മാലിന്യനിർമാർജന യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് പി. രാജീവ്‌

കൊച്ചി: മാലിന്യനിർമാർജന യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി പി. രാജീവ്‌. മന്ത്രിയുടെ നേതൃത്വത്തിൽ കളമശ്ശേരി മണ്ഡലത്തിൽ നടപ്പിലാക്കുന്ന ശുചിത്വത്തിന് ഒപ്പം കളമശ്ശേരി ക്യാമ്പയിനുമായി ബന്ധപ്പെട്ട് ജില്ലാ പ്ലാനിങ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കളമശ്ശേരി നിയമസഭാ മണ്ഡലത്തെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ശുചിത്വത്തിന് ഒപ്പം കളമശ്ശേരി ക്യാമ്പയിനിന്റെ ഭാഗമായി ജൂൺ മൂന്നു മുതൽ അഞ്ചുവരെ നടക്കുന്ന മാലിന്യ നിർമാർജന യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു.

ജനകീയ പങ്കാളിത്തത്തോടെ മണ്ഡലത്തിലെ ഹയർസെക്കൻഡറി സ്കൂളുകൾ മുതൽ കോളജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, നാഷണൽ സർവീസ് സ്കീം, ഹരിതകർമ്മസേന, കുടുംബശ്രീ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജൂൺ മൂന്നിന് വാർഡ് അംഗങ്ങളുടെയും, കുടുംബശ്രീ ഹരിത കർമസേന പ്രവർത്തകരുടെയും നേതൃത്വത്തിൽ പഞ്ചായത്തുകളിൽ ഭവന സന്ദർശനം നടത്തി വീടുകളിൽ നിന്നുള്ള മാലിന്യങ്ങൾ ശേഖരിച്ച് ബോധവൽക്കരണം നൽകും.

ജൂൺ നാലിന് ഹയർസെക്കൻഡറി കോളജ് തലങ്ങളിലുള്ള വിദ്യാർഥികളുടെയും, ജനപ്രതിനിധികളുടെയും, പൊതുപ്രവർത്തകരുടെയും, റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ മാസ് ക്ലീനിങ് ഡ്രൈവ് നടക്കുമെന്ന് മന്ത്രി പറഞ്ഞു.

മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുമുള്ള ഹയർസെക്കൻഡറി, കോളജ് വിദ്യാർഥികൾ യജ്ഞത്തിൽ പങ്കാളികളാകും. മാലിന്യങ്ങൾ കെട്ടിക്കിടക്കുന്ന പൊതുവിടങ്ങൾ കണ്ടെത്തി ഈ ദിവസം ശുചീകരിക്കും. വൃത്തിയാക്കിയ പൊതു ഇടങ്ങളിൽ ഓപ്പൺ ജിമ്മുകൾ സ്ഥാപിക്കാൻ നടപടി സ്വീകരിക്കും.

ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ വൃത്തിയാക്കിയ സ്ഥലങ്ങളിൽ ചെടികളും മരങ്ങളും ഔഷധ സസ്യങ്ങളും നട്ട് പിടിപ്പിക്കും. റസിഡന്റ്സ് അസോസിയേഷനുകൾക്ക് ഇതിന്റെ പരിപാലന ചുമതല നൽകും. വൃത്തിയാക്കിയ സ്ഥലങ്ങളിൽ വീണ്ടും മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ ക്യാമറകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ വിദ്യാലയങ്ങളിലും പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഹരിത ചട്ടം പാലിച്ചുകൊണ്ടാണ് വിദ്യാലയങ്ങളിൽ പ്രവേശനോത്സവം നടക്കുക. മാലിന്യ സംസ്കരണത്തെ കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കാനുള്ള പ്രവർത്തനങ്ങളും വിദ്യാലയങ്ങളിൽ നടപ്പിലാക്കും.

മാലിന്യ സംസ്കരണ യജ്ഞത്തിന്റെ രണ്ടാം ദിവസമായ ജൂൺ നാലിന് രാവിലെ ഒമ്പതിന് അരംഭിക്കുന്ന മാസ് ക്ലീനിങ് ഡ്രൈവിൽ മന്ത്രി. പി. രാജീവ്‌, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കലക്ടർ എൻ.എസ്.കെ ഉമേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളാകും.

യോഗത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി .ജി. അലക്സാണ്ടർ, നവ കേരള മിഷൻ ജില്ലാ കോ ഓഡിനേറ്റർ എസ്. രഞ്ജിനി, വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Everyone should participate in the garbage disposal campaign. P Rajiv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.