നഷ്ടപ്പെടാനൊന്നുമില്ലാതെ ഉശിരൻ കളി പുറത്തെടുത്ത താഴ്വരക്കാർക്കു മുന്നിൽ കഷ്ടിച്ചൊരു ജയം. ഡെക്കാൻ അറീനയിൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബാൾ മൂന്നാം ക്വാർട്ടറിൽ ജമ്മു-കശ്മീരിനെതിരായ കേരളത്തിന്റെ ജയത്തെ ഒറ്റവാചകത്തിൽ ഇങ്ങനെയൊതുക്കാം. 72ാം മിനിറ്റിൽ നസീബ് റഹ്മാൻ നേടിയ ഗോളിൽ കശ്മീരിനെ മറികടന്ന കേരളം ഞായറാഴ്ച സെമിഫൈനലിൽ മണിപ്പൂരിനെ നേരിടും.
5-4-1 എന്ന പതിവു ശൈലിയിൽ പ്രതിരോധത്തിന് കൂടുതൽ പ്രാമുഖ്യം നൽകിയാണ് കോച്ച് ബിബി തോമസ് കേരളത്തെ ഇറക്കിയത്. മുഹമ്മദ് മുഷറഫിന് പകരം പ്രതിരോധത്തിൽ മുഹമ്മദ് അസ്ലമിനായിരുന്നു നിയോഗം. ഗോൾവലക്ക് കീഴിൽ ഹജ്മൽ തിരിച്ചെത്തി. ക്യാപ്റ്റൻ സഞ്ജുവിനൊപ്പം മനോജ്, ജോസഫ് ജസ്റ്റിൻ, മുഹമ്മദ് റിയാസ്, അസ്ലം എന്നിവർ പിൻനിര കാത്തപ്പോൾ ക്രിസ്റ്റി ഡേവിസ്, നിജോ ഗിൽബർട്ട്, നസീബ് റഹ്മാൻ, മുഹമ്മദ് അർഷഫ് എന്നിവർ മധ്യനിരയിലും അണിനിരന്നു. മുഹമ്മദ് അജ്സലായിരുന്നു ഏക സ്ട്രൈക്കർ. കൂട്ട ആക്രമണം മുന്നിൽകണ്ട് നാലു സ്ട്രൈക്കർമാരെ വിന്യസിച്ച് 3-3-4 ശൈലിയിലാണ് കോച്ച് മെഹ്റാജുദ്ദീൻ വാദൂ കശ്മീരിനെ ഇറക്കിയത്.
കേരളത്തിന്റെ ടച്ചോടെയായിരുന്നു തുടക്കം. ആദ്യ മിനിറ്റിൽതന്നെ കശ്മീർ ആക്രമണം കോർണറിൽ കലാശിച്ചു. പിന്നാലെ ഇരട്ട കോർണറുമായി കേരളവും എതിർ ബോക്സിൽ അപായ സൂചന നൽകി. 13ാം മിനിറ്റിൽ കശ്മീർ ഗോളി മാജിദ് അഹ്മദിന് കേരളത്തിന്റെ ഓപൺ പരീക്ഷണം. ഇടതു വിങ്ങിലൂടെ ബോക്സിലേക്ക് കടന്ന മുഹമ്മദ് റിയാസ് നൽകിയ പന്ത് നസീബ് റഹ്മാനിൽനിന്ന് മുഹമ്മദ് അസ്ലമിലേക്ക്. അസ്ലമിന്റെ ഷോട്ട് പക്ഷേ ദുർബലമായി. മൂന്നു മിനിറ്റിന് ശേഷം നസീബ് റഹ്മാന്റെ ഷോട്ടും എതിർഗോളി കൈയിലൊതുക്കി.
