പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സി.പി.എം സജ്ജമെന്ന് ഇ.പി ജയരാജൻ; എൽ.ഡി.എഫിന്‍റെ മണിപ്പുർ ഐക്യദാർഢ്യ കൂട്ടായ്മ 27ന്​

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നേരിടാൻ സി.പി.എം തയാറെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. പുതുപ്പള്ളി അടക്കം എവിടെയും തെരഞ്ഞെടുപ്പിന് സജ്ജമാണെന്നും ജയരാജൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമീഷന്‍റെ പ്രഖ്യാപനം വന്ന ശേഷം ഇക്കാര്യത്തെ കുറിച്ച് ചർച്ച ചെയ്യും. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇത്തരത്തിലാണ് ചെയ്യുകയെന്നും ഇ.പി ജയരാജൻ പറഞ്ഞു.

മണിപ്പുർ വംശഹത്യയുടെ ഇരകൾക്ക്​ ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ജൂലൈ 27ന്​ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കാൻ ഇടതുമുന്നണി നേതൃയോഗം തീരുമാനിച്ചു. നിയമസഭാ ​മണ്ഡലങ്ങൾ അടിസ്ഥാനത്തിൽ 140 കേന്ദ്രങ്ങളിലായിരിക്കും പരിപാടി. മണിപ്പുർ സംഘർഷത്തിന്​ പിന്നിലെ സംഘ്​പരിവാൾ അജണ്ടയും മനുഷ്യത്വവിരുദ്ധ നിറവും തുറന്നുകാട്ടുന്ന പരിപാടിയിൽ സ്ത്രീകളുടെ ഉൾപ്പെടെ വർധിച്ച പങ്കാളിത്തം ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ചേർന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു.

ധ്രുവീകരണ രാഷ്​​ട്രീയം ലക്ഷ്യമിട്ടുള്ള ഏക സിവിൽകോഡ്​ അംഗീകരിക്കി​ല്ലെന്ന പ്രമേയവും യോഗം പാസാക്കി. തെരഞ്ഞെടുപ്പ്​ നേട്ടം മുന്നിൽ കണ്ടാണ്​ പ്രധാനമന്ത്രി ഏക സിവിൽകോഡ്​ ചർച്ച ഉയർത്തിക്കൊണ്ടുവരുന്നതെന്ന്​ പ്രമേയം കുറ്റപ്പെടുത്തി. എന്നാൽ, ഏക സിവിൽകോഡ്​ വിഷയത്തിൽ ഇടതുമുന്നണിയുടെ ബാനറിൽ പ്രതിഷേധ പരിപാടികൾ തീരുമാനിച്ചില്ല.

മുന്നണിയിലെ എല്ലാ കക്ഷികളും ഏക സിവിൽകോഡ്​ വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും അതിൽ പരസ്പരം സഹകരിക്കുമെന്നാണ്​ ഇതിനെക്കുറിച്ചുള്ള ചോദ്യത്തിന്​ മുന്നണി കൺവീനർ ഇ.പി. ജയരാജൻ നൽകിയ മറുപടി. ഈ ഘട്ടത്തിൽ പ്രധാന ചർച്ചയായി നിൽക്കുന്ന വിഷയമെന്ന നിലക്കാണ്​ മണിപ്പുർ സംഘർഷത്തിന്‍റെ ഇരകൾക്ക്​ ഐക്യദാർഢ്യ പരിപാടി ആദ്യം നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാന സർക്കാറിന്‍റെ ഭരണ​നേട്ടം ജനങ്ങളിലേക്ക്​ എത്തിക്കാൻ ഇക്കുറി കേരളീയം പരിപാടി വിപുലമായി തിരുവനന്തപുരത്ത്​ സംഘടിപ്പിക്കും. ലോക്സഭ തെരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടുള്ള പരിപാടിയായാണ്​ ഇക്കുറി കേരളീയം ഒരുക്കുന്നത്​. നവംബർ ഒന്നു മുതൽ ഒരാഴ്ച നീളുന്ന പരിപാടിയിൽ സെമിനാറുകളും ചർച്ചകളും പ്രദർശനങ്ങളും ഉണ്ടാകും.

Tags:    
News Summary - EP Jayarajan says CPM is ready for Puthuppally by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.