തിരുവനന്തപുരം: എൻജിനീയറിങ് കോളജുകളിലെ വിദ്യാർഥികൾ ഇയർ ഔട്ട് പ്രശ്നത്തിൽ നടത്തിവരുന്ന അനിശ്ചിതകാല സമരം ചർച്ചയിലൂടെ പരിഹരിക്കാൻ ഗവർണർ ജസ്റ്റിസ് പി. സദാശിവം നിർദേശിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസർ ഡോ. കുഞ്ചെറിയ പി. ഐസക്കിനെ രാജ്ഭവനിൽ വിളിച്ചുവരുത്തിയാണ് ചാൻസലർ കൂടിയായ ഗവർണറുടെ നിർദേശം. ചർച്ചയിൽ പ്രോ-ചാൻസലർ കൂടിയായ വിദ്യാഭ്യാസ മന്ത്രിയെക്കൂടി പങ്കെടുപ്പിക്കാനും നിർദേശിച്ചു.
വിദ്യാർഥികളുടെ സമരത്തിെൻറ പശ്ചാത്തലത്തിൽ പ്രശ്നത്തിൽ ഗവർണർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വി.സി നേരത്തേ കത്ത് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് വി.സിയെ വിളിപ്പിച്ചത്. നേരത്തേ ബി.ടെക് ഇയർ ഔട്ട് പ്രശ്നത്തിൽ ഹൈകോടതി പുറപ്പെടുവിച്ച വിധി വി.സി ഗവർണറുടെ ശ്രദ്ധയിൽപെടുത്തി. വിവിധ സെമസ്റ്ററുകളിൽ വിജയിക്കേണ്ട ക്രെഡിറ്റുകളുടെ എണ്ണം വെട്ടിക്കുറക്കാൻ വി.സിക്ക് അധികാരമില്ലെന്നായിരുന്നു കോടതി വിധി. നാലാം സെമസ്റ്റർ പ്രവേശനത്തിന് ആദ്യ രണ്ട് സെമസ്റ്ററുകളിലെ 47ൽ 34 ക്രെഡിറ്റുകൾ വിജയിക്കണം എന്നായിരുന്നു സർവകലാശാല നിയമം.
കഴിഞ്ഞ വർഷം വിദ്യാർഥി സമരത്തെ തുടർന്ന് വിജയിക്കേണ്ട ക്രെഡിറ്റുകളുടെ എണ്ണം 26ആക്കി കുറച്ചു. ഇത് എഞ്ചിനീയറിംഗ് വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം തകർക്കും എന്ന് ചൂണ്ടിക്കാട്ടി ഏതാനും വിദ്യാർഥികൾ സമീപിച്ചതിനെ തുടർന്നായിരുന്നു വിധി. കോടതി വിധി വിദ്യാർഥികളെ ബോധ്യപ്പെടുത്താനും ഗവർണർ നിർദ്ദേശിച്ചു. അതേ സമയം ചൊവ്വാഴ്ച നടത്താനിരുന്ന വിദ്യാർഥി സംഘടനകളുമായുള്ള ചർച്ച ബുധനാഴ്ചയിലേക്ക് മാറ്റി.
ഇന്ത്യ - ന്യൂസ്ലാൻഡ് ക്രിക്കറ്റ് നടക്കുന്ന സാഹചര്യത്തിലുള്ള സുരക്ഷ പ്രശ്നത്തെ തുടർന്നാണ് ചർച്ച ബുധനാഴ്ച രാവിലെ 11ലേക്കു മാറ്റിയത്. സമരത്തിെൻറ ഭാഗമായി തിങ്കളാഴ്ച എസ്.എഫ് .ഐ നേതൃത്വത്തിൽ സാങ്കേതിക സർവകലാശാല ആസ്ഥാനത്തിെൻറ പ്രവർത്തനം സ്തംഭിപ്പിച്ചു.പ്രോ-വൈസ് ചാൻസലർ ഡോ. എം. അബ്ദുറഹ്മാനെ വൈകീട്ട് അഞ്ചുവരെ തടഞ്ഞു വെച്ചു. രജിസ്ട്രാർ ഡോ. പത്മകുമാർ, പരീക്ഷാ കൺട്രോളർ ഡോ. ഷാബു ഉൾപ്പെടെ ജീവനക്കാർ ആരെയും ഓഫിസിൽ കയറാൻ അനുവദിക്കാതെയായിരുന്നു സമരം. പിന്നീടാണ് സമരക്കാർ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.