കോട്ടയം: ബി.ജെ.പി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് തുടരാൻ കെ. സുരേന്ദ്രന് അവസരമൊരുങ്ങുന്നു. അഞ്ചുവര്‍ഷം പൂര്‍ത്തിയായ സംസ്ഥാന, ജില്ല, മണ്ഡലം പ്രസിഡന്റുമാർക്ക് സംഘടന തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാമെന്ന ദേശീയ നേതൃത്വത്തിന്റെ നിലപാടാണ് സുരേന്ദ്രന് അനുകൂലമാകുന്നത്.
സുരേന്ദ്രന് പകരക്കാരനെ കൊണ്ടുവരാൻ ചരടുവലിച്ച വിമത വിഭാഗത്തിന് തിരിച്ചടിയാണ് ദേശീയ നേതൃത്വത്തിന്റെ നീക്കം. തന്നെ മാറ്റുന്നതുവരെ അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് കെ. സുരേന്ദ്രൻ നേരത്തേ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ഓൺലൈൻ യോഗത്തിൽ ബി.ജെ.പി കേന്ദ്ര നിരീക്ഷക വാനതി ശ്രീനിവാസനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് വിശദീകരിച്ചത്. ജില്ല പ്രസിഡന്റുമാർ ഉൾപ്പെടെ പാർട്ടിയിലെ വലിയൊരു വിഭാഗം കെ. സുരേന്ദ്രനെ പിന്തുണക്കുന്നവരാണ്.
ആ സാഹചര്യത്തിൽ സുരേന്ദ്രൻ തുടരുന്നതിനോട് വലിയ എതിർപ്പുണ്ടാകില്ലെന്ന് ഔദ്യോഗികപക്ഷം കരുതുന്നു. മൂന്നുവര്‍ഷത്തെ കാലാവധിക്ക് ശേഷം ലഭിച്ച രണ്ട് വര്‍ഷം രണ്ടാംടേമായി കാണാനാകില്ലെന്ന് നിരീക്ഷക വ്യക്തമാക്കിയതും സുരേന്ദ്രന് അനുകൂലമാണ്. എന്നാൽ, ഈ നീക്കത്തിൽ വിമതവിഭാഗം കടുത്ത നീരസത്തിലാണ്.
വീണ്ടും സുരേന്ദ്രനെ പ്രസിഡന്റാക്കുന്നത് പാർട്ടിയെ നയിക്കാൻ കേരളത്തിൽ മറ്റാരുമില്ലെന്ന തോന്നൽ സൃഷ്ടിക്കുമെന്നാണ് അവരുടെ ആക്ഷേപം. കഴിഞ്ഞ ദിവസം രാത്രി ചേർന്ന ഓണ്‍ലൈൻ യോഗത്തിൽ അവർ എതിർപ്പ് അറിയിച്ചു. ചില നേതാക്കൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയതായും പറയുന്നു.
എന്നാൽ, ഔദ്യോഗികപക്ഷം ഇക്കാര്യങ്ങൾ തള്ളി. കെ. സുരേന്ദ്രൻ തുടരുന്നതിൽ പാർട്ടിയിലെ ഒരുവിഭാഗത്തിന് എതിർപ്പുണ്ട്. ശോഭ സുരേന്ദ്രൻ, എം.ടി. രമേശ് ഉൾപ്പെടെയുള്ളവരെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയർത്തിക്കാണിച്ചുള്ള നീക്കങ്ങളാണ് അവർ നടത്തുന്നത്. അതിനാണ് ഇപ്പോൾ തിരിച്ചടിയുണ്ടായിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.