കൊരട്ടി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമനിക് മാര്‍ട്ടിനെ കൊരട്ടിയിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഫേസ്ബുക്ക് ലൈവ് വിഡിയോ ചിത്രീകരിച്ച കൊരട്ടി വാഴപ്പിള്ളി ബിൽഡിങ്സിലെ മിറാക്കിൾ റെസിഡൻസി ലോഡ്ജിൽ ശനിയാഴ്ച രാവിലെയാണ് വൻ പൊലീസ് സന്നാഹത്തോടെ എത്തിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോറൻസിക് വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. റിസപ്ഷനിലെത്തിച്ചപ്പോൾ കാര്യങ്ങൾ കൃത്യമായി മാർട്ടിൻ വിശദീകരിച്ചു. ലൈവ് നടത്തിയ നാലാം നിലയിലെ 410 നമ്പർ മുറിയിലും കൊണ്ടുപോയി. ഹോട്ടൽ ജീവനക്കാർ ഇയാളെ തിരിച്ചറിഞ്ഞു. രാവിലെ 10.30ഓടെ ആരംഭിച്ച തെളിവെടുപ്പ് വൈകീട്ട് നാലുവരെ നീണ്ടു.
സ്ഫോടനം കഴിഞ്ഞ് സ്കൂട്ടറിൽ ദേശീയപാതയിലൂടെ സഞ്ചരിച്ച് രാവിലെ 10.45ഓടെയാണ് പ്രതി മിറാക്കിൾ റെസിഡൻസിയിൽ എത്തിയത്. 15 മിനിറ്റോളമാണ് ഇവിടെ തങ്ങിയത്. മുറിയെടുക്കുന്നതിന്റെ നടപടി ക്രമത്തിന്റെ ഭാഗമായി ആധാർ കാർഡും മറ്റും നൽകിയിരുന്നു. 1500 രൂപയോളം അഡ്വാൻസ് ജീവനക്കാരിക്ക് നൽകി. ഫേസ്ബുക്ക് ലൈവ് പൂർത്തിയായ ശേഷം മുറി ഒഴിഞ്ഞ് കൊടകര പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
കൊടകര: കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിന്റെ സ്കൂട്ടറില്‍നിന്ന് റിമോട്ട് കണ്ട്രോളറുകള് കണ്ടെത്തി. കൊടകര പൊലീസ് സ്റ്റേഷനിൽ നടത്തിയ തെളിവെടുപ്പിലാണ് കീഴടങ്ങാനെത്തിയ സ്കൂട്ടറിന്റെ സീറ്റിനടിയിൽനിന്ന് സ്ഫോടനത്തിന് ഉപയോഗിച്ചാതാകാമെന്ന് കരുതുന്ന നാല് റിമോട്ടുകൾ അന്വേഷണസംഘം കണ്ടെടുത്തത്.
കൊരട്ടിയിലെ ഹോട്ടല്‍ മുറിയിൽ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം വൈകീട്ട് അേഞ്ചാടെയാണ് മാർട്ടിനുമായി കൊടകര പൊലീസ് സ്റ്റേഷനിലേക്ക് അന്വേഷണസംഘം എത്തിയത്.
കീഴടങ്ങാൻ സ്റ്റേഷനിലേക്ക് എത്തിയത് സംബന്ധിച്ച് പ്രതി വിശദീകരിച്ചു. സ്കൂട്ടര്‍ നിര്‍ത്തിയ സ്ഥലവും പ്രതി കാണിച്ചു. തുടർന്നാണ് വാഹനം പരിശോധിച്ചത്. എറണാകുളം ഡി.സി.പി ശശിധരന്, എ.സി.പി പി. രാജ്കുമാര്, കളമശ്ശേരി എ.സി.പി സി.വി. ബേബി, എസ്.എച്ച്.ഒ വിപിന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കൊടകര സ്റ്റേഷനിൽ കൊണ്ടുവന്നത്. ഫോറന്‍സിക് സംഘവും വിരലടയാള വിദഗ്ധരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. തെളിവെടുപ്പ് വൈകീട്ട് ഏഴുവരെ നീണ്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.