഗൻവാടിയിലും പോകുന്നുണ്ട്. കൈകാലുകളുടെ ശരിയായ വളർച്ചക്ക് ഫിസിേയാതെറപ്പി െചയ്യാൻ ഡോക്ടർമാർ നിർദേശിച്ചതാണ്. അതിന് എവിടെ പണം. ചികിത്സയുടെ ഭാഗമായി ഷഫ്നക്ക് ഒരു ഷൂസുണ്ടായിരുന്നു പണ്ട്. അതിപ്പോൾ ചെറുതായി. പുതിയതിന് നാലായിരം രൂപയോളം വിലവരും. അതുകൊണ്ട് വാങ്ങൽ നീണ്ടുപോയി. ഇൗ കാര്യം അറിഞ്ഞ് സഹായവാഗ്ദാനവുമായി ചിലർ വിളിച്ചിരുന്നു. ബി.ആർ.സി വഴി ഷൂസ് കിട്ടുമെന്ന് പ്രതീക്ഷയുള്ളതിനാൽ ആ പണം മറ്റ് ആവശ്യങ്ങൾക്ക് തന്നുകൂടേ എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഷഫീഖിെൻറ സുഹൃത്ത് നൗഷാദ് പറഞ്ഞു.
പ്രായം കൂടുംതോറും മകളുടെ പ്രയാസങ്ങൾ കൂടിവരുമോ എന്ന ആധിയിലാണ് ഷഫീഖ്. മൂന്നു വയസ്സായ ഒരാൺകുട്ടികൂടിയുണ്ട് വീട്ടിൽ. ഭാര്യ റഫീഖയും സംസാരശേഷിയില്ലാത്ത സഹോദരിയും ഇവർക്കൊപ്പമുണ്ട്. ഒരു തൊഴിലിനും പോകാനാകാതെ ഷഫീഖ് നിസ്സഹായനായി ഇവരെ േനാക്കി വീട്ടിലിരിക്കുന്നു. ഒരുനാൾ മകൾ സ്വയം എഴുേന്നൽക്കുമെന്നും നടക്കുമെന്നും അയാൾ സ്വപ്നം കാണുന്നു.
* * * *
മിടുക്കിയാണ് നസീഹയെന്ന പതിനാലുകാരി. കഥകളും എഴുത്തും ഏറെ ഇഷ്ടമുള്ളവൾ. വീട്ടിലെത്തുേമ്പാൾ ‘ഗാന്ധിജി’യെ വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്തുള്ളവരെല്ലാം നസീഹക്ക് പുസ്തകങ്ങൾ എത്തിച്ചുനൽകും. വീട്ടിലിരുന്ന് പഠിച്ച് ഇത്തവണ എട്ടാം ക്ലാസ് വിജയിച്ചു. ടീച്ചർ ആഴ്ചയിൽ രണ്ടു ദിവസം വീട്ടിലെത്തി പഠിപ്പിക്കും. പഠിച്ചൊരു ജോലിനേടണം -വീൽ ചെയറിൽ ഇരുന്ന് നസീഹ സ്വപ്നങ്ങൾ നെയ്യുകയാണ്. രണ്ടു വയസ്സായിട്ടും നടക്കാൻ കഴിയാതെ വന്നപ്പോഴാണ് നസീഹയെ ശ്രദ്ധിച്ചതെന്ന് പിതാവ് നൗഷാദ് പറഞ്ഞു. പിന്നെ സമീപത്തെ മറ്റു കുട്ടികളെേപ്പാലെ നൗഷാദും മകളുമായി പലവഴി ഒാടി. ഇന്നും തുടരുന്ന ഒാട്ടം.