കളി 20 മിനിറ്റ് പിന്നിട്ടതോടെ കശ്മീർ കളിയിൽ താളം തിരിച്ചുപിടിച്ചു. കേരള ബോക്സിലേക്ക് ക്യാപ്റ്റൻ ആഖിഫ് ജാവേദും അദ്നാൻ അയ്യൂബും പലതവണയെത്തി. 24ാം മിനിറ്റിൽ കോർണർ കിക്കിൽനിന്ന് ലഭിച്ച പന്തിൽ അദ്നാൻ അയ്യൂബിന്റെ ഗ്രൗണ്ടർ ഗോളി ഹജ്മൽ പിടിച്ചെടുത്തു. മൂന്നു മിനിറ്റിനു ശേഷം കശ്മീരിന് ഗോൾഡൻ ചാൻസ് പിറന്നു.
ക്യാപ്റ്റൻ ആഖിഫ് ബോക്സിലേക്ക് നൽകിയ പന്ത് അദ്നാൻ മിസ് ചെയ്തെങ്കിലും വന്നെത്തിയത് മധ്യനിര താരം താലിബ് നസീറിന്റെ കാലിൽ. സമയമെടുത്ത് പാകപ്പെടുത്തി തൊടുത്ത ഷോട്ട് പക്ഷേ, ക്രോസ് ബാറിന് മുകളിലേക്കായി. ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ, ജോസഫ് ജസ്റ്റിന്റെ പാസിൽ നസീബ് റഹ്മാന്റെ ഷോട്ട് ലക്ഷ്യം കണ്ടില്ല.
കേരളത്തിന്റെ രണ്ട് തുടർ ആക്രമണങ്ങളോടെയാണ് രണ്ടാം പകുതി ഉണർന്നത്. വലതു ബോക്സിന് പുറത്തുനിന്ന് ജോസഫ് ജസ്റ്റിന്റെ ഒന്നാന്തരം വോളി കശ്മീർ ഗോളി ശ്രമകരമായി രക്ഷപ്പെടുത്തി. പിന്നാലെ ജോസഫിന്റെ പാസ് സ്വീകരിച്ച് നിജോ ഗിൽബർട്ട് എതിർതാരത്തെ മറികടന്ന് പായിച്ച ഷോട്ട് പക്ഷേ ക്രോസ് ബാറിന് പുറത്തേക്കായിരുന്നു. ഇതിനിടെ അജ്സലിനെ കശ്മീർ പ്രതിരോധം ഫൗൾ ചെയ്തതിന് 61ാം മിനിറ്റിൽ ഫ്രീകിക്ക്. കിക്കെടുത്ത നിജോയുടെ ഷോട്ട് എതിർ ഗോളി വീണുകിടന്ന് രക്ഷപ്പെടുത്തി. റീബൗണ്ട് വലയിലെത്തിക്കാനുള്ള റിയാസിന്റെ ശ്രമം പാഴായി. സ്റ്റാർ സ്ട്രൈക്കർ മുഹമ്മദ് അജ്സൽ നിറം മങ്ങിയതോടെ 71ാം മിനിറ്റിൽ കോച്ച് ബിബി തോമസ് കേരളനിരയിൽ രണ്ടു മാറ്റം വരുത്തി. അജ്സലിന് പകരം അർജുനെയും പ്രതിരോധത്തിൽ മുഹമ്മദ് അസ്ലമിന് പകരം മുഹമ്മദ് മുഷറഫിനെയും രംഗത്തിറക്കി. ഇതോടെ കളിയുടെ വേഗം വർധിച്ചു. 73ാം മിനിറ്റിൽ കാത്തിരുന്ന ഗോൾ പിറന്നു.
