തിരുവനന്തപുരം: ഇ.പി. ജയരാജന്‍റെ ആത്മകഥ ‘കട്ടൻ ചായയും പരിപ്പുവടയും’ ഇറക്കാനും തുപ്പാനും വയ്യാത്ത നിലയിലാണ് ഡി.സി ബുക്സ്. വിവാദ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് ഡി.സി ബുക്സും ഇ.പി. ജയരാജനും തമ്മിൽ കരാർ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. എന്നാൽ, പുസ്തകം തയാറാക്കാൻ ഇ.പി. ജയരാജനെ സഹായിച്ച പാർട്ടി പത്രത്തിലെ കണ്ണൂരിലെ മാധ്യമപ്രവർത്തകനുമായി ഡി.സി ബുക്സ് സംസാരിച്ചിട്ടുണ്ട്. നേരത്തേ പി.കെ. ശ്രീമതി ആരോഗ്യമന്ത്രിയായിരിക്കെ, മന്ത്രിയുടെ സ്റ്റാഫിൽ പ്രവർത്തിച്ചിരുന്ന ഇയാളാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം ഡി.സിക്ക് നൽകിയതെന്നാണ് വിവരം.
കരാർ ഒപ്പിടുന്നതിന് മുമ്പ് ഡി.സി ബുക്സ് പുസ്തകം പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചതും കവർ പ്രസിദ്ധീകരിച്ചതും മാധ്യമപ്രവർത്തകനെ വിശ്വസിച്ചാണ്. വിവാദ പരാമർശങ്ങളിൽ പാർട്ടിയിലെ ഉന്നതർ കോപിച്ചതോടെ എഴുതിയതെല്ലാം ഇ.പി വിഴുങ്ങി. ഇ.പി. ജയരാജന്‍റെ പരാതിയിൽ കേസും അന്വേഷണവും വന്നാൽ, ഉള്ളടക്കം ആരു തന്നുവെന്ന് ഡി.സി ബുക്സ് വെളിപ്പെടുത്തേണ്ടിവരും.
പുസ്തകം തയാറാക്കാൻ തന്നെ സഹായിച്ച മാധ്യമപ്രവർത്തകനിൽനിന്ന് അത് ചോരുമെന്ന് കരുതുന്നില്ലെന്നാണ് ഇ.പി. ജയരാജൻ ബുധനാഴ്ച പറഞ്ഞത്. പാർട്ടി നേതൃത്വത്തിന്‍റെ രോഷം അണഞ്ഞില്ലെങ്കിൽ മാധ്യമപ്രവത്തകനെ കൈവിടാൻ ഇ.പി. ജയരാജൻ നിർബന്ധിതനായേക്കുമെന്നാണ് റിപ്പോർട്ട്.
കാസർകോട്/കണ്ണൂർ: തന്റെ ആത്മകഥ എഴുതി പൂർത്തീകരിച്ചിട്ടില്ലെന്നും പ്രസാധകർക്കെതിരെ നടപടിയെടുക്കുമെന്നും ഇ.പി. ജയരാജൻ. സി.പി.എം ഉദുമ ഏരിയ സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ ഇ.പി മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു. പുറത്തുവന്ന ഉള്ളടക്കം തെറ്റാണ്. എഡിറ്റ് ചെയ്യാൻ കൊടുത്ത സ്ഥലത്തുനിന്ന് ചോർന്നതാകാം. താൻ എഴുതിയ കാര്യങ്ങൾ അല്ല പുറത്തുവന്നത്. പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. മാതൃഭൂമിയും ഡി.സി ബുക്‌സും ചോദിച്ചിട്ടുണ്ട്. ആർക്കും കൊടുത്തിട്ടില്ല. പക്ഷേ, ഇപ്പോൾ താൻ അറിയാതെ തന്റെ ആത്മകഥ പുറത്തിറക്കുകയാണ്.