ഒരച്ഛെൻറ വിരമിക്കൽ ജീവിതം
ചാമിക്കുട്ടിയുടെയും സതീഷ്കുമാറിെൻറയും ജീവിതംകൂടി പറയാതെ ഇൗ എഴുത്ത് അവസാനിപ്പിക്കാനാകില്ല. ഏഴുവർഷം മുമ്പ് പ്ലാേൻറഷൻ കോർപറേഷനിൽ തൊഴിലാളിയായിരുന്ന ചാമിക്കുട്ടി ഇപ്പോൾ കോഴികളെ വളർത്തി ജീവിക്കുന്നു. കൂട്ടിന് 37കാരൻ മകൻ സതീഷ്കുമാറുണ്ട്. നെട്ടല്ലു കൂടിക്കലർന്ന് വളർച്ച നിലച്ച സതീഷ്കുമാറിനിപ്പഴും എട്ടുവയസ്സുകാരെൻറ രൂപം. ബുദ്ധിമാന്ദ്യവുമുണ്ട്. മെലിഞ്ഞുണങ്ങിയ കൈകാലുകൾ. വളഞ്ഞുപോയ പുറവും മുതുകും. മുട്ടുവരെ നീളുന്ന ട്രൗസറും അതിനെ താങ്ങിനിർത്തുന്ന വീതിയുള്ളൊരു ബെൽറ്റും. വളർച്ച നിലച്ചുപോയ ഇൗ യുവാവിെൻറ ജീവിതം വീടിനും പറമ്പിനും ചുറ്റും കറങ്ങുന്നു. ഒരടി മുന്നേറാതെ, ഒരേ വഴിയിൽ.
ചാമിയുടെ വീട്ടുപറമ്പ് അവസാനിക്കുന്നിടത്ത് മലഞ്ചരിവിൽ തോട്ടങ്ങൾ ആരംഭിക്കുകയാണ്. പരുത്തിമലയുടെ നെറുകയിലേക്ക് നീളുന്ന മരങ്ങൾ. മലയുടെ ഉയരംകൂടിയ ഭാഗത്തേക്ക് ചാമി വിരൽചൂണ്ടി. അതിനുമപ്പുറമാണ് നരിപ്പാറ. അവിടെനിന്നാണ് ഹെലികോപ്ടറിൽ എൻഡോസൾഫാൻ നിറച്ചിരുന്നത്. ടിന്നിൽനിന്ന് ഹെലികോപ്ടറിെൻറ ബാരലിലേക്ക് മരുന്ന് നിറക്കാൻ തൊഴിലാളികൾക്ക് വലിയ സുരക്ഷയൊന്നും നൽകിയിരുന്നില്ല. ഒരു തോർത്ത് തലയിൽ കെട്ടാൻ തരും, അത്രതന്നെ. പൈപ്പ് വായിൽവെച്ച് വലിച്ചെടുത്താണ് ബാരലിൽനിന്ന് മരുന്ന് മാറ്റിയിരുന്നത്. ഇതിത്ര വലിയ വിഷമാണെന്ന് ഒരറിവും ഉണ്ടായിരുന്നില്ല.
