തിരുവനന്തപുരം: പിണറായി വിജയനൊപ്പം നിന്ന തലപ്പൊക്കത്തിൽനിന്നാണ് ഇ.പി. ജയരാജന്റെ പതനം. ഒന്നാം പിണറായി മന്ത്രിസഭയിൽ രണ്ടാമനായിനിന്ന കാലത്ത് ബന്ധുനിയമന വിവാദത്തിലാണ് തിരിച്ചിറക്കത്തിന്റെ തുടക്കം. ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായുള്ള അഞ്ചു മിനിറ്റ് കൂടിക്കാഴ്ചയെ ചൊല്ലിയാണ് വീണതെങ്കിലും പതനത്തിലെത്തിച്ച ചുവടുപിഴവ് ഇ.പിയുടെ രാഷ്ട്രീയ ജീവിതത്തിൽ ഏറെയുണ്ട്. പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവും ഭാര്യാ സഹോദരിയുമായ പി.കെ. ശ്രീമതിയുടെ മകനുമായ സുധീർ നമ്പ്യാർക്ക് പേഴ്സനൽ സ്റ്റാഫിൽ അനധികൃത നിയമനം നൽകിയ ഇ.പിയെ സംരക്ഷിക്കാൻ പിണറായി വിജയനും കഴിഞ്ഞില്ല. വിവാദമൊഴിഞ്ഞ് മന്ത്രിസഭയിൽ തിരിച്ചെത്തുമ്പോൾ മഹാമനസ്കനായ ‘ചിറ്റപ്പൻ’ എന്ന ട്രോൾ കഥാപാത്രമായി മാറിയ ജയരാജന് പഴയ പ്രതാപം ഉണ്ടായിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടിയതുമില്ല.
കോടിയേരി ബാലകൃഷ്ണന്റെ പിൻഗാമിയാകാമെന്നതായിരുന്നു ശേഷിച്ച പ്രതീക്ഷ. എന്നാൽ, തന്നെ മറികടന്ന് ജൂനിയറായ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായത് അദ്ദേഹത്തിന്റെ നില തെറ്റിച്ചുവെന്നുറപ്പ്. തുടർന്നുള്ള വാക്കും പ്രവൃത്തിയുംതന്നെ അതിന് തെളിവ്. പാർട്ടിയും ഇ.പി. ജയരാജനും രണ്ടു വഴിക്കായിരുന്നു. പാർട്ടി സെക്രട്ടറി പദവി ഇ.പിയുടെ എക്കാലത്തെയും സ്വപ്നമാണ്. അനാരോഗ്യം പറഞ്ഞ് പാർട്ടി സമരങ്ങളിൽനിന്നുപോലും മാറിനിന്നു. തിരുവനന്തപുരത്തേക്ക് വരാതെയായി. എം.വി. ഗോവിന്ദൻ നയിച്ച പാർട്ടി യാത്ര കണ്ണൂരിലെത്തിയപ്പോൾ തൃശൂരിൽ ദല്ലാൾ നന്ദകുമാറിന്റെ അമ്മക്ക് പൊന്നാട അണിയിക്കുകയായിരുന്നു ഇ.പി.
അതിന്റെ ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് ഒരിക്കൽ പാർട്ടി ചർച്ച ചെയ്തു തള്ളിയ കണ്ണൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട അനധികൃത സ്വത്ത് വിവാദം വീണ്ടും പാർട്ടിയിൽ ചർച്ചയായത്. നേതൃത്വത്തെ വെല്ലുവിളിച്ച ഇ.പിയെന്ന കൊമ്പനെ തളക്കാനുള്ള മയക്കുവെടിയായിരുന്നു അത്. യാത്ര തൃശൂരിലെത്തിയപ്പോൾ എം.വി. ഗോവിന്ദനൊപ്പം ഇ.പി. ജയരാജൻ വേദി പങ്കിട്ടു. പിന്നീട് മാസപ്പടി കേസിലുൾപ്പെടെ മുഖ്യമന്ത്രിയെ വാഴ്ത്തിയും നേതൃത്വത്തെ പ്രതിരോധിച്ചും നിന്ന ഇ.പി പാർട്ടിയുമായുള്ള പ്രശ്നത്തിന് പരിഹാരമായെന്ന സൂചനയാണ് നൽകിയത്. എന്നാൽ, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ നടത്തിയ വെളിപ്പെടുത്തലിൽ ഇ.പി വീണ്ടും വെട്ടിലായി. ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് രാഷ്ട്രീയ കേരളം കേട്ടത്.
നിഷേധിച്ചെങ്കിലൂം സംശയത്തിന്റെ കരിനിഴൽ മാറിയില്ല. ബി.ജെ.പി പ്രഭാരി പ്രകാശ് ജാവ്ദേക്കറുമായി സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന് ഇ.പി വെളിപ്പെടുത്തിയത് ലോക്സഭാ പോളിങ് ദിനം രാവിലെയാണ്. പാപിയെന്ന് വിളിച്ച് പിണറായി വിജയൻ ഇ.പിയെ മിനിറ്റുകൾക്കകം തള്ളിപ്പറഞ്ഞതോടെ ചീട്ടുകീറിയെന്ന് ഉറപ്പിച്ചതാണ്. ജാവ്ദേക്കർ വീട്ടിൽ വന്നത് ചായ കുടിക്കാനാണെന്ന ഇ.പിയുടെ വിശദീകരണം കുട്ടികൾക്ക് പോലും ദഹിക്കുന്നതായിരുന്നില്ല. അതും പാർട്ടി വിശ്വസിച്ചെന്നാണ് ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് തുടരാൻ അനുവദിച്ചപ്പോൾ എല്ലാവരും ധരിച്ചത്. ഒടുവിൽ അതികായനെ സുപ്രധാന പദവിയിൽനിന്ന് മാറ്റി നിർത്താൻ തീരുമാനിച്ച സി.പി.എം ബി.ജെ.പി ബാന്ധവത്തോട് പൊറുക്കില്ലെന്ന് സന്ദേശം കൂടിയാണ് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.