തിരുവനന്തപുരം: ഭരണവിരുദ്ധവികാരമല്ല പരാജയകാരണമെന്ന് മുഖ്യമന്ത്രിയടക്കം ആവർത്തിക്കുമ്പോഴും നേതൃത്വത്തിനെതിരെ വിമർശനവും ചോദ്യങ്ങളുമുയർത്തി മുൻമന്ത്രി തോമസ് ഐസക്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നെന്ന വിശദീകരണം നൽകി മുന്നോട്ടുപോകാനാവില്ല. എന്തുകൊണ്ട് ജനം അങ്ങനെ ചെയ്തു എന്ന് മനസ്സിലാക്കി തിരുത്തുകയാണ് വേണ്ടതെന്നും ഐസക് യൂട്യൂബ് ചാനലിൽ നൽകിയ അഭിമുഖത്തിൽ തുറന്നടിച്ചു. കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ധരിച്ച് ജനം യു.ഡി.എഫിന് വോട്ടുചെയ്തെന്ന മുഖ്യമന്ത്രിയുടെ ന്യായവാദങ്ങൾക്കു മുന്നിലാണ് ഐസക്കിന്റെ പരസ്യമായ തിരുത്ത്.
‘‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ അനുഭാവിവൃന്ദത്തിൽ ഒരു ഭാഗം പാർട്ടിക്ക് വോട്ടുചെയ്തിട്ടില്ല, എതിരായി വോട്ടു ചെയ്തു. അത് എന്തുകൊണ്ടെന്ന് മനസ്സിലാക്കണമെങ്കിൽ ഒറ്റയ്ക്കൊറ്റക്ക് മാത്രമല്ല, തുറന്ന സംവാദങ്ങളുണ്ടാകണം. അഴിമതി സംബന്ധിച്ച പല ആക്ഷേപങ്ങളും വന്നിട്ടുണ്ട്. അതിലുള്ള ദേഷ്യമാണോ, സർക്കാറിന്റെ പ്രവർത്തനങ്ങളിലുള്ള അനിഷ്ടമാണോ, ആനുകൂല്യങ്ങൾ കിട്ടാതെ വന്നപ്പോഴുള്ള അതൃപ്തിയാണോ...എന്നീ കാര്യങ്ങളിലെല്ലാം ചർച്ച വേണം. പാർട്ടി ജനങ്ങളുടേതാണ്. തുറന്ന മനസ്സോടെ അവരുടെ വിമർശനങ്ങളെല്ലാം കേൾക്കണം. ഇതൊന്നും പാർട്ടിക്കുള്ളിൽ മാത്രം ചർച്ച ചെയ്ത് തീരുമാനിക്കാനുള്ള കാര്യങ്ങളല്ല. പാർട്ടിയിൽ ചർച്ച ചെയ്യുമ്പോഴും ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നെന്നറിയാൻ ചെവി വേണം. സി.പി.എമ്മിന്റെ അടിത്തറയിൽ 80 ശതമാനവും സമൂഹത്തിലെ ഏറ്റവും താഴത്തുള്ള 40 ശതമാനത്തിൽനിന്നാണ്.
വരുമാനം കുറഞ്ഞ വിഭാഗങ്ങളിലേക്കെത്തുമ്പോൾ ഈ പിന്തുണ വർധിക്കുകയാണ് ചെയ്യുക. ഇവർ എങ്ങനെയാണ് നിന്ന സ്ഥലത്തുനിന്ന് മാറിയത് എന്നതറിയാൻ തുറന്ന് പരിശോധിക്കുകയും ജനങ്ങളോട് തുറന്ന് സംസാരിക്കുകയും ചെയ്യണമെന്നും ഐസക് അഭിമുഖത്തിൽ വിശദീകരിക്കുന്നു. നിക്ഷ്പക്ഷരായ യുവാക്കളെയടക്കം അകറ്റുന്ന രീതിയിലെ പദപ്രയോഗങ്ങളും ശൈലികളും രീതികളും സമൂഹമാധ്യമങ്ങളിലുണ്ടായെന്നും ഇത് വിപരീത ഫലങ്ങൾ സൃഷ്ടിച്ചെന്നും യൂട്യൂബ് അഭിമുഖത്തിൽ ഐസക് വ്യക്തമാക്കി. മാന്യതയുടെ സീമ വീട്ട് അപ്പുറത്തുള്ളവർ ചെയ്യുന്നുവെന്ന ന്യായം പറഞ്ഞ് സ്വയം സൈബർ പോരാളികളായി പ്രഖ്യാപിച്ച് അത്തരമൊന്നിന് മുതിരേണ്ടയെന്നും ഐസക് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.