രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്പളം കെ.പി.സി.സി വയനാട് പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്‍കി

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കെ.പി.സി.സിയുടെ ധനസമാഹരണ യജ്ഞത്തിലേക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം.പി ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. 2,30,000 രൂപയാണ് സംഭാവന നല്‍കിയതെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു.

വീടും ജീവനോപാധിയും നഷ്ടപ്പെട്ട വയനാട് ജനതയെ അതിജീവനത്തിലേക്ക് മടക്കി കൊണ്ടു വരുന്നതിന് ദുരന്തസ്ഥലം സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രഖ്യാപനം കെ.പി.സി.സി ഏറ്റെടുത്ത് കൊണ്ട് അതിനാവശ്യമായ ഫണ്ട് ശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അതിന്റെ ഭാഗമായി സ്റ്റാന്‍ഡ് വിത്ത് വയനാട്-ഐ.എൻ.സി എന്ന മൊബൈല്‍ ആപ്പ് ധനസമാഹരണത്തിന് ഒരുക്കി.


വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ പുരോഗതി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി നേരിട്ടാണ് വിലയിരുത്തുന്നത്. പാര്‍ട്ടി ഘടകങ്ങളും പോഷകസംഘടനകളും സെല്ലുകളും എം.പിമാരും എം.എൽ.എമാരും കൈമാറേണ്ട തുക നിശ്ചയിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേതാക്കള്‍ക്കും മൊബൈല്‍ ആപ്പ് വഴി സംഭാവന നേരിട്ട് കൈമാറാവുന്നതാണ്. സംഭാവന ബാങ്ക് അക്കൗണ്ടില്‍ സ്വീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ സംഭാവന നല്‍കിയ വ്യക്തിക്ക് കെപിസിസി പ്രസിഡന്റിന്‍റെയും പ്രതിപക്ഷ നേതാവിന്‍റെയും ഒപ്പോട് കൂടിയ ഡിജിറ്റല്‍ രസീതും എസ്.എം.എസ് വഴി നേരിട്ടുള്ള സന്ദേശവും ലഭിക്കും.

ഡിജിറ്റല്‍ രസീത് ആപ്പ് വഴി പ്രിന്റ് എടുക്കാനുള്ള സൗകര്യവുമുണ്ട്. ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനായി ഒന്‍പത് അംഗ കമ്മിറ്റിക്ക് കെ.പി.സി.സി രൂപം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ജില്ലാതലത്തില്‍ ഉപസമിതികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. ദുരന്തം നടന്ന വയനാട് ജില്ലയിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കെ.പി.സി.സി ഒഴിവാക്കിയിട്ടുണ്ട്.

Tags:    
News Summary - KPCC Wayanad Rehabilitation Fund: Rahul Gandhi donates one month's salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.