കവർ പേജ് മാധ്യമങ്ങളിലൂടെ ഇന്നാണ് ആദ്യം കാണുന്നത്. അതവരുടെ ബിസിനസിന്റെ ഭാഗമായി പുറത്തിറക്കിയതാണ്. എഴുതിയത് ടൈപ് ചെയ്യാൻ ഒരാളെ ഏൽപിക്കുകയാണ് പതിവ്. അത് പൂർത്തിയായിട്ടില്ല. ആ പുസ്തകമാണ് ഇപ്പോൾ പ്രകാശനം ചെയ്യുന്നതായി വാർത്ത വരുന്നത്. ഇത് തെരഞ്ഞെടുപ്പ് ദിവസം ബോധപൂർവം ഉണ്ടാക്കിയ വ്യാജവാർത്തയാണ്. അതിനെതിരെ നിയമനടപടി സ്വീകരിക്കും. എങ്ങനെയാണ് ഇത്തരം കാര്യങ്ങൾ വാർത്തയായത് എന്നും അന്വേഷിക്കുന്നുണ്ട്. രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കും. വസ്തുതകൾ ശേഖരിച്ച് ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകും.
ചേലക്കരയിൽ പണം എത്തിയത് താൻ മുഖാന്തരമാണെന്ന് ഒരു ചാനൽ വാർത്തകൊടുത്തു. ഞാൻ വയനാട്ടിലാണ് ഉണ്ടായിരുന്നത്. മാങ്ങയുള്ള മാവിലേക്ക് കല്ലെറിയുകയെന്ന താൽപര്യമാണ് വിവാദങ്ങൾക്ക് പിന്നിലെന്നും ഇ.പി പ്രതികരിച്ചു.
വിശ്വസ്തനായ മാധ്യമപ്രവർത്തകനെയാണ് എഴുതിയത് ഏൽപിച്ചതെന്ന് നേരത്തെ അദ്ദേഹം കണ്ണൂരിൽ പ്രതികരിച്ചിരുന്നു. അദ്ദേഹത്തിൽനിന്ന് ചോരില്ല. പുസ്തകത്തിന്റെ കവർ ചിത്രമോ പേരോ തീരുമാനിച്ചിട്ടില്ല. പ്രസിദ്ധീകരണത്തിന് ഡി.സി ബുക്സിന് അനുമതി നൽകിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
ഇ.പി. ജയരാജന്റെ പുസ്തകത്തിൽ എനിക്കെതിരെ പരാമർശമുണ്ടെങ്കിൽ ഉറപ്പായും മറുപടി പറയുമെന്ന് പി. സരിൻ പറഞ്ഞു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊന്നുണ്ടാകാൻ സാധ്യതയില്ല. പുസ്തകത്തിലെ ഭാഗങ്ങള്‍ എന്ന പേരില്‍ പുറത്തുവന്ന പരാമര്‍ശങ്ങള്‍ ഇ.പി. ജയരാജന്‍ തന്നെ നിഷേധിച്ചിട്ടുണ്ട്. പരാമര്‍ശങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ.പി. ജയരാജനെ ഞാൻ വിളിച്ച് സംസാരിച്ചിരുന്നു. രസകരമായാണ് അദ്ദേഹം സംസാരിച്ചത്. പുസ്തകം വായനക്കാരുടെ കൈയിൽ എത്തിയശേഷമാണ് ചർച്ചയാകേണ്ടത്.