പ്ലാേൻറഷെൻറ തുടക്കംമുതലുള്ള ജീവനക്കാരനായിരുന്നു ചാമിക്കുട്ടി. കശുമാവ് വളർന്നതിനും ഹെലിേകാപ്ടർ വന്നതിനുമൊക്കെ സാക്ഷി. മരുന്നടിക്കുേമ്പാൾ ചെറുജീവികൾ ചത്തുകിടന്നിരുന്നത് ഇന്നോർക്കുന്നു. ചെറിയ അരുവികളിൽ മീനുകളും ചത്തുപൊങ്ങിയിരുന്നുവെത്ര. ഹെലികോപ്ടർ പറന്നുനടക്കുന്നത് കാണാൻ ആളുകൾ എത്തുന്നതും പതിവ്. അവരുടെ ദേഹത്തും മരുന്ന് വീണിട്ടുണ്ടാകും -ചാമിക്കുട്ടി പറഞ്ഞുനിർത്തി. അതിെൻറയെല്ലാം ഫലമാകാം മകൻ ഇങ്ങനെ ആയത്. അയാൾ സതീഷ്കുമാറിനെ നോക്കി. അന്ന് കൂടെ ജോലിചെയ്തിരുന്ന പലരും പല രോഗങ്ങൾ വന്നു മരിച്ചുേപായി. കാൻസറായിരുന്നു പലർക്കും. അതിനെക്കുറിച്ച് അന്വേഷിക്കാൻ ആരും വന്നില്ല. അപ്പോഴും ഇതൊന്നും മനസ്സിലാകാതെ മലഞ്ചരിവിലേക്ക് നോക്കിനിൽക്കുകയാണ് സതീഷ്കുമാർ. പണ്ട് മലയിൽ ഹെലികോപ്ടർ മരുന്നുമായി പറക്കുേമ്പാൾ കൗതുകംപൂണ്ട് താെഴ നോക്കിനിന്നവരിൽ അവെൻറ അമ്മയുമുണ്ടായിരുന്നു.
ആധിപേറുന്ന രക്ഷിതാക്കൾ
മക്കളെയോർത്ത് ഉള്ളിൽ ആധിപേറുന്ന രക്ഷിതാവ് ചാമിക്കുട്ടി മാത്രമല്ല. ഒാരോരുത്തരും അങ്ങനെത്തന്നെ. തങ്ങളുടെ കാലശേഷം മക്കളെ ആര്, എങ്ങനെ പോറ്റും എന്ന ആശങ്ക ഒാരോ രക്ഷിതാക്കളിലും പ്രകടം. ചെറിയ വരുമാനവും അതിലേറെ പ്രാരബ്ധവുമുള്ളവരാണ് ഇവരൊക്കെയും. മകളുടെ ചികിത്സക്കായി ഗൾഫ് ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്നതാണ് നൗഷാദ്. ഇതിനിടെ മരുഭൂമിയിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ വീട് വിൽക്കേണ്ടിവന്നു. ഇേപ്പാൾ വാടകവീട്ടിലായി. നാട്ടിൽ ഹോട്ടൽ തുടങ്ങിയെങ്കിലും മുന്നോട്ടുപോകാനാകാത്ത സ്ഥിതി. അസുഖബാധിതരായ കുട്ടികളുടെ രക്ഷിതാക്കളെ സംഘടിപ്പിച്ച് വിഷയം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് നൗഷാദ്.
വീട്ടിൽ ഇരുന്നുപോയ ഷഫീഖിെൻറ ചെലവിന് നാട്ടിൽ പന്തുകളി നടത്തിയാണ് ജനങ്ങൾ പണം സംഘടിപ്പിച്ചുകൊടുത്തത്. അങ്ങനെ പലരും. അപ്പോഴും മക്കളെ ഇവർ കൈവിടുന്നില്ല. ആരും ഇവരുടെ ഉള്ളിലെ നീറ്റൽ അറിയുന്നില്ല. കുട്ടികളുടെ നിലവിളി കേൾക്കുന്നുമില്ല. മറ്റു രോഗങ്ങളുള്ള കുട്ടികളെപ്പോലെയല്ല ഇവർ. ഇടക്കിടക്ക് ഡോക്ടറെ കാണേണ്ടിവരുന്നു. ആശുപത്രിയിലേക്കും ഡോക്ടറുടെ അടുത്തേക്കും പോകാൻ പൊതുവാഹനത്തെ ആശ്രയിക്കാനാകില്ല. ആഹാരവും മരുന്നും ശ്രദ്ധിച്ച് സൂക്ഷ്മതയോടെ പരിചരിക്കണം. മക്കളുടെ അടുത്തുനിന്ന് മാറിനിൽക്കാനുമാകില്ല. കുട്ടികൾ മാത്രമല്ല മുതിർന്നവരും ഇവിടെ തടവിലാണ്. മക്കളുടെ ചികിത്സച്ചെലവ് താങ്ങാനാകാതെ പലരും വൻ സാമ്പത്തിക പ്രയാസത്തിലാണ്.
