കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി ബിഹാർ സ്വദേശി അസ്ഫാഖ് ആലമിനെ പൊലീസ് വീണ്ടും തെളിവെടുപ്പിന് കൊണ്ടുവന്നു. ആലുവ മാർക്കറ്റിൽ കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ എത്തിച്ചത്. ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്താണിത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ പ്രതിയെ ആലുവ മാർക്കറ്റിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഈ തെളിവെടുപ്പിനിടെ കുട്ടിയുടെ വസ്‍ത്രങ്ങളും ചെരിപ്പും നേരത്തേ കണ്ടെടുത്തിരുന്നു.
പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനായി അന്വേഷണസംഘം ബിഹാറിലേക്കും ഡൽഹിയിലേക്കും തിരിച്ചിട്ടുണ്ട്. യു.പിയിൽ അസ്ഫാഖ് ആലമിനെതിരെ നേരത്തേ ഒരു പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. കൂടുതൽ കേസുകൾ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ആലുവ മാർക്കറ്റിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അതേ തൂക്കമുള്ള ഡമ്മിയുപയോഗിച്ചുള്ള തെളിവെടുപ്പും നടക്കും. ആലുവ മാർക്കറ്റിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന പെരിയാറിനോട് ചേർന്ന സ്ഥലത്തേക്കാണ് പൊലീസ് പ്രതിയെ കൊണ്ടുവന്നത്. സാക്ഷികളുടെ രഹസ്യമൊഴിയും പൊലീസ് ഉടൻ രേഖപ്പെടുത്തും. ആറ് സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തുക. പ്രതി പെൺകുട്ടിക്ക് ജ്യൂസ് വാങ്ങി നൽകിയ കട, വീടിന്റെ പരിസരം എന്നിവിടങ്ങളിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പരിശോധന നടത്തിയിരുന്നു. പ്രതിക്കെതിരെ പഴുതടച്ച തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.