തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവുകൾ അവസാനിപ്പിച്ചതിലൂടെ നാലുവർഷത്തിനിടെ, റെയിൽവേ നേടിയത് 5800 കോടി. 2020 മാർച്ച് 20ന് കോവിഡ് മഹാമാരിയെ തുടർന്ന് ട്രെയിൻ സർവിസുകൾ നിർത്തിയതോടെ, കൺസഷനുകളെല്ലാം അവസാനിപ്പിച്ചു.
സർവിസുകൾ പുനരാരംഭിച്ചെങ്കിലും ആനുകൂല്യങ്ങൾ ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. 60 വയസ്സിനു മുകളിലുള്ള പുരുഷന്മാരെയും 58 വയസ്സിനു മുകളിലുള്ള സ്ത്രീകളെയുമാണ് റെയിൽവേ മുതിർന്ന പൗരന്മാരായി പരിഗണിക്കുന്നത്. സ്ത്രീകൾക്ക് 50 ശതമാനവും പുരുഷന്മാർക്ക് 40 ശതമാനവുമായിരുന്നു ഇളവ്. ആനുകൂല്യം പിൻവലിച്ചതോടെ മുഴുവൻ തുകയും നൽകണം.
2020 മാർച്ച് 20 മുതൽ 2024 ജനുവരി 31 വരെയുള്ള കണക്കുകൾ പ്രകാരം മുതിർന്ന പൗരന്മാരിൽ ഉൾപ്പെടുന്ന 13 കോടി പുരുഷന്മാരും ഒമ്പത് കോടി സ്ത്രീകളും 33700 ട്രാൻസ്ജെൻഡറുകളുമാണ് റെയിൽവേയെ ആശ്രയിച്ചത്. 13287 കോടി രൂപയാണ് ഇവരുടെയാകെ ടിക്കറ്റ് ചെലവ്. ഇളവുകൾ പ്രാബല്യത്തിലുണ്ടായിരുന്നെങ്കിൽ 7487 കോടിയേ ടിക്കറ്റ് ഇനത്തിൽ റെയിൽവേക്ക് ഈടാക്കാനാകുമായിരുന്നുള്ളൂ.
യാത്രാ ആനുകൂല്യങ്ങൾ റെയിൽവേക്ക് ഭാരമാകുന്നെന്ന വിലയിരുത്തലിനെ തുടർന്ന് 2016 മുതൽ തന്നെ ഇളവുകളിൽ കൈവെക്കാൻ നീക്കങ്ങൾ തുടങ്ങിയിരുന്നു. വിവിധ യാത്രക്കാർക്കായി 53 ഓളം കൺസഷനുകൾ അനുവദിച്ചിരുന്നത് ബഹുഭൂരിപക്ഷവും അവസാനിപ്പിച്ചു.
ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് പല കോണുകളിൽ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും റെയിൽവേ അവഗണിക്കുകയാണ്. 100 രൂപയുടെ ടിക്കറ്റ് വിൽക്കുമ്പോൾ 45 രൂപയാണ് യാത്രക്കാരിൽ നിന്ന് ഈടാക്കുന്നതെന്നും ശേഷിക്കുന്ന 55 രൂപ റെയിൽവേ നൽകുന്ന സബ്സിഡിയാണെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.