ഇവരിൽ ഒതുങ്ങുന്നതല്ല മണ്ണാർക്കാെട്ട ദുരിത ജീവിതകഥകൾ. വെളിച്ചത്തിലേക്ക് വരാതെ ഇനിയുമെത്രയോ പേർ പലയിടങ്ങളിലുമായുണ്ട്. അസുഖമുള്ളവർ വീട്ടിലുണ്ടെന്നത് സൃഷ്ടിക്കുന്ന സാമൂഹിക പ്രശ്നങ്ങൾ വേറെയാണ്. ചിലർ ഇത്തരം കുട്ടികൾ വീട്ടിലുള്ള കാര്യം പുറത്തറിയിക്കുന്നുപോലുമിെല്ലന്ന് ഇത്തരം കുട്ടികളുടെ വിഷയത്തിൽ ഇടപെടുന്ന ജെസ്സി എം. ജോയ് സൂചിപ്പിച്ചു. സാധാരണക്കാരുടെ കുട്ടികളെ മാത്രമാണ് ഇങ്ങനെ പുറത്തുകാണുന്നത്. സാമ്പത്തികമായി ഉയർന്ന വീടുകളിൽ നിരവധി കുട്ടികൾ പ്രയാസപ്പെട്ട് കഴിയുന്നുണ്ട്. രണ്ടു വയസ്സുള്ള കുട്ടിയിൽ അസുഖം കണ്ടെത്തിയത് അടുത്തിടെയാണ്. ഇൗ കുഞ്ഞിെൻറ രണ്ടു സഹോദരങ്ങൾക്കും ഇേത അസുഖമായിരുന്നു. അതിലൊരാൾ മരിച്ചു. എന്നിട്ടും കുട്ടികളെ പുറത്തുകാണിക്കാൻ കുടുംബത്തിന് താൽപര്യമില്ല. അസുഖമുള്ള കുട്ടികൾ വീട്ടിലുണ്ടെന്നത് വിവാഹമുൾപ്പെടെ പലകാര്യങ്ങൾക്കും തടസ്സമാകുമെന്ന് ചിലർ ഭയപ്പെടുന്നു. സമൂഹം തങ്ങളുടെ കുട്ടികളെ എങ്ങനെ കാണുമെന്നും ചിലർക്ക് പേടിയുണ്ട്. എന്നാൽ, ഇതെല്ലാം ഇവർക്ക് ലഭിക്കേണ്ട സഹായങ്ങളെ ഇല്ലാതാക്കുന്നുണ്ടെന്നും ജെസ്സി ചൂണ്ടിക്കാണ്ടി.
വിരൽചൂണ്ടുന്നത് മലമുകളിലേക്ക്
പരുത്തിമല, മെഴുകുംപാറ, തത്തേങ്ങലം മലകളിൽ 500 ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്നു പ്ലാേൻറഷൻ കോർപറേഷെൻറ കശുവണ്ടിത്തോട്ടം. പൈനാപ്പിളും കുരുമുളകും പണ്ട് ഇടവിളകളായും ഉണ്ടായിരുന്നു. േതാട്ടത്തിെൻറ ചിലഭാഗങ്ങൾ പിന്നീട് വനത്തിെൻറ ഭാഗമായി. ഇവയോട് ചേർന്ന് വ്യക്തികളുെട റബർതോട്ടങ്ങളുമുണ്ട്. 2001 ജനുവരി അവസാനംവരെ തോട്ടങ്ങളിൽ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം നടത്തിയിരുന്നു. സംസ്ഥാന വ്യാപകമായി നിരോധനം വന്നതോടെയാണ് ഇത് അവസാനിപ്പിക്കുന്നത്.
