തിരുവനന്തപുരം: നിരന്തരം തുടരുന്ന സർക്കാർ വിവേചനത്തിലും അവഗണനയിലും പ്രതിഷേധിച്ച് എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരത്തിലേക്ക്. മാർച്ച് ഒന്നിന് കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ സംസ്ഥാനതല കൺവെന്ഷൻ ചേരുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 16 ആശുപത്രികളിൽ സൗജന്യ ചികിത്സ, മാസംതോറും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും വീടുകളിൽ നടത്തുന്ന പരിശോധന, ആംബുലൻസ് സൗകര്യം എന്നിവ എൻഡോസൾഫാൻ ഇരകൾക്ക് ലഭ്യമാക്കുന്നുണ്ടെന്നാണ് സംസ്ഥാന സർക്കാറിന്റെ അവകാശവാദം. എന്നാൽ, ഇവയൊന്നും അനുഭവതലത്തിൽ ഇല്ല.
കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളജിൽ പേരിന് ഒരു ന്യൂറോളജിസ്റ്റ് ഉണ്ടെങ്കിലും ആവശ്യമായ പരിശോധനാ സൗകര്യം ഇവിടെയില്ല. എം.ആർ.ഐ, ഇ.ഇ.ജി തുടങ്ങിയ പരിശോധനകൾ നടത്തണമെങ്കിൽ 100 കിലോമീറ്ററിലധികം ദൂരമുള്ള പരിയാരം മെഡിക്കൽ കോളജിൽ പോകണം.
മംഗലാപുരത്തുള്ള ആശുപത്രികളിലേക്ക് പോകാനുള്ള അനുമതി ഇപ്പോൾ ലഭ്യമല്ല. ശ്രീചിത്തിരതിരുനാൾ മെഡിക്കൽ സെന്റർ പോലുള്ള വിദഗ്ധ സ്ഥാപനങ്ങളിലേക്കുപോലും ചികിത്സാ അനുമതി ലഭിക്കാത്ത സാഹചര്യമാണ്. മെഡിക്കൽ ക്യാമ്പുകളിലൂടെ ദുരിതബാധിതരായി കണ്ടെത്തിയവരെ വർഷങ്ങൾ കഴിഞ്ഞിട്ടും പട്ടികയിൽ ഉൾപ്പെടുത്താൻ നടപടിയില്ല.
ഇവർക്ക് ചികിത്സാ ആനുകൂല്യങ്ങൾപോലും ലഭിക്കുന്നില്ല. 2017ൽ അർഹതയുണ്ടെന്ന് കണ്ടെത്തിയ 1031 ദുരിത ബാധിതർ ഇപ്പോഴും ലിസ്റ്റിന് പുറത്താണ്. ദുരിതബാധിതർക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിയിൽ കോടതിയലക്ഷ്യ നടപടികൾ നേരിട്ടും പൂർണമായും നഷ്ടപരിഹാരം വിതരണം ചെയ്യാൻ സർക്കാർ തയാറാകുന്നില്ല.
വിക്ടിം റെമഡിയേഷൻ സെൽ എന്ഡോസൾഫാൻ ദുരിതബാധിതർക്കുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകളെയും വ്യക്തികളെയും ഉൾപ്പെടുത്തി പുനഃസംഘടിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. സമരത്തിന്റെ വിശദാംശങ്ങൾ സംസ്ഥാനതല കൺവെഷനിൽ തീരുമാനിക്കുമെന്ന് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി പ്രസിഡൻറ് മുനീസ അമ്പലത്തറ പറഞ്ഞു.
എൻഡോസൾഫാൻ ദുരിതബാധിതരുടെ സവിശേഷ ആരോഗ്യപ്രശ്നങ്ങളിൽ ഗവേഷണ പഠനങ്ങൾ നടത്താൻ കേന്ദ്രസർക്കാർ കേരളത്തിൽ കാസർകോട് ഓൾ ഇന്ത്യ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒന്നിന് ഉച്ചക്ക് 2.30ന് കാസർകോട് നഗരത്തിൽ മനുഷ്യച്ചങ്ങല തീർക്കും.
സംഘടനാ ഭാരവാഹികളായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ, ഡോ. സോണിയ ജോർജ്, എം. സുൽഫത്ത്, എൻ. സുബ്രഹ്മണ്യൻ, ശരത് ചേലൂർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.