പാലക്കാട്: ഇ.പി. ജയരാജൻ എല്ലാ കാര്യവും ആദ്യം നിഷേധിച്ച് പിന്നെ സമ്മതിക്കുന്ന ആളെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ഇ.പി. ജയരാജനും സി.പി.എമ്മും ഇപ്പോള്‍ ആത്മകഥ നിഷേധിക്കുകയാണ്. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറെ കണ്ടില്ലെന്ന് അദ്ദേഹം ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് തിരുത്തി. കേന്ദ്രമന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖറുമായി ബിസിനസുണ്ടെന്ന് താന്‍ ആരോപിച്ചപ്പോൾ ആദ്യം തള്ളി. എന്നാല്‍, ഭാര്യക്ക് അതില്‍ ഷെയര്‍ ഉണ്ടെന്ന് പിന്നീട് വ്യക്തമാക്കി. ഡി.സി ബുക്‌സ് പോലെ വിശ്വാസ്യതയുള്ള പ്രസാധക സ്ഥാപനത്തിന് ആകാശത്തുനിന്ന് ആത്മകഥ എഴുതാന്‍ സാധിക്കുമോ? ആത്മകഥ പുറത്തുപോയത് എങ്ങനെയാണെന്ന് ഇ.പി. ജയരാജനാണ് അന്വേഷിക്കേണ്ടത്. പാര്‍ട്ടിയിലെ മിത്രങ്ങളാണോ അതോ ശത്രുക്കളാണോ പുറത്തുകൊടുത്തതെന്നു മാത്രം അന്വേഷിച്ചാല്‍ മതി. ബാക്കിയെല്ലാം പ്രിന്റ് ചെയ്തിട്ടുണ്ട്. ആത്മകഥയെല്ലാം ശരിയാണ്. തെരഞ്ഞെടുപ്പ് ദിവസം പുറത്തുവന്നതാണ് പ്രശ്നമായത്. ഇ.പി. ജയരാജനും സി.പി.എമ്മിനും നവംബർ 20 വരെ കള്ളം പറഞ്ഞേ പറ്റൂ. ആത്മകഥ ഇറങ്ങാതിരിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു. ബുധനാഴ്ച പുറത്തിറങ്ങേണ്ട പുസ്തകമായിരുന്നു. ഇരുട്ടി വെളുക്കുന്നതിനുമുമ്പ് മറുകണ്ടം ചാടുന്നയാള്‍ എന്നതിനേക്കാള്‍ വലിയ സര്‍ട്ടിഫിക്കറ്റ് പാലക്കാട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിക്ക് നല്‍കാനില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
കോട്ടയം: ഇ.പി. ജയരാജൻ എഴുതിയതെന്ന് ഡി.സി ബുക്സ് അവകാശപ്പെട്ട ‘കട്ടൻചായയും പരിപ്പുവടയും - ഒരു കമ്യൂണിസ്റ്റിന്‍റെ ജീവിതം’ എന്ന പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം നീട്ടിവെച്ചതായി പ്രസാധകരായ ഡി.സി ബുക്സ് അറിയിച്ചു. പുസ്തകത്തിലെ ഉള്ളടക്കം എന്ന രീതിയിൽ മാധ്യമങ്ങളിലൂടെ പ്രചരിച്ച കാര്യങ്ങൾ വിവാദമായതിനെ തുടർന്നാണ് വിശദീകരണം. ‘നിർമിതിയിലുള്ള സാങ്കേതിക പ്രശ്നം മൂലം കുറച്ചുദിവസത്തേക്ക് നീട്ടിവെച്ചിരിക്കുന്നു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങൾ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകുന്നതാണ്’ എന്നും ഡി.സി ബുക്സ് അറിയിപ്പിൽ പറയുന്നു.
കണ്ണൂർ: പുതിയ പുസ്തക വിവാദത്തിൽ ഇ.പി. ജയരാജനെ അവിശ്വസിക്കേണ്ട ആവശ്യം പാർട്ടിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജയരാജൻ വ്യക്തമാക്കിയിട്ടുണ്ട്. ഈവിധത്തിൽ പുസ്തകം എഴുതിയിട്ടുമില്ല. നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഇ.പി. ജയരാജൻ പറഞ്ഞിട്ടുണ്ട്. അതിനൊപ്പമാണ് പാർട്ടിയെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യം വരുമ്പോഴൊക്കെയും മാധ്യമങ്ങളും ചില ആളുകളും ചേർന്ന് ഇതുപോലുള്ള നിരവധി പാർട്ടി വിരുദ്ധ വാർത്തകൾ നൽകാറുണ്ട്. തെറ്റായ രീതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. മാധ്യമങ്ങൾ പലതും ഉണ്ടാക്കും. അതിനെല്ലാം മറുപടി പറയേണ്ട ബാധ്യത പാർട്ടിക്കില്ല. പാർട്ടിക്ക് കൃത്യമായ ധാരണയുണ്ട്. പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്. ഉപതെരഞ്ഞെടുപ്പ് സാഹചര്യത്തിൽ ഇങ്ങനെയൊരു തോന്നിവാസ വാർത്തയുണ്ടാക്കിയിട്ട് പാർട്ടിയുടെ മേലെ കെട്ടിവെക്കാനുള്ള ഗൂഢശ്രമമാണ് മാധ്യമങ്ങൾ ഉൾപ്പെടെ നടത്തിയത്.
