കൊച്ചി: ബ്രഹ്മപുരത്തെ ബയോമൈനിങ് കരാർ കമ്പനിയായ സോൺട ഇൻഫ്രാടെക് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി കൊച്ചി മുൻ മേയർ ടോണി ചമ്മണി.
ആരോപണങ്ങളിൽനിന്ന് പിന്മാറാൻ എന്തും ചെയ്യാമെന്ന് കമ്പനി എം.ഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള വാഗ്ദാനം ചെയ്തെന്നും ടോണി ചമ്മണി പറഞ്ഞു. വേറൊരു കമ്പനിക്ക് കരാർ നേടിയെടുക്കാൻ വേണ്ടി താൻ പ്രവർത്തിച്ചിരുന്നുവെന്നാണ് എം.ഡി പറഞ്ഞത്. ജി.ജെ ഇക്കോ പവർ എന്ന കമ്പനിയുമായി തനിക്ക് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2021ലാണ് സോൺട കമ്പനി തന്നെ സ്വാധീനിക്കാൻ ശ്രമിച്ചത്. എന്നാൽ, താൻ വഴങ്ങിയില്ല. അത് പൊതുമധ്യത്തിൽ പറയേണ്ട എന്നായിരുന്നു കരുതിയത്. എന്നാൽ, കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് സോൺട എം.ഡി തന്‍റെ വിശ്വാസ്യത ചോദ്യംചെയ്തപ്പോൾ വസ്തുത പറയാൻ ആഗ്രഹിക്കുകയാണ്.
മലബാറിൽ ദീർഘകാലം എം.പിയായിരുന്ന വ്യക്തിയുടെ സന്തതസഹചാരിയായ മുൻകാല സിനിമ നിർമാതാവ് വഴിയാണ് സ്വാധീനിക്കാന്‍ ശ്രമിച്ചത്. ഇപ്പോഴത്തെ കരാർ നേടിയെടുക്കാൻ ഈ രീതിയിൽ അവർ ശ്രമം നടത്തിയോയെന്നും സംശയിക്കണം - ടോണി ചമ്മണി പറഞ്ഞു.
2015 ഒക്ടോബർ 31 വരെയാണ് താൻ മേയറായിരുന്നത്. ജി. ജെ ഇക്കോ പവറുമായി ധാരണാപത്രം ഒപ്പുവെക്കുന്നത് 2016 ഫെബ്രുവരിയിലാണ്. പിന്നെയെങ്ങനെയാണ് താൻ അവർക്ക് വേണ്ടി ഇടപെട്ടുവെന്ന് പറയാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.