കൊച്ചി: എൻജിനീയറിങ് കോളജിന് അനധികൃതമായി അംഗീകാരം നൽകിയെന്ന കേസിൽ സി.ബി.െഎ കുറ്റപത്രം സമർപ്പിച്ചു. വടക്കാേഞ്ചരി മലബാർ കോളജ് ഒാഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ കെ.എസ്. ഹംസ, കോളജിൽ പരിശോധനക്ക് നിയോഗിക്കപ്പെട്ട മൂന്നംഗ സംഘത്തിൽ ഒരാളായ ദൽഹി ദ്വാരക സ്വദേശി ഡോ. രഞ്ജിത് സിങ് എന്നിവർക്കെതിരെയാണ് സി.ബി.െഎ കൊച്ചി യൂനിറ്റ് കുറ്റപത്രം നൽകിയത്.
കേസിലെ മറ്റ് രണ്ട് പ്രതികളായ ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എജുക്കേഷെൻറ (എ.ഐ.സി.ടി.ഇ) റീജനൽ ഡയറക്ടർ മഞ്ജു സിങ്, പരിശോധന സംഘത്തിലുണ്ടായിരുന്നയാളും ഇപ്പോൾ കുസാറ്റ് സ്കൂൾ ഒാഫ് എൻജിനീയറിങ് പ്രഫസറുമായ ഡോ. ബെന്നി മാത്യു എന്നിവർക്കെതിരെ കുറ്റപത്രം നൽകാൻ അനുമതി ലഭിക്കാത്തതിനാൽ ഇവർക്കെതിരെ പിന്നീടാവും അന്തിമ റിപ്പോർട്ട് നൽകുക. ഗൂഢാലോചന, വഞ്ചന, അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയാണ് അന്തിമ റിപ്പോർട്ട് നൽകിയിരിക്കുന്നത്.
എ.െഎ.സി.ടി.ഇ അനുമതിക്ക് ഹംസ സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് പരിശോധന സംഘത്തെ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ, പരിശോധന സംഘം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്ന സൗകര്യങ്ങൾ കോളജിലുണ്ടായിരുന്നില്ലെന്നും ഗൂഢാലോചന നടത്തി തെറ്റായ റിപ്പോർട്ട് നൽകുകയായിരുന്നു എന്നുമാണ് സി.ബി.െഎയുടെ കണ്ടെത്തൽ. 2009ൽ തെളിവില്ലാത്തതിനാൽ സി.ബി.െഎ അവസാനിപ്പിച്ച ഇൗ കേസിൽ 2017ൽ കോടതിയുടെ അനുമതിയോടെ വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.
ഒരാഴ്ച മുമ്പ് ചെറുവത്തൂര്‍ ഫൗണ്ടേഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ പഴഞ്ഞി കൊട്ടോളിലെ തേജസ് എൻജിനീയറിങ് കോളജിന് അനധികൃതമായി അംഗീകാരം ലഭിച്ചതുമായി ബന്ധപ്പെട്ട കേസിലും സി.ബി.െഎ കുറ്റപത്രം നൽകിയിരുന്നു. ചെറുവത്തൂര്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും വ്യവസായിയുമായ സി.സി. തമ്പി, കോളജിൽ പരിശോധനക്ക് നിയോഗിക്കപ്പെട്ട കമ്മിറ്റി അംഗങ്ങളായ ഡി.കെ. സുബ്രഹ്മണ്യൻ, കെ. വാസുദേവൻ എന്നിവരെയാണ് കേസിലെ പ്രതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.