കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) അനധ്യാപക ജീവനക്കാരനായിരുന്ന മുൻ എസ്.എഫ്.ഐ നേതാവിനെ വഴിവിട്ട് ഉയർന്ന പദവിയിൽ നിയമിച്ച സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതിക്കൂട്ടിൽ. അസാധാരണ നീക്കങ്ങളിലൂടെയാണ് ക്ലർക്കിന് തൊട്ടുമുകളിൽ സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ തസ്തികയിൽ ജോലി ചെയ്തിരുന്ന ഡോ. പി.കെ. ബേബിയെ യു.ജി.സി ശമ്പളം വാങ്ങുന്ന അസിസ്റ്റന്റ് പ്രഫസർക്ക് തുല്യമായ പദവിയിലേക്ക് ഉയർത്തിയത്.
സർവകലാശാല തീരുമാനമെന്ന് പറഞ്ഞ് സർക്കാർ കൈകഴുകുന്നതിനിടെയാണ് ഇതുസംബന്ധിച്ച രേഖ പുറത്തുവന്നത്.
സർവകലാശാല സ്റ്റാറ്റ്യൂട്ട് ഭേദഗതി ചെയ്ത് അസിസ്റ്റന്റ് പ്രഫസർ തസ്കിക നൽകാൻ നിർദേശിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന ജിജി ഡൊമിനിക്കാണ് 2018 മേയ് മൂന്നിന് കുസാറ്റ് രജിസ്ട്രാർക്ക് കത്ത് നൽകിയത്. സി. രവീന്ദ്രനാഥാണ് അന്ന് വകുപ്പ് മന്ത്രി. അനുകൂല തീരുമാനമെടുത്ത കുസാറ്റ് അധികൃതർ സർക്കാറിനെ ഇക്കാര്യം അറിയിച്ചു. സർക്കാറിന്റെ ആവശ്യം പരിഗണിച്ചാണ് പി.കെ. ബേബിക്ക് ഉയർന്ന തസ്തിക നല്‍കുന്നതെന്ന് സിന്‍ഡിക്കേറ്റിന്റെ മിനിറ്റ്സിലും രജിസ്ട്രാറുടെ കത്തിലും വ്യക്തമാക്കിയിട്ടുണ്ട്. ഇത് അറിയാത്ത മട്ടിലായിരുന്നു കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ ഈ വിഷയത്തിലുള്ള പ്രതികരണം.
ബേബിയുടെ നിയമനം സംബന്ധിച്ച് സർവകലാശാലയിൽ ചോദിച്ചാൽ മതിയെന്നാണ് മന്ത്രി പറഞ്ഞത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഇതിൽ കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. 2008ലെ ഇടത് സിന്ധിക്കേറ്റിന്റെ കാലത്ത് 12,930-20,250 ശമ്പള സ്കെയിലിലായിരുന്നു ബേബിയുടെ നിയമനം. ഏഴുവർഷം ഈ തസ്തികയിൽ ജോലി ചെയ്തശേഷം ഒന്നാം പിണറായി സർക്കാറിന്റെ കാലത്താണ് തസ്തികമാറ്റ ആവശ്യം ഉന്നയിച്ചത്. യു.ജി.സി ആനുകൂല്യത്തോടെ അധ്യാപക തസ്തികയാക്കി മാറ്റണമെന്ന ബേബിയുടെ നിവേദനം ലഭിച്ചയുടൻ അധികൃതർ നടപടികളിലേക്ക് നീങ്ങി. തുടർന്ന് 11 വർഷത്തെ മുൻകാല പ്രാബല്യം നൽകിയാണ് യു.ജി.സി ശമ്പളവും ആനുകൂല്യങ്ങളും സഹിതം തസ്തികമാറ്റം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.