തോട്ടങ്ങളിൽ നിന്നുള്ള അരുവികളിലൂടെ വെള്ളം സമീപദേശങ്ങളിലേക്ക് ഒഴുകിയെത്തുന്നുണ്ട്. നെല്ലിപ്പുഴയിലേക്കും കൃഷിയിടങ്ങളിലേക്കും നീളുന്ന അരുവികൾ ഇത്തരത്തിൽ ഒരുപാടുണ്ട്. പ്രദേശവാസികൾ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്നവയാണ് ഇവയെല്ലാം. തോട്ടങ്ങളിൽ മരുന്നടിച്ചിരുന്ന സമയം അവ ഒഴുകിയെത്താൻ സാധ്യത ഏറെയെന്ന് ജനം ചൂണ്ടിക്കാട്ടുന്നു. അസുഖബാധിതരായ കുട്ടികളുടെ കുടുംബം തോട്ടങ്ങൾക്കടുത്ത് താമസിച്ചിരുന്നവരാണ്. ഹെലികോപ്ടറിൽ മരുന്ന് തളിക്കുേമ്പാൾ ഒാലകൊണ്ട് കിണറുകൾ മൂടാൻ സമീപവാസികളോട് പറയും. അതുമാത്രമാണ് മുന്നറിയിപ്പ്. ചിലർ കിണറുകൾ മൂടും, ചിലർ ഇവ അറിയാതെ പോകും. അസുഖം പടരാൻ കാരണമായി പലതും ഇപ്പോൾ ഒാർത്തെടുക്കാനാകും. ഇനി പറഞ്ഞിെട്ടന്ത് -ദുരന്തം സംഭവിച്ചുകഴിഞ്ഞല്ലോ എന്ന നിസ്സംഗഭാവമാണ് പലരിലും.
ജനങ്ങളുടെ സംശയം കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് മണികണ്ഠനും പങ്കുവെക്കുന്നു. കാസർേകാെട്ട എൻഡോസൾഫാൻ ഇരകൾക്ക് സമാനമാണ് കാഞ്ഞിരപ്പുഴയിലും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിശദ പഠനം നടത്തി ഭീതി ഒഴിവാക്കണമെന്നും രോഗബാധിതർക്ക് ആരോഗ്യ പരിരക്ഷ നൽകണമെന്നുമുള്ള ആവശ്യവും അദ്ദേഹം ഉയർത്തുന്നു. രോഗബാധിതർ എൻഡോസൾഫാൻ ഇരകളാണെന്ന് തീർത്തുപറയാൻ ഒരു പഠനവും പഞ്ചായത്തിെൻറ കൈവശമില്ല. ഇതുസംബന്ധിച്ച് ജില്ല മെഡിക്കൽ ഒാഫിസർക്കും വകുപ്പ് മേധാവികൾക്കും പഞ്ചായത്ത് നിവേദനം നൽകിയതാണ്. ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽ വീണ്ടും വിഷയം എത്തിച്ച് സർക്കാർ ഇടെപടൽ നടത്താനുള്ള ശ്രമത്തിലാണിപ്പോൾ പഞ്ചായത്ത് അധികൃതർ.
ജില്ല ആരോഗ്യവകുപ്പ് രോഗകാരണം സംബന്ധിച്ച് വർഷങ്ങൾക്കു മുമ്പ് പഠനം നടത്തിയെങ്കിലും സമഗ്രമായിരുന്നില്ല.
