കണ്ണൂർ: ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെ ചുറ്റിപ്പറ്റിയുടെ വിവാദത്തിൽ പുതുമയേയില്ല. വാവിട്ട വാക്കിലും പ്രവൃത്തിയിലും എല്ലാം വിവാദമാവുമ്പോഴും തനിയെ കെട്ടടങ്ങുകയാണ് പതിവ്. പാർട്ടിക്കകത്തെ പരിഭവവും പരാതിയുമായിരുന്നു എല്ലാ വിവാദങ്ങളുടെയും അടിസ്ഥാനം. സെലിബ്രിറ്റികളെയും നേതാക്കളെയും ബി.ജെ.പിയിലേക്ക് റാഞ്ചാൻ കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കറുടെ വലയിൽ ഇദ്ദേഹവും അകപ്പെട്ടുവെന്നാണ് പുതിയ ആരോപണം. ഇടുക്കിയിലെ മുൻ എം.എൽ.എ എസ്. രാജേന്ദ്രൻ ബി.ജെ.പിയിലേക്ക് പോവുന്നതുപോലും തന്ത്രപരമായി നേരിട്ട സി.പി.എമ്മിന് കിട്ടിയ മുട്ടൻപണിയായിത്. ഒന്നാം പിണറായി സർക്കാറിൽ വ്യവസായ മന്ത്രിയായിരിക്കെ ബന്ധുനിയമന വിവാദത്തിൽ കുടുങ്ങി ഇ.പി മന്ത്രിസഭയിൽനിന്ന് പുറത്തായി. ഭാര്യാസഹോദരിയുടെ മകൻ പി.കെ. സുധീറിന് നിയമനം നൽകിയതാണ് വിവാദമായത്.
ഇതന്വേഷിച്ച പാർട്ടി സംസ്ഥാന ഘടകം വീഴ്ച പറ്റിയെന്ന് വിലയിരുത്തി. ജാഗ്രതക്കുറവുണ്ടായെന്ന് അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റും മന്ത്രിസ്ഥാനവും പ്രതീക്ഷിച്ചു. രണ്ടുമുണ്ടായില്ല. അതിലെ നീരസമായി പിന്നീട്. ഇനി പാർലമെന്ററി രംഗത്തേക്കില്ലേയെന്ന് മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘പിണറായിയെ പോലെ മഹാനല്ല ഞാൻ’ എന്നാണ് ഇ.പി പറഞ്ഞത്. എം.എൽ.എയും മന്ത്രിയും ഇല്ലെന്ന് ഉറപ്പായപ്പോൾ പി.ബി അംഗത്വം പ്രതീക്ഷിച്ചു.
‘പോളിറ്റ് ബ്യൂറോയിലേക്ക് വരാൻ മാത്രം വലിയ നേതാവായിട്ടില്ലെന്നാണ്’ അതേ കുറിച്ച് പറഞ്ഞത്. കോടിയേരിക്കുശേഷം പാർട്ടി സെക്രട്ടറി കൊതിച്ചതും വെറുതെയായി. എം.വി. ഗോവിന്ദൻ സെക്രട്ടറിയായപ്പോൾ പിന്നെ അദ്ദേഹത്തെ അവഗണിക്കലായി. എൽ.ഡി.എഫ് കൺവീനറായിട്ടും യോഗങ്ങളിൽനിന്ന് വിട്ടുനിന്നു. എം.വി. ഗോവിന്ദന്റെ പ്രതിരോധ ജാഥയിൽനിന്ന് വിട്ടുനിന്നതായി അടുത്ത വിവാദം. ജാഥ കണ്ണൂരിൽ മൂന്നുദിവസം ചെലവഴിച്ചപ്പോൾ കല്യാശ്ശേരിയിലെ വീട്ടിലായിരുന്നു ഇ.പി. ഈ വിവാദം കത്തുന്നതിനിടെയാണ് ദല്ലാൾ ടി.ജി. നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്നതിന് കൊച്ചിയിലെത്തിയത്. ഭാര്യക്കും മകനും നിക്ഷേപമുള്ള വൈദേകം ആയുർവേദ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദം വേറെ. ഇത് ചൂണ്ടിക്കാട്ടി ഇ.പിക്ക് അനധികൃത സ്വത്തുണ്ടെന്ന് സി.പി.എം സംസ്ഥാന സമിതിയിൽ പി. ജയരാജൻ ഉന്നയിച്ചപ്പോഴുള്ള വിവാദം പിന്നീട് കത്തി.
ഒടുവിൽ റിസോർട്ട് നടത്തിപ്പ് ചുമതല ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമായ റിട്രീറ്റ്സിന് കൈമാറിയപ്പോൾ അതായി അടുത്ത വിവാദം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ബി.ജെ.പി സ്ഥാനാർഥികൾ മികച്ചതെന്ന് പറഞ്ഞതും വിവാദമായി. സംസ്ഥാനത്ത് എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പറഞ്ഞത് മുഖ്യമന്ത്രിക്കുതന്നെ തിരുത്തേണ്ടി വന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.