കൊതിപ്പിച്ച് കടന്നുകളഞ്ഞു എന്ന് കേട്ടിട്ടില്ലേ. 'പ്രവാസി വോട്ടവകാശം' പ്രവാസികളോട് ചെയ്തതും അതാണ്. കുറെനാളായി അടക്കിപ്പിടിച്ചിരുന്ന സ്വപ്നം ആറു മാസം മുമ്പാണ് തെരഞ്ഞെടുപ്പ് കമീഷൻ തട്ടിയുണർത്തിയത്.
ഈ നിയമസഭ തെരഞ്ഞെടുപ്പിൽ നടപ്പാക്കുമെന്ന് വാർത്ത വന്നതോടെ പ്രവാസികളുടെ ആഗ്രഹം നുരഞ്ഞുപൊന്തി. ഞങ്ങൾക്കിടയിൽനിന്ന് എം.എൽ.എ വേണമെന്നുപോലും അവർ ആവശ്യമുയർത്തി. 50 വയസ്സ് പിന്നിട്ടിട്ടും ഒരു വോട്ടുപോലും ചെയ്യാൻകഴിയാത്ത പ്രവാസികൾ ഗൾഫിലുണ്ട്. ഇക്കുറിയും ഒരു കൈപ്പാടകലെ അവർക്ക് വോട്ട് നഷ്ടമായി.
ചാനൽ ചർച്ചകളെ വെല്ലുന്ന വാക്പോരുകൾ അരങ്ങേറുന്ന പ്രവാസിമുറികളിൽ ഇക്കുറി രാഷ്ട്രീയ ചർച്ചക്കൊപ്പം പ്രവാസിവോട്ടും ക്വാറൻറീനും നിർബന്ധിത കോവിഡ് ടെസ്റ്റുമെല്ലാം വിഷയമാണ്. ഷാർജ റോളയിലെ താമസസ്ഥലത്തെ ചൂടേറിയ ചർച്ചക്കിടയിൽ മണ്ണാർക്കാട് മണ്ഡലത്തിലെ സഹീർ ഉന്നയിക്കുന്നത് ചില ചോദ്യങ്ങളാണ്.
'വോട്ടില്ലാത്ത പ്രവാസിയെ ആർക്ക് വേണം. നമുക്ക് വോട്ടുണ്ടായിരുന്നെങ്കിൽ കോവിഡ് കാലത്ത് സർക്കാർ അവഗണിക്കുമായിരുന്നോ. പ്രവാസികൾ