ക്യാമ്പിൽ ഭൂരിപക്ഷം കുട്ടികൾക്കും എത്താനുമായില്ല. ഇൗ പ്രദേശത്തെ കുട്ടികളെ ഗൗരവത്തോടെ ആരോഗ്യവകുപ്പ് ശ്രദ്ധിച്ചിട്ടുമില്ല. എൻഡോസൾഫാെൻറ ഫലമായി സെറിബ്രൽ പാൾസിയും ഹൈഡ്രോ സെഫാലസും ലിംബ് അബ്നോർമാലിറ്റിയുമുള്ള കുട്ടികൾ ജനിക്കുമെന്ന് പഠനങ്ങളുണ്ട്. പ്രദേശത്ത് നിരവധി കുട്ടികൾക്ക് സമാന അസുഖം നിലനിൽക്കുന്നത് യാദൃച്ഛികമായി കാണാനാകില്ലെന്നും ജലസ്രോതസ്സുകളിലൂടെ എൻഡോസൾഫാൻ വ്യാപിക്കാനുള്ള സാധ്യത ഉണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. കുട്ടികളിൽ ഭൂരിഭാഗത്തിനും സെറിബ്രൽ പാൾസി വിഭാഗത്തിൽപെട്ട പ്രശ്നങ്ങളാണ് കൂടുതൽ. ആയിരം പ്രസവം നടക്കുേമ്പാൾ മൂന്നുപേരാണ് ഇന്ത്യയിൽ ഇത്തരം കുഞ്ഞുങ്ങളുടെ ശരാശരി. ഇവിടെ ഇത് എത്രയോ ഉയർന്നതാണ്. എൻഡോസൾഫാൻ പ്രത്യാഘാതം മൂന്ന് തലമുറവരെ ബാധിച്ചേക്കാമെന്ന കണ്ടെത്തലുകളും മണ്ണാർക്കാടിെൻറ വിഷയത്തിൽ കണക്കിലെടുക്കുന്നില്ല. എൻഡോസൾഫാൻ ബാധിതപ്രദേശങ്ങളുടെ ഭൂപടത്തിൽ ഒരിടത്തും ഇൗ പ്രദേശം രേഖപ്പെടുത്തിയിട്ടുമില്ല.
‘ഓപറേഷന്‍ ബ്ലോസം സ്പ്രിങ്’
നിരോധനം വന്നതോടെ ബാക്കിവന്ന കീടനാശിനി പ്ലാേൻറഷൻ കോർപറേഷെൻറ ഗോഡൗണിലേക്ക് മാറ്റി. ഇരുമ്പ് ടിന്നുകളിലായിരുന്ന ഇത്. വർഷങ്ങൾ പിന്നിട്ടതോടെ ബാരലുകൾ പൊട്ടി ഒഴുകുന്നു എന്ന പരാതി ഉയർന്നു. ചോർച്ച വന്നതായി ജീവനക്കാർ ചൂണ്ടിക്കാട്ടി. പ്രദേശവാസികൾ ആശങ്കകളുയർത്തി. ഇതോടെ അധികൃതർ ചെറുതായി ഉണർന്നു. എം.എൽ.എയും കലക്ടറും ജില്ല മെഡിക്കൽ ഒാഫിസറും സ്ഥലത്തെത്തി യോഗം സംഘടിപ്പിച്ചു.
2014 ഒക്ടോബർ അവസാനം എന്‍ഡോസള്‍ഫാന്‍ പ്രത്യേക ബാരലിലേക്ക് മാറ്റി. ‘ഓപറേഷന്‍ ബ്ലോസം സ്പ്രിങ്’ എന്ന പേരിട്ട് എൻേഡാസൾഫാൻ സെല്ലിലെ ഡോ. മുഹമ്മദ് അഷീല്‍ നോഡല്‍ ഓഫിസറായി വലിയ സന്നാഹങ്ങളോടെയായിരുന്നു എന്‍ഡോസള്‍ഫാന്‍ ബാരലില്‍ ആക്കിയത്.