ബോക്സിനകത്ത് അർജുനെ ലക്ഷ്യമിട്ട് ജോസഫ് ജസ്റ്റിൻ ചെത്തിയിട്ട പന്ത് ഹെഡ് ചെയ്ത് ഒഴിവാക്കാനുള്ള കശ്മീർ പ്രതിരോധ താരം ആതിർ ഇർഷാദിന്റെ ശ്രമത്തിനിടെ പന്ത് നസീബ് റഹ്മാന് ലഭിച്ചു. നെഞ്ചിലിറക്കി സമയമൊട്ടും പാഴാക്കാതെ വലങ്കാലുകൊണ്ട് ഫിനിഷിങ്. ഗോളി മാജിദിന് ഒരവസരവും നൽകാതെ പന്ത് വലയിൽ. സമനില ഗോളിനായി കശ്മീർ നടത്തിയ ശ്രമത്തിനൊടുവിൽ 88ാം മിനിറ്റിൽ സുവർണാവസരം ലഭിച്ചു. കേരള ബോക്സിലേക്ക് പറന്നിറങ്ങിയ പന്തിൽ കശ്മീർ താരം സാഹിൽ റഷീദിന്റെ ഹെഡർ ശ്രമം ഗോളി ഹജ്മൽ പഞ്ച് ചെയ്ത് രക്ഷപ്പെടുത്തി. ഗോളി സ്ഥാനംതെറ്റി നിൽക്കെ ഒഴിഞ്ഞ പോസ്റ്റിലേക്ക് റീബൗണ്ട് പന്ത് പായിക്കാൻ ഷമീർ താരിഖിനായില്ല. കേരള താരങ്ങൾ ആശ്വാസ നെടുവീർപ്പോടെ നിന്ന നിമിഷം. ഇഞ്ചുറി ടൈമിൽ കശ്മീർ ഒന്നിലേറെ മുന്നേറ്റം നടത്തിയെങ്കിലും ഗോൾ മാത്രം അകന്നുനിന്നു.
രണ്ടാം മത്സരത്തിൽ സർവിസസിന്റെ ജയത്തോടെ സെമി ഫൈനൽ ലൈനപ്പ് പൂർത്തിയായി. ഞായറാഴ്ച ഉച്ചക്ക് 2.30ന് നടക്കുന്ന ആദ്യ സെമിയിൽ കരുത്തരായ ബംഗാൾ സർവിസസിനെയും രാത്രി 7.30ന് രണ്ടാം സെമിയിൽ കേരളം മണിപ്പൂരിനെയും നേരിടും. ഗച്ചിബോളിയിലെ ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക.
ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബാളിന്റെ അവസാന ക്വാർട്ടർ ഫൈനലിൽ സർവിസസിന്റെ മലയാളി താരം രാഹുൽ രാമകൃഷ്ണന് ഗോളടിച്ച് കല്യാണാഘോഷം. വെള്ളിയാഴ്ച രാത്രി മേഘാലയയെയാണ് ഒന്നിനെതിരെ രണ്ടു ഗോളിന് സർവിസസ് തോൽപിച്ചത്. സർവിസസിനായി 33 ആം മിനിറ്റിൽ ബിദ്യാസാഗർ സിങ്ങും 46ആം മിനിറ്റിൽ രാഹുലും ഗോൾ നേടി. മേഘാലയയുടെ ആശ്വാസ ഗോൾ മാഹായ് നേടി.
ഈ മാസം 22 നായിരുന്നു പാലക്കാട് മാപ്പിളക്കാട് സ്വദേശിയായ രാഹുലിന്റെ വിവാഹം. ഇലപ്പുള്ളിപ്പാറ സ്വദേശിനി ശ്രുതിയാണ് വധു. ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ തെലങ്കാനയുമായുള്ള മത്സരം കഴിഞ്ഞ് 19ന് നാട്ടിലേക്ക് മടങ്ങിയ രാഹുൽ വിവാഹം കഴിഞ്ഞ് ക്വാർട്ടറിനായി കഴിഞ്ഞ ദിവസം ടീമിനോടൊപ്പം ചേരുകയായിരുന്നു. വിങ്ങറായ രാഹുൽ കഴിഞ്ഞ തവണ ചാമ്പ്യന്മാരായ സർവിസസിന്റെ പ്രധാന സ്കോറർമാരിലൊരാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.