എ. വിജയരാഘവൻ

‘എല്ലാവരും എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ട’; ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി എ. വിജയരാഘവൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെ ഉയർന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാതെ സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവൻ. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ഉയർന്ന ആരോപണത്തിൽ സർക്കാർ അന്വേഷണം നടത്തുകയാണെന്ന് വിജയരാഘവൻ പറഞ്ഞു.

“എല്ലാവരും എല്ലാ വിഷയത്തിലും പ്രതികരിക്കേണ്ടതില്ല. പൊതുവേ നല്ല നിലയിൽ പ്രവർത്തിക്കുന്ന ഭരണസംവിധാനമാണ് കേരളത്തിലേത്. ക്രമസമാധാനപാലനവും മികച്ചതാണ്. അൻവർ അദ്ദേഹത്തിന് ബോധ്യപ്പെട്ട ചില കാര്യങ്ങളിൽ പ്രതികരിക്കുകയും മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ സർക്കാർ തീരുമാനമെടുത്ത് മുന്നോട്ടു പോകുന്നുണ്ട്. ന്യായമായ രീതിയിൽ പരിഹാരം കാണാനുള്ള ശ്രമം സർക്കാറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകും” -വിജയരാഘവൻ പറഞ്ഞു.

അൻവറിന്‍റെ വെളിപ്പെടുത്തലുകളും അതിന്മേലുള്ള ചർച്ചയും ഇന്നലെ കഴിഞ്ഞെന്നും മറ്റു വിഷയങ്ങൾ സർക്കാർ തീരുമാനിക്കുമെന്നും വിജയരാഘവൻ പറഞ്ഞു. പി. ശശിക്കെതിരെ പി.വി. അൻവർ ഉയർത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാൻ വിജയരാഘവൻ തയാറായില്ല. നേരത്തെ പി.വി. അൻവറിനെ തുടർച്ചയായ രണ്ടാം തവണയും തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മുൻകൈയെടുത്ത പ്രധാന നേതാക്കളിൽ ഒരാളാണ് വിജയരാഘവൻ.

അതേസമയം പി.ശശിക്കെതിരെ ഉയർന്ന ആരോപണത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ച നടത്തുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി പി.വി അൻവർ താൻ ഉന്നയിച്ച ആരോപണങ്ങളിൽ രേഖാമൂലം പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണത്തിനുള്ള നീക്കം സി.പി.എം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നത്.

Tags:    
News Summary - 'Everyone need not respond on every issue'; A Vijayaraghavan avoids questions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.