കോട്ടയം: യു.ഡി.എഫ് വിട്ട് എൻ.സി.പിയിലേക്ക് തിരിച്ചുപോകുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് മാണി സി. കാപ്പൻ എം.എൽ.എ. എൻ.ഡി.എയിലേക്ക് പോയാലും എൽ.ഡി.എഫിലേക്ക് ഇല്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തെറ്റായ വാർത്ത നൽകിയതിന് പിന്നിൽ ആരാണെന്ന് അറിയില്ല. എൻ.സി.പിയിലേക്ക് മടങ്ങുമെന്നത് സംബന്ധിച്ചും മന്ത്രി സ്ഥാനം സംബന്ധിച്ചും ഒരു ചർച്ചയും നടന്നിട്ടില്ല. മുന്നണി മാറാൻ തീരുമാനിച്ചിട്ടില്ല.
ശരത് പവാറിനെ സ്ഥിരമായി കാണാറുണ്ട്. ഇനിയും പോയിക്കാണും. അത് പതിവാണ്. എന്നാൽ, എൻ.സി.പിയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ലെന്നും മാണി സി. കാപ്പൻ പറഞ്ഞു.
യു.ഡി.എഫ് പിന്തുണയോടെ പാലായിൽ വിജയിച്ച മാണി സി. കാപ്പൻ എൻ.സി.പിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്നായിരുന്നു റിപ്പോർട്ട്. വനംമന്ത്രി എ.കെ. ശശീന്ദ്രനെ മാറ്റി മന്ത്രിയാക്കാമെന്ന വാഗ്ദാനം എൻ.സി.പി സംസ്ഥാന നേതൃത്വം മാണി സി. കാപ്പന് നല്‍കിയിട്ടുണ്ടെന്നും ഇതിൽ പറഞ്ഞിരുന്നു.
പാലായിൽ എൽ.ഡി.ഫ് സ്ഥാനാർഥിയായിരുന്ന ജോസ് കെ. മാണിയെ 14,646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മാണി സി. കാപ്പൻ പരാജയപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് മാണി സി. കാപ്പൻ എൻസിപി വിട്ടത്. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നായിരുന്നു തീരുമാനം. പിന്നീട് നാഷനലിസ്റ്റ് കോൺഗ്രസ് കേരള (എൻ.സി.കെ) എന്ന പാർട്ടി രൂപീകരിച്ച കാപ്പൻ, പാലായിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.