കൽപറ്റ: വയനാടിനെ വരൾച്ചയിലേക്ക് നയിച്ചതിൽ പ്രധാന പങ്കുവഹിച്ച വനത്തിലെ യൂക്കാലി മരങ്ങൾ സംബന്ധിച്ച ആശങ്ക വീണ്ടും മുളക്കുന്നു. കേരള വനംവികസന കോർപറേഷന്റെ (കെ.എഫ്.ഡി.സി.) വനഭൂമികളിൽ യൂക്കാലിപ്റ്റസ് മരങ്ങൾ നടാൻ വനം മേധാവി അനുമതി നൽകിയതോടെയാണിത്.
വനംവകുപ്പിന്റെ പുതിയ നീക്കത്തോടെ വയനാട്ടിലെ കെ.എഫ്.ഡി.സിയുടെ പേര്യയിലെ തോട്ടത്തിൽ യൂക്കാലി മരങ്ങൾ നടാനാണ് സാധ്യതയെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. 200 ഹെക്ടറാണ് ഈ തോട്ടമുള്ളത്.
മാവൂർ ഗ്വാളിയോർ റയോൺസിനെ കേരളത്തിലേക്ക് കൊണ്ടുവന്നതിനെ തുടർന്നാണ് യൂക്കാലി മരങ്ങൾ വയനാടൻ കാടുകളിൽ നട്ടുവളർത്തിയത്. 1957ൽ റയോൺസുമായുള്ള കരാർപ്രകാരം മുളകൾ വ്യാപകമായി വയനാട്ടിൽ നട്ടിരുന്നു. കടലാസുണ്ടാക്കുന്നതിന് ഈ മുളകൾ വ്യാപകമായി വെട്ടി ചുരം ഇറങ്ങി. തുടർന്ന് ആവശ്യത്തിന് തികയാതെ വന്നതോടെയാണ് 1970ൽ റയോൺസിനായി യൂക്കാലി മരങ്ങൾ പിടിപ്പിച്ചത്.
വയനാട് വന്യജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി, മുത്തങ്ങ, തോൽപെട്ടി റേഞ്ചുകൾ, തിരുനെല്ലി ബ്രഹ്മഗിരി മലനിരകളുടെ പടിഞ്ഞാറൻ ചെരിവുകൾ, പടിഞ്ഞാറത്തറ ലേഡി സ്വീറ്റ് മേഖലകൾ, ബേഗൂർ റേഞ്ച് തുടങ്ങിയ വനപ്രദേശങ്ങളിലാണ് യൂക്കാലി മരങ്ങൾ വ്യാപകമായി നട്ടത്.
സമീപ പ്രദേശങ്ങളിലെ ജലസ്രോതസുകൾ അപ്പാടെ വറ്റിവരളാൻ യൂക്കാലി മരങ്ങൾ കാരണമായി. ഇതിന്റെ വേരുകൾ വ്യാപകമായി വെള്ളം ഊറ്റിയെടുക്കുന്നതാണ് കാരണം.
യൂക്കാലി, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയ വിദേശ ഏകവിളത്തോട്ടങ്ങളിൽ അടിക്കാടുകൾ വളരുകയില്ല. ഇതോടെ മൃഗങ്ങൾക്ക് വെള്ളവും തീറ്റയും കിട്ടാതെവരുകയും അവ കാടിറങ്ങുകയും ചെയ്തു.
യൂക്കാലി നട്ടതാണ് വയനാട്ടിൽ വരൾച്ചയും ജലക്ഷാമവും രൂക്ഷമായ വന്യജീവി പ്രശ്നവും ഉണ്ടാകാൻ പ്രധാന കാരണമായത്. കബനി നദി വറ്റിവരാളാനും ഇത് വലിയതോതിൽ കാരണമായിട്ടുണ്ട്.
പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടായതോടെ യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നത് വിലക്കി 2017ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. 2021ൽ വനനയം പ്രഖ്യാപിച്ചപ്പോൾ ഇത്തരം മരങ്ങൾ ഉന്മൂലനംചെയ്ത് പകരം തദ്ദേശീയ ഇനങ്ങളായ മാവ്, പ്ലാവ്, കാട്ടുനെല്ലി, വാക, കാട്ടുപുളി, മലവേപ്പ്, ഞാവൽ, അത്തി തുടങ്ങിയ മരങ്ങൾ നട്ടുപിടിപ്പിക്കണമെന്ന് തീരുമാനിച്ചു.