പുസ്തകം എഴുതുന്നതിനു മുമ്പ് പാർട്ടിയുടെ അനുമതി വാങ്ങേണ്ടതില്ല. എന്നാൽ, പ്രസിദ്ധീകരിക്കുന്നതിന് അനുമതി വാങ്ങണം. ജയരാജൻ അത്തരത്തിൽ അനുമതി വാങ്ങിയിട്ടില്ല. നിങ്ങൾ ഉണ്ടാക്കുന്ന ഗൂഢാലോചനക്ക് ഞങ്ങൾ എന്തിനാണ് ഉത്തരം പറയുന്നത്.
ഇതൊന്നും ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ഒരു തിരിച്ചടിയും എൽ.ഡി.എഫിന് ഉണ്ടാവില്ല. പുസ്തകത്തിന് കട്ടൻചായയും പരിപ്പുവടയും എന്ന് പേരിടുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പുസ്തകമേ എഴുതിയിട്ടില്ലെന്നാണ് ഇ.പി. ജയരാജൻ പറഞ്ഞത് എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി.
ഇ.പി. ജയരാജന്റെ ചാട്ടം ബി.ജെ.പിയിലേക്ക് ആവാനാണ് സാധ്യതയെന്ന് -കെ. സുധാകരന്‍ എം.പി പറഞ്ഞു. പ്രസിദ്ധീകരണത്തെക്കുറിച്ച് അറിയില്ലെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. വിഷയത്തില്‍ സി.പി.എമ്മിന്റെയും ഇ.പിയുടെയും വിശദീകരണം യുക്തിസഹമല്ല. നിയമനടപടിയെക്കുറിച്ചൊക്കെ പറയുന്നത് ജനത്തെ പറ്റിക്കാനാണ്.
ഡി.സി ബുക്‌സ് ഏറെ വിശ്വസ്തമായ സ്ഥാപനമാണ്. അപഖ്യാതികളും അപവാദങ്ങളും പ്രചരിപ്പിക്കുന്ന പാരമ്പര്യം അവര്‍ക്കുണ്ടായിട്ടില്ല. മറിച്ചാണെങ്കില്‍ ഡി.സി ബുക്‌സ് കാര്യങ്ങള്‍ വിശദീകരിക്കണം. ബന്ധുനിയമനത്തിലും വൈദേകം റിസോര്‍ട്ട് ഇടപാടിലും ജാവദേക്കര്‍ കൂടിക്കാഴ്ചയിലും വിമാനത്തിലെ കൈയേറ്റ ശ്രമത്തിലും ഇ.പി പറഞ്ഞതും പിന്നീടുള്ള യാഥാർഥ്യവും കണ്ടതാണ്. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയതിന്റെ പക ഇ.പിക്ക് ഇപ്പോഴും അടങ്ങിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് തെരഞ്ഞെടുപ്പു ദിവസം ജയരാജന്റെ ആത്മകഥ പുറത്തുവന്നത് കാലത്തിന്റെ കണക്കു ചോദിക്കലാണ്.
ഇങ്ങനെയൊരു പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ.പി. ജയരാജൻ പറഞ്ഞതിലാണ് എനിക്ക് വിശ്വാസമെന്ന് മന്ത്രി വി.എൻ. വാസവൻ
. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. രാഷ്ട്രീയ ദുരുദ്ദേശ്യമാണ് ഇതിന് പിന്നിൽ. ഇറങ്ങാത്ത പുസ്തകത്തെച്ചൊല്ലിയുള്ള വിവാദം ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കുന്നതുപോലെയാണ്.
ഇ.പി. ജയരാജൻ പറയാത്ത കാര്യങ്ങൾ ഡി.സി ബുക്സ് ചേർക്കുമെന്ന് കരുതുന്നില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർട്ടി സമ്മർദം ഉണ്ടായതിനാലാകണം ആത്മകഥയുമായി ബന്ധപ്പെട്ട വാർത്ത ജയരാജൻ നിഷേധിച്ചത്. ജയരാജൻ എഴുതിക്കൊടുത്ത കാര്യങ്ങൾ തന്നെയാകും പുസ്തകത്തിലുള്ളത്. ഡി.സി ബുക്സിന്‍റെ വിശ്വാസ്യതയെക്കുറിച്ച് നമുക്കാർക്കും ഒരു സംശയവുമില്ലല്ലോ .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.