പക്ഷാഘാതം ബാധിച്ച മുൻ പൊലീസ് ഉദ്യോഗസ്ഥന് ആനുകൂല്യങ്ങൾ നൽകണം -മനുഷ്യാവകാശ കമീഷൻ

പത്തനംതിട്ട: സർവിസിൽനിന്ന് വിരമിച്ച് എട്ടു വർഷം കഴിഞ്ഞിട്ടും അസുഖബാധിതനായി കിടക്കുന്ന മുൻ പൊലീസ് ഉദ്യോഗസ്ഥന് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാത്തത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമീഷൻ. പരാതിക്കാരന് നൽകാനുള്ള ആനുകൂല്യങ്ങൾ മൂന്നു മാസത്തിനകം നൽകണമെന്ന് കമീഷൻ അംഗം വി.കെ. ബീനാകുമാരി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചെങ്ങന്നൂർ തിട്ടമേൽ സ്വദേശി വിരമിച്ച എ.എസ്.ഐ മുരളീധരന് ആനുകൂല്യങ്ങൾ നൽകാനാണ് ഉത്തരവ്.

1978ൽ പൊലീസിൽ പ്രവേശിച്ച് 36 വർഷം സർവിസ് പൂർത്തിയാക്കിയയാളാണ് പരാതിക്കാരൻ. പക്ഷാഘാതം ബാധിച്ച് ശരീരത്തിന്റെ ഇടതുവശം തളർന്നു കിടക്കുകയാണ് അദ്ദേഹം. 2014 മാർച്ച് 31നാണ് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽനിന്ന് അദ്ദേഹം വിരമിച്ചത്. പരാതിക്കാരന് കമ്യൂട്ടേഷൻ, ഗ്രാറ്റ്വിറ്റി 15 വർഷത്തെ ഇൻക്രിമെന്റ്, 2008ലെ ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ എന്നിവ ഉടൻ നൽകണമെന്ന് കമീഷൻ 2019 സെപ്റ്റംബർ ആറിന് ഉത്തരവ് നൽകിയിരുന്നു.

എന്നാൽ, ഉത്തരവ് നടപ്പാക്കിയില്ല. തുടർന്ന് പരാതിക്കാരൻ വീണ്ടും കമീഷനെ സമീപിച്ചു. കമീഷൻ അഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയിൽനിന്ന് ഇതുവരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ആവശ്യപ്പെട്ടു. പരാതിക്കാരന്റെ പേരിലുള്ള ക്രിമിനൽ കേസുകളിൽ കോടതി അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ലെന്നും അച്ചടക്ക നടപടികൾ നടന്നു വരുകയാണെന്നും ഇക്കാരണത്താൽ പ്രവിഷനൽ പെൻഷൻ മാത്രമാണ് അനുവദിച്ചിട്ടുള്ളതെന്നും ഗവൺമെന്റ് സെക്രട്ടറി അറിയിച്ചു.

പരാതിക്കാരന്റെ ലീവുകൾ ക്രമീകരിക്കുന്ന മുറക്ക് മാത്രം ശമ്പള കുടിശ്ശികയും ടെർമിനൽ സറണ്ടറും നൽകാമെന്നും റിപ്പോർട്ടിൽ പറയുന്നു.പരാതിക്കാരന് മരുന്ന് വാങ്ങുന്നതിന് പ്രതിമാസം നല്ലൊരു തുക ആവശ്യമാണെന്ന് കമീഷൻ ചൂണ്ടിക്കാണിച്ചു. തുടർന്നാണ് ഉത്തരവ് പാസാക്കിയത്.

Tags:    
News Summary - Ex-police officer to be given benefits - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.