തിരുവനന്തപുരം: സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശനപരീക്ഷാ കമീഷണറുടെ അലോട്ട്മെൻറിന് ശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനപരീക്ഷ പാസാകാത്ത വിദ്യാർഥികളെ പ്ലസ് ടു മാർക്ക് അടിസ്ഥാനമാക്കി പ്രവേശിപ്പിക്കാൻ അനുമതി വേണമെന്ന് മാനേജ്മെൻറ് അസോസിയേഷൻ. സ്വാശ്രയ എൻജിനീയറിങ് കോളജുകളുമായി വിദ്യാർഥിപ്രവേശന കരാർ ഒപ്പുവെക്കുന്നതിെൻറ മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി. ജലീൽ വിളിച്ച ചർച്ചയിലാണ് സ്വാശ്രയ മാനേജ്മെൻറ് അസോസിയേഷൻ ആവശ്യം ഉന്നയിച്ചത്.
പ്രവേശനപരീക്ഷ പാസായില്ലെങ്കിലും പ്ലസ് ടുവിന് 50 ശതമാനം മാർക്ക് നേടിയവർക്ക് ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നൽകാൻ അനുമതി വേണമെന്നായിരുന്നു മാനേജ്മെൻറ് അസോസിയേഷെൻറ ആവശ്യം. എന്നാൽ സർക്കാർ നയപരമായി തീരുമാനമെടുക്കേണ്ട വിഷയത്തിൽ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്ത് തീരുമാനം അറിയിക്കാമെന്ന് മന്ത്രി ജലീൽ ഭാരവാഹികളെ അറിയിച്ചു. ഇൗ നിർദേശം പ്രവേശനപരീക്ഷയുടെ പ്രോസ്പെക്ടസിൽ ഉൾപ്പെടുത്തണമെന്ന് നേരേത്ത മാനേജ്മെൻറ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അലോട്ട്മെൻറിൽ പ്രവേശനപരീക്ഷ പാസാകാത്തവരെ ഉൾപ്പെടുത്താനാകില്ലെന്ന് പ്രവേശനപരീക്ഷ കമീഷണർ സർക്കാറിനെ അറിയിച്ചതോടെ ഇൗ നിർദേശം സർക്കാർ തള്ളിയിരുന്നു. ഇതാണ് മന്ത്രിയുമായുള്ള ചർച്ചയിൽ മാനേജ്മെൻറുകൾ വീണ്ടും ഉന്നയിച്ചത്.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികളെ സ്വാശ്രയ എൻജിനീയറിങ് കോളജുകളിൽ പ്രവേശിപ്പിക്കാൻ അനുമതി വേണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. എൻജിനീയറിങ് കോഴ്സുകളിൽ ഫീസ് വർധന വേണമെന്ന് കേരള കാത്തലിക് എൻജിനീയറിങ് മാനേജ്മെൻറ് അസോസിയേഷൻ ആവശ്യപ്പെട്ടു. എന്നാൽ ഒരുവിഭാഗം കോളജുകളിൽ മാത്രമായി ഫീസ്വർധന നടപ്പാക്കാനാകില്ലെന്ന് മന്ത്രി ജലീൽ അറിയിച്ചു. സർക്കാർ, എയ്ഡഡ് കോളജുകളിൽ അഞ്ച് ശതമാനം ഫീസ് വർധനക്ക് ബജറ്റ് നിർദേശമുള്ള സാഹചര്യത്തിൽ സ്വാശ്രയ കോളജുകളിൽ ഇതിന് സമാനമായി പൊതുവായ ഫീസ് വർധന നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു. മാനേജ്മെൻറുകളുമായി ഒപ്പുവെക്കുന്ന കരാറിെൻറ കരട് തയാറാക്കിയ ശേഷം വീണ്ടും ചർച്ചയാവാമെന്നും മന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.