'ഇവിടെ എല്ലാം ഓക്കെയാണ് സർ, ജനങ്ങൾക്ക് മാത്രമാണ് ദുരിതമുള്ളത്..!'; മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാതയിൽ വൻ പ്രഹസനം

അരൂർ: രാവിലെ മുതൽ അരൂർ - തുറവൂർ ദേശീയപാതയിൽ നിർമാണം പല സ്ഥലത്തും നിർത്തിവച്ചു. റോഡിൽ വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കി. ഉണങ്ങിയപാതയിൽ പൊടി പറക്കാതിരിക്കാൻ കൂടെ കൂടെ നനച്ചുകൊടുത്തു. മുട്ടിനു മുട്ടിന് പൊലീസ് കാവൽ നിന്ന് ഗതാഗത തടസങ്ങൾ ഒഴിവാക്കി. ദേശീയപാതയിലേക്ക് തള്ളി നിൽക്കുന്ന ബാരികേഡുകൾ മാറ്റി സ്ഥാപിച്ചു. ഗതാഗത തടസം ഉണ്ടാക്കുന്ന വസ്തുക്കൾ ദേശീയപാതയിൽ നിന്ന് ഒഴിവാക്കി. അപകടകരമായ കുഴികൾ പലതും അടിയന്തരമായി നികത്തി.

ഉയരപ്പാത നിർമാണം തുടങ്ങിയപ്പോൾ മുതൽ ഒന്നര വർഷക്കാലം 27 പേരുടെ ജീവൻ നഷ്ടപ്പെടുകയും അതിലേറെ ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത പാതയിലൂടെ മുഖ്യമന്ത്രി പിണറാ‍യി വിജയൻ ഒരു ദിവസം കടന്നുപോയപ്പോൾ ഉണ്ടായ മാറ്റമാണിത്. മുഖ്യമന്ത്രിയുടെ യാത്ര കാരണം ഒരു ദിവസമെങ്കിൽ ഒരു ദിവസം നാട്ടുകാർക്ക് സ്വസ്ഥമായി സഞ്ചരിക്കാനായി.

വയലാർ രക്തസാക്ഷി വാരാചരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയാതായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരടക്കമുള്ളവർ സാധാരണ യാത്ര ചെയ്യാൻ മടിക്കുന്ന ദുരിത പാതയിലൂടെയായിരുന്നു മുഖ്യമന്ത്രി പോകുന്നതെന്ന് പൊലീസ് നിർമാണ കമ്പനിയെ നേരത്തെ അറിയിച്ചു. തുടർന്നായിരുന്നു ഒരുദിവസത്തെ പ്രഹസനം ദേശീയപാതയിൽ അരങ്ങേറിയത്.

നിരവധി പേരുടെ ജീവനെടുത്ത ഉയരപാത നിർമാണത്തിന്റെ അശാസ്ത്രീയതക്കെതിരെ ജനകീയ സമിതികൾ നിരവധി അരൂർ മേഖലയിൽ രൂപീകരിച്ച് സമരങ്ങൾ നടത്തി. പലരും പൊലീസ് കേസുകളിൽ പെട്ടു. ഹൈക്കോടതിയും മനുഷ്യാവകാശ കമീഷനും പാർലമെൻററി മെമ്പർമാരുടെ സംഘവും തുടങ്ങി നിരവധി സർക്കാർ ഏജൻസികൾ പാതയിലെ ദുരിതങ്ങൾ പഠിക്കാൻ എത്തി.

അനവധി നിർദേശങ്ങൾ മുന്നോട്ടുവച്ചു. എന്നിട്ടും യാത്രക്കാരുടെ ദുരിതങ്ങൾക്ക് അരുതി വരുത്താൻ കഴിഞ്ഞില്ല. ഇതിനിടയിലാണ് മുഖ്യമന്ത്രി ഇന്ന് എറണാകുളത്തു നിന്നും ആലപ്പുഴയിലേക്കും, വയലാറിൽ എത്തി വീണ്ടും ആലുവയിലേക്കും യാത്ര ചെയ്യുമെന്ന് അറിഞ്ഞത്.

അരൂർ മുതൽ തുറവൂർ വരെയുള്ള റോഡിലെ തടസങ്ങൾ നേരിട്ട് അറിയാൻ മുഖ്യമന്ത്രിക്ക് അവസരമാകുമെന്ന് നാട്ടുകാരും, യാത്രക്കാരും പ്രതീക്ഷിച്ചു. എന്നാൽ എല്ലാ പ്രതീക്ഷകളും അസ്ഥാനത്താക്കിക്കൊണ്ട് ഒരു തടസവുമില്ലാത്ത വഴിയൊരുക്കാൻ ഉയരപ്പാത നിർമാണം കരാർ എടുത്തിരിക്കുന്ന അശോകാ ബിൽഡ് കോൺ എന്ന കമ്പനി തയാറെടുത്തതോടെ നാട്ടുകാരുടെ സകല കണക്ക് കൂട്ടലും തെറ്റുകയായിരുന്നു.

Tags:    
News Summary - Everything was safe when the chief minister traveled on the distressed road where the elevated road was being constructed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.