പാലക്കാട്: പുറത്തുവന്ന ആത്മകഥയിൽ പാലക്കാട്ടെ ഇടതുസ്ഥാനാർഥി ഡോ. പി. സരിനെതിരായ ‘വയ്യാവേലി’ പരാമർശമുണ്ടായെന്ന ആരോപണം നിലനിൽക്കെ സി.പി.എം നേതാവ് ഇ.പി. ജയരാജൻ നാളെ പാലക്കാട്ട് പ്രചാരണത്തിനെത്തും. ഇരുട്ടിവെളുക്കുംമുമ്പുള്ള മറുകണ്ടംചാടൽ പലഘട്ടത്തിലും പ്രയോജനപ്പെട്ടിട്ടുണ്ടെങ്കിലും അത് വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണെന്നായിരുന്നു സരിന്റെ പാർട്ടി സ്ഥാനാർഥിത്വത്തെ കുറിച്ച് ‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തിൽ പറയുന്നത്. നിലമ്പൂരിലെ പി.വി. അൻവറിന്റെ കൂറുമാറ്റവും ഉദുമയിൽ കോൺഗ്രസ് റിബൽ കുഞ്ഞിരാമൻ നമ്പ്യാരെ ഒപ്പം നിർത്തിയപ്പോഴുണ്ടായ അനുഭവവും ഇതിന് ഉദാഹരണമായി പറയുന്നു.
‘അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് ചർച്ചചെയ്യുമ്പോൾ പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയുടെ വിഷയവും ചർച്ചയാകുമല്ലാ. ഡോ. പി സരിൻ തലേ ദിവസംവരെ യു.ഡി.എഫ് സ്ഥാനാർഥിയാകുമെന്ന പ്രതീക്ഷയിലായിരുന്നു. അത് കിട്ടാതായപ്പോൾ ഇരുട്ടിവെളുക്കുംമുമ്പുള്ള മറുകണ്ടം ചാടൽ ശത്രുപാളയത്തിലെ വിള്ളൽ പരമാവധി മുതലെടുക്കണമെന്നത് നേര്. ഇത്തരത്തിൽ സ്വതന്ത്രരെ പക്ഷം നിർത്തുന്നതിനെക്കുറിച്ച് സ. ഇ.എം.എസ് പലകുറി പറഞ്ഞിട്ടുണ്ട്. പല ഘട്ടത്തിലും നമുക്കത് പ്രയോജന പ്പെട്ടിട്ടുമുണ്ട്. എന്നാൽ അത് വയ്യാവേലിയായ സന്ദർഭങ്ങളും നിരവധിയാണ്. പി.വി. അൻവർ അതിലൊരു പ്രതീകം. പണ്ട് ഉദുമയിൽ നടത്തിയ പരീക്ഷണം ഓർമ്മയിൽ വരുന്നു. കോൺഗ്രസ് റിബൽ കുഞ്ഞിരാമൻ നമ്പ്യാരെ നമ്മുടെ സ്വതന്ത്രനാക്കി. ജയിച്ചു. പക്ഷേ, മാസങ്ങൾക്കകം മറുകണ്ടം ചാടി’ -പുസ്തകത്തിൽ പറയുന്നു.
അതിനിടെ, ചേലക്കരയിലെയും വയനാട്ടിലെയും പോളിങ് പൂർത്തിയായതോടെ പ്രചാരണയുദ്ധത്തിന് പ്രമുഖരുടെ പടയാണ് വരുംദിവസങ്ങളിൽ പാലക്കാട്ടെത്തുന്നത്. പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും നാളെ യു.ഡി.എഫ് റോഡ്ഷോയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ 16നും 17നും പാലക്കാട്ട് വിവിധ പൊതുയോഗങ്ങളിൽ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബുധനാഴ്ച പ്രചാരണപരിപാടികളിൽ സജീവമായിരുന്നു. വയനാടിന്റെ ചുമതലയുണ്ടായിരുന്ന എം.ടി. രമേശുൾപ്പെടെ ബി.ജെ.പി സംസ്ഥാന നേതാക്കൾ പാലക്കാട്ടെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വീണ്ടും അടുത്ത ദിവസമെത്തും.
റോഡ് ഷോ, ബൈക്ക് റാലി, ഫ്ലാഷ് മോബ്, സ്വീകരണ യോഗങ്ങൾ, അവസാനഘട്ട ഗൃഹസന്ദർശനം ഉൾപ്പെടെയുള്ള പരിപാടികളാണ് ഏഴു ദിവസത്തേക്ക് മുന്നണികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.