2017ലെ ഉത്തരവിനും 2021ലെ വന നയത്തിനും വിരുദ്ധമാണ് വനംവകുപ്പിന്റെ ഇപ്പോഴത്തെ തീരുമാനം.
അടുത്തകാലത്ത് വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലധികവും ഏകവിളത്തോട്ടങ്ങളോട് ചേർന്നയിടങ്ങളാണ്. ജനകീയ പ്രതിഷേധമടക്കം ഉണ്ടായതോടെയാണ് 1984ഓടെ വയനാട്ടിലെ കാടുകളിൽ യൂക്കാലി മരങ്ങൾ നടുന്നത് അധികൃതർ നിർത്തിയത്. വയനാട്ടിൽ നിലവിലുള്ള യൂക്കാലി മരങ്ങൾ ആർക്കും പ്രയോജനമില്ലാതെ പരിസ്ഥിതി നശിപ്പിച്ച് നിൽക്കുകയാണ് ഇന്നും.
കേന്ദ്രനിയമം മൂലം വന്യജീവി സങ്കേതത്തിലെ യൂക്കാലി മരങ്ങൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണ്. മറ്റിടങ്ങളിലെ യൂക്കാലി മരങ്ങൾക്കാകട്ടെ ആവശ്യക്കാരുമില്ല. പൾപ്പ് ആവശ്യങ്ങൾക്കല്ലാതെ യൂക്കാലി മരങ്ങൾ കൊണ്ട് മറ്റ് പ്രയോജനങ്ങൾ കാര്യമായി ഇല്ലാത്തതാണ് കാരണം.
കൽപറ്റ: കേരളത്തിലെ പശ്ചിമഘട്ട കർഷകഗ്രാമങ്ങളിൽ തുടർന്നുകൊണ്ടിരിക്കുന്ന മനുഷ്യ വന്യജീവി സംഘർഷത്തിന്നും തീരാത്ത ദുരിതത്തിനും കാരണമായ യൂക്കാലി, അക്കേഷ്യ തുടങ്ങിയ വിദേശ മരങ്ങളുടെയും തേക്കിന്റെയും തോട്ടങ്ങൾ പുനരാരംഭിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനം ചെറുക്കുമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി അറിയിച്ചു. കേരളത്തിലെ പരിസ്ഥിതിയെ നൂറുകൊല്ലം പിറകോട്ടു കൊണ്ടുപോകുന്ന തീരുമാനമാണിത്.
ഇത്തരം വൃക്ഷങ്ങൾ കാട്ടിൽ നടുന്നത് വിലക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവിന്റെയും 2021ലെ കേരള വനനയത്തിന്റെയും നഗ്നമായ ലംഘനമാണ് കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷന് യൂക്കാലി നടാൻ അനുമതി നൽകിക്കൊണ്ടുള്ള വനം മേധാവിയുടെ ഉത്തരവ്. 1988ലെ നാഷനൽ ഫോറസ്റ്റ് പോളിസി പ്രകാരം വനങ്ങൾ വ്യവസായികാവശ്യത്തിനുള്ള അസംസ്കൃത വിഭവങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നതിന്ന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
അസംസ്കൃത പഥാർഥങ്ങളുടെ ലഭ്യതക്കുറവും കെടുകാര്യസ്ഥതയുംമൂലം അകാല ചരമമടഞ്ഞ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറിയെയും നശിച്ചുകൊണ്ടിരിക്കുന്ന കെ.എഫ്.ഡി.സിയെയും പുതിയ കറവപ്പശുവാക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണ് പുതിയ തീരുമാനം.
മാവൂർ ഗ്വാളിയോർ റയോൺസിന് നാമമാത്ര വിലക്ക് മുള ലഭ്യമാകാതായതോടെ യൂക്കാലി കൃഷിചെയ്ത് യൂക്കാലിത്തടിയും സൗജന്യ വൈദ്യുതിയും വെള്ളവും നൽകി കേരളത്തെ നരകതുല്ല്യമാക്കിയതിന്റെ തനിയാവർത്തനമാണ് നടക്കാൻ പോകുന്നത്. കേരളത്തിലെ മറ്റ് പരിസ്ഥിതി സംഘടനകളുമായി യോജിച്ച് നീക്കത്തെ ചെറുക്കും. ഇതിനായി യോഗ ചേർന്ന് ഭാവി സമരപരിപാടികൾ ആസൂത്രണം ചെയ്യുമെന്നും പ്രകൃതി സംരക്ഷണ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.