തൃശൂര്‍: മർദനത്തിന് വരുന്ന സമയത്ത് കാൽ ഉണ്ടോ കൈ ഉണ്ടോ എന്ന ആരും നോക്കില്ലെന്നും വികലാംഗനെന്തിനാണ് കറുത്ത കൊടിയും കൊണ്ട് നടക്കുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. നവകേരള ബസിനു നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോന്‍ കണ്ടല്ലൂരിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘നടക്കാൻ വയ്യാത്ത പാവത്തെ കൊടിയുമായി അയച്ചത് തെറ്റാണ്. ഇതെല്ലാം നിരാശ ബാധിച്ച കോൺഗ്രസിന്‍റെ ഒരു വിഭാഗത്തിന്‍റെ പണിയാണ്. ഒരു വികലാംഗന്‍റെ പണിയാണോ കൊടിയും പിടിച്ചു മുഖ്യമന്ത്രിയുടെ കാറിന്‍റെ മുന്നില്‍ പോകുന്നത്. നടക്കാൻ വയ്യാത്ത ആ പാവത്തിനെ പിടിച്ചുകൊണ്ടുവന്നു കറുത്ത കൊടിയും കൊടുത്തു മുഖ്യമന്ത്രിയുടെ വണ്ടിക്കു മുന്നിലേക്കു തള്ളുന്നവർക്കെതിരെയാണു വികാരം ഉയരേണ്ടത്. ആ പാവം ചെറുപ്പക്കാരനെ എന്തിനാണു കോൺഗ്രസുകാർ ക്രൂരതയ്ക്ക് എറിഞ്ഞുകൊടുക്കുന്നത്? അതിനു പകരം വി.ഡി സതീശനോ കെ.സുധാകരനോ പോയി തല്ലുകൊള്ളൂ. അവരാരും ഉണ്ടാകില്ല. വടി കാണുമ്പോൾ തന്നെ അവർ ഓടുമല്ലോ. സ്ത്രീകളെയടക്കം കൊണ്ടുവന്ന് അക്രമത്തിനു പ്രേരിപ്പിക്കരുത്’ – ജയരാജൻ പറഞ്ഞു.
‘ഗൺമാൻമാരെ ആക്രമിക്കുന്നതു ശരിയാണോ? ഗൺമാൻമാർ ഫേസ്ബുക്കില്‍ നടത്തിയ വെല്ലുവിളിയെല്ലാം രണ്ടാമത്തെ കാര്യമാണ്. ആദ്യം ഈ അക്രമത്തെ അപലപിക്കൂ. അതിനുശേഷം ഗൺമാൻമാരുടെ കാര്യം ചോദിക്കൂ’– അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.