കണ്ണൂർ: കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. താനല്ല, ഇ.പി ജയരാജനാണ് ബി.ജെ.പിയിലേക്ക് പോകുകയെന്ന് സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘സുധാകരൻ പോകുന്നു എന്ന് പറഞ്ഞ് എന്റെ പേരുപയോഗിച്ച് എല്ലാവരും കളിച്ചല്ലോ... ഞാനല്ല ബി.ജെ.പിയിലേക്ക് പോകുന്നത്, ഇ.പി ജയരാജനാണ്. ശോഭസുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും മുഖേന ജയരാജൻ ചർച്ച നടത്തി. ചർച്ച ഒരു ഘട്ടം കഴിഞ്ഞപ്പോൾ പാർട്ടിയിൽനിന്ന് ഭയങ്കര ഭീഷണി നേരിട്ടു. അതുകൊണ്ട് പുള്ളി തൽക്കാലം പിൻമാറിയിട്ടുണ്ട്. ഇനി ഇലക്ഷൻ കഴിഞ്ഞാൽ എന്താകുമെന്ന് അറിയില്ല. ആറുമാസമായിട്ട് ഇ.പി ജയരാജൻ ബി.ജെ.പിക്കെതിരെ എന്തെങ്കിലും പ്രസ്താവന ഇറക്കിയോ? ഞാനെന്ത് പിഴച്ചിട്ടാ എന്റെ പേര് നിങ്ങൾ പറഞ്ഞത്?’ സുധാകരൻ ചോദിച്ചു.
ഗൾഫിൽ വെച്ചാണ് ഇ.പി ജയരാജനും ബി.ജെ.പി നേതൃത്വവും തമ്മിൽ ആദ്യ ചർച്ച നടന്നത്. അതിൽ ഒരു മധ്യവർത്തി ഉണ്ടായിരുന്നു. ഇയാൾ തന്നെയാണ് നമ്മളോട് വിവരം പറഞ്ഞത്. മധ്യവർത്തിയുടെ പേര് വെളിപ്പെടുത്തുന്നില്ല. അത് ശരിയല്ല. തൃശൂർ രാമനിലയത്തിൽ വെച്ചും ചർച്ച നടന്നിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ സ്ഥാനം നൽകാമെന്നാണ് ജയരാജന് ബി.ജെ.പി വാഗദാനം നൽകിയത്. തന്നെ തഴഞ്ഞ് ഗോവിന്ദൻ മാഷെ പാർട്ടി സെക്രട്ടറിയാക്കിയതിൽ ഇ.പി. ജയരാജൻ അസ്വസ്ഥനും നിരാശനുമാണ്. പാർട്ടിയിലെ അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം ഇത് ഒാപ്പണായി പറഞ്ഞിട്ടുണ്ട്. രഹസ്യം സൂക്ഷിക്കാൻ അദ്ദേഹത്തിന് അറിയില്ല -സുധാകരൻ പറഞ്ഞു.
തനിക്ക് നല്ലൊരു പട്ടിയുണ്ടെന്നും അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നും ഇന്നലെ സുധാകരൻ തുറന്നടിച്ചിരുന്നു. കൊട്ടിക്കലാശത്തിന്‍റെ ഭാഗമായി കണ്ണൂരില്‍ നടന്ന റോഡ് ഷോക്കിടെയായിരുന്നു സുധാകരന്റെ പ്രസ്താവന. ‘ആരെങ്കിലും ബി.ജെ.പിയിലേക്ക് പോയതിന് ഞാൻ എന്ത് പിഴച്ചു? ഞാൻ ബി.ജെ.പിയിൽ പോകും എന്ന് പറയുന്നതിന് അടിസ്ഥാനമില്ല. എനിക്ക് പോകണമെങ്കിൽ എന്നേ പോകാമായിരുന്നു? എനിക്ക് നല്ലൊരു പട്ടിയുണ്ട്. ബ്രൂണോ എന്നാണ് പേര്. അത് പോലും ബി.ജെ.പിയിലേക്ക് പോകില്ല. ഒമ്പതാം വയസ് മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചയാളാണ് ഞാൻ. എനിക്കറിയാം ആരെ എതിര്‍ക്കണം ആരെ അനുകൂലിക്കണമെന്ന്. ഞാൻ തൊട്ടവനും അറിയുന്നവനും എവിടെയെങ്കിലും പോയാല്‍ ഞാനാണോ ഉത്തരവാദി? അവര്‍ പോയത് കൊണ്ട് ഞാൻ ബി.ജെ.പിയില്‍ പോകും എന്നാണോ? ആറു മാസം എന്‍റെ കൂടെ നിന്ന സെക്രട്ടറിയാണ് ബി.ജെ.പിയില്‍ പോയത്. അയാളെ ഞാൻ പുറത്താക്കിയതാണ്. അയാള്‍ ബി.ജെ.പിയിലേക്ക് പോയതിന് ഞാൻ എന്താക്കാനാണ്’ -കെ സുധാകരൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.