കീടനാശിനി നിര്‍വീര്യമാക്കാതെ ആയിരുന്നു മാറ്റൽ. കാസർകോട് അവലംബിച്ച രീതിതന്നെയായിരുന്നു മണ്ണാർക്കാടും. നാട്ടുകാരുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നെങ്കിലും അതേവർഷം ഡിസംബർ അവസാനത്തോടെ ഇവിടെനിന്ന് കൊണ്ടുപോകും എന്ന് അധികൃതർ ഉറപ്പിച്ചുപറഞ്ഞ് മുറി പൂട്ടി സീല്‍ ചെയ്തു. ഇരകളെക്കുറിച്ച് പ്രത്യേക പഠനം നടത്തുമെന്ന് കലക്ടർ കെ. രാമചന്ദ്രൻ ജനങ്ങൾക്ക് ഉറപ്പുനൽകി. വര്‍ഷങ്ങൾ പിന്നെയും കഴിഞ്ഞു. കീടനാശിനി ഇവിടന്ന് കൊണ്ടുപോകുന്നത് സംബന്ധിച്ച് ഒരു നടപടിയും ആയില്ല. ഉറപ്പുനൽകിയ പ്രത്യേക പഠനത്തിന് എന്ത് സംഭവിച്ചു എന്നും നാട്ടുകാർക്കറിയില്ല.
പ്ലാേൻറഷന് ഓഫിസിെൻറ ഭാഗമായുള്ള ഒരു മുറിയിലാണ് നിലവിൽ 300 ലിറ്ററോളം എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിട്ടുള്ളത്. തൊഴിലാളികളും ഓഫിസിലെ ജീവനക്കാരും നിരന്തരമായി ഇതിെൻറ മണം ശ്വസിക്കേണ്ടി വരുന്നതായി ജീവനക്കാർ പറയുന്നു. പ്ലാേൻറഷനിലെ തൊഴിലാളികള്‍ക്ക് വിവിധ രോഗങ്ങൾ പിടിപെട്ടതായും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇവയെക്കുറിച്ചൊന്നും അന്വേഷണം നടക്കുന്നേയില്ല. യു.എന്‍ സുരക്ഷാ മാനദണ്ഡമനുസരിച്ചു പ്രവര്‍ത്തിക്കുന്ന സുരക്ഷ ഏജന്‍സിയെ കണ്ടെത്താന്‍ സാധിക്കാത്തതാണ് എന്‍ഡോസള്‍ഫാന്‍ നിർമാർജനം അനന്തമായി നീളാന്‍ കാരണമായി അധികൃതർ പറയുന്നത്. ഇതോടെ മറ്റിടങ്ങളിലേക്ക് മാറ്റാനുള്ള ശ്രമവും അടഞ്ഞു.
എൻഡോസൾഫാൻ ബാരലുകൾ മാറ്റുന്നതിനു മാത്രമേ ആദ്യഘട്ടത്തിൽ കരാർ ആയിരുന്നുവെന്നും കൊണ്ടുപോകുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണെന്നും സ്ഥലം എം.എൽ.എ അഡ്വ.എൻ. ശംസുദ്ദീൻ പറയുന്നു. ജനങ്ങളുടെ ആശങ്ക അകറ്റേണ്ടതുണ്ട്. നിയമസഭയിലടക്കം പ്രശ്നം ഉന്നയിച്ചാണ് പൊട്ടിയ ബാരലുകളിൽനിന്ന് 2014 എൻഡോസൾഫാൻ പുതിയ ബാരലുകളിലേക്ക് മാറ്റിയത്. ദീർഘകാലം ഇത്തരം ബാരലുകൾ സുരക്ഷിതമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും എൻഡോസൾഫാൻ പൂർണമായും ഇവിടെനിന്ന് നീക്കംചെയ്യണമെന്നും ജനങ്ങളുടെ കൂടെ നിൽക്കേണ്ടതുണ്ടെന്നും എം.എൽ.എ പറയുന്നു. അപ്പോഴും ഇതിന് ആരാണ് മുന്നിട്ടിറങ്ങേണ്ടതെന്ന ചോദ്യം ബാക്കിയാകുന്നു.
ബാരലുകൾക്ക് ചോർച്ചയോ കേടുപാടുകളോ സംഭവിക്കാത്തിടത്തോളം ഇവ സൂക്ഷിക്കുന്നതിൽ പ്രശ്നങ്ങളില്ലെന്ന് ഡോ.മുഹമ്മദ് അഷീല്‍ പറയുന്നു. എൻഡോസൾഫാൻ നിർവീര്യമാക്കാൻ ശാസ്ത്രീയ രീതികളും വലിയ സന്നാഹങ്ങളും വേണ്ടിവരുമെന്നും പ്രശ്നങ്ങൾ ഇല്ലാത്തിടത്തോളം കാലം തിടുക്കം കാേട്ടണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇവ അടുത്തിരിക്കുേമ്പാൾ എങ്ങനെ തങ്ങൾ സുരക്ഷിതരെന്ന് പറയാനാകും എന്നാണ് േതാട്ടം തൊഴിലാളികളുടെയും പ്രദേശവാസികളുടെയും ചോദ്യം. എേപ്പാഴും പൊട്ടുമെന്ന ഭീതിയിൽ ‘ബോംബു’മായി ഇനിയും എത്രകാലം!
* * * *
പഠനങ്ങളും വാർത്തകളും ഏറെ വന്നിട്ടും ദയനീയ ചിത്രങ്ങളായി ചില രൂപങ്ങൾ നമ്മുടെ മുന്നിലെത്തിയിട്ടും കാസർകോെട്ട എൻഡോസൾഫാൻ ഇരകളോട് ഭരണകൂടം എങ്ങനെയാണ് പെരുമാറുന്നത് എന്നതിന് കാലം സാക്ഷിയാണ്. ആ ദുരന്തബാധിതരുടെ ജീവിക്കാനുള്ള പോരാട്ടം സമാനതകളില്ലാത്തതാണ്. ലാഭേച്ഛ വിഷമഴയായി മരങ്ങൾക്കു മീതെ പെയ്തപ്പോൾ നിത്യദുരിതത്തിലേക്ക് ജനിച്ചുവീണവരായിരുന്നു അവർ. നീണ്ട നിലവിളികൾക്കു ശേഷമാണ് ഇരകളായിപ്പോലും അംഗീകരിക്കപ്പെട്ടത്. ജീവിക്കാനുള്ള ആവശ്യങ്ങൾക്കായി വീണ്ടും വീണ്ടും സമരമുഖത്തേക്ക് എത്തേണ്ടിവരുന്നു അവർക്കിപ്പോഴും. ഇൗ കാഴ്ചകൾക്കിടയിൽ മണ്ണാർക്കാെട്ട ദുർബലരായ കുട്ടികളെ കേരളം കാണാതെപോകാനാണ് സാധ്യത കൂടുതൽ.
പ്രദേശത്തെക്കുറിച്ചും അസുഖത്തെക്കുറിച്ചും സമഗ്രമായ പഠനം, കുട്ടികളുടെ ചികിത്സക്കും പഠനത്തിനും തുടർജീവിതത്തിനും പര്യാപ്തമായ പാക്കേജ്, വിദ്യാഭ്യാസ ചികിത്സ സൗകര്യങ്ങൾ, ഭാവിയിൽ രോഗം വരാതിരിക്കാനുള്ള കരുതൽ -ഇതൊക്കെയാണ് പ്രദേശത്തിെൻറ ആവശ്യങ്ങൾ. ഇതൊന്നുമില്ലെങ്കിലും തങ്ങളുടെ ജീവിതം എന്തുകൊണ്ട് ഇങ്ങനെയായി എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാനുള്ള അവകാശമെങ്കിലും ഇൗ കുട്ടികൾക്കും രക്ഷിതാക്കൾക്കുമുണ്ട്. അതിനെങ്കിലും സത്യസന്ധമായ മറുപടി നൽകാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.
('മാധ്യമം' അഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.