ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാവ് ഇ.പി ജയരാജൻ രംഗത്ത്. നടിയെ ആക്രമിച്ച് ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സർക്കാറിനും വിചാരണകോടതിക്കുമെതിരെ നടി കഴിഞ്ഞ ദിവസം ഹൈകോടതിയിൽ ഹരജി ഫയൽ ചെയ്തിരുന്നു.
ആദ്യഘട്ടത്തിൽ പിന്തുണക്കുകയും സ്വതന്ത്ര അന്വേഷണം ഉറപ്പാക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ നേട്ടം ഉണ്ടാക്കിയ ശേഷം പിൻവാങ്ങിയെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. ഹരജി ഇന്ന് കേൾക്കാനിരിക്കെയാണ് ആക്രമിക്കപ്പെട്ട നടിക്കെതിരെ ഗുരുതര ആരോപണവുമായി സി.പി.എം നേതാവ് ഇ.പി ജയരാജൻ രംഗത്തുവന്നിരിക്കുന്നത്. 'മീഡിയ വൺ' ചാനൽ പ്രതിനിധിയോട് സംസാരിക്കവെയാണ് ഇ.പി ജയരാജൻ അതീവ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.
നടിയുടെ ഹരജിക്ക് പിന്നിൽ പ്രത്യേക താൽപര്യം ഉണ്ടോ എന്ന് പരിശോധിക്കണം എന്നായിരുന്നു ഇ.പി പറഞ്ഞത്. സ്ത്രീ സുരക്ഷ ഉറപ്പുവരുത്തലാണ് സർക്കാറിന്റെ ലക്ഷ്യം. കേസിലെ മുഖ്യ പ്രതിയുടെ രാഷ്ട്രീയ ബന്ധവും പരിശോധിക്കണം. ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരജിക്ക് പിന്നിലെ അജണ്ട മാധ്യമങ്ങൾ പരിശോധിക്കണമെന്നും ഇ.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.