തടി വിവാദത്തിൽ കുരുങ്ങി ഇ.പി ജയരാജൻ

തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രിസ്ഥാനം രാജിവെച്ച ഇ.പി ജയരാജൻ പുതിയ വിവാദത്തിൽ. മന്ത്രിയായിരിക്കെ ജയരാജൻ കുടുംബ ക്ഷേത്രത്തിനായി തേക്കുതടി സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ട് വനം മന്ത്രിക്ക് കത്തെഴുതിയതാണ് ഇപ്പോൾ വിവാദമായത്.

കല്യാശേരി നിയോജക മണ്ഡത്തിൽപ്പെടുന്ന ഇരിണാവ് ക്ഷേത്രത്തിന്‍റെ നവീകരണത്തിനായി 1200 ക്യുബിക് മീറ്റർ തേക്കുതടി സൗജന്യമായി നൽകാൻ നടപടി സ്വീകരിക്കണമെന്നാണ് സ്വന്തം ലെറ്റർ പാഡിൽ ജയരാജൻ നൽകിയ അപേക്ഷയെന്ന് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്തു.

അപേക്ഷ ലഭിച്ചതിനെ തുടർന്ന് കൊട്ടിയൂർ, കണ്ണവം, തളിപ്പറമ്പ് അടക്കമുള്ള ഡിവിഷനുകളിൽ തടി ലഭ്യമാണോ എന്ന് അന്വേഷിക്കാൻ കണ്ണൂർ ഡി.എഫ്.ഒക്ക് വനം മന്ത്രി കെ. രാജു നിർദേശം നൽകി. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി ആവശ്യമായ തടി കണ്ടെത്തുകയും ചെയ്തു. എന്നാൽ, തടി നൽകുന്നത് ചട്ടവിരുദ്ധമാണെന്ന് മനസിലാക്കിയതോടെ ഇക്കാര്യം ഉദ്യോഗസ്ഥർ വനം മന്ത്രിയെ അറിയിക്കുകയായിരുന്നു. 15 കോടി രൂപയോളം വരുന്ന തടിയാണ് ആവശ്യപ്പെട്ടത്. എന്നാൽ, ഇത്രയും തുകയുടെ തേക്കുതടി സൗജന്യമായി നൽകാൻ ചട്ടമില്ലെന്നാണ് ഉദ്യോഗസ്ഥർ വകുപ്പ് മന്ത്രിയെ അറിയിച്ചത്.

അതേസമയം, ജയരാജൻ തടി ആവശ്യപ്പെട്ട് അപേക്ഷ നൽകിയതായി വനം മന്ത്രി സ്ഥിരീകരിച്ചു. മന്ത്രി ജയരാജന്‍റെ ലെറ്റർ പാഡിലാണ് ക്ഷേത്ര ഭരണസമിതി അപേക്ഷ നൽകിയതെന്നും മന്ത്രി പറഞ്ഞു. എന്നാൽ, സംഭവത്തോട് പ്രതികരിക്കാൻ ഇ.പി ജയരാജൻ തയാറായില്ല.

Tags:    
News Summary - ep jayarajan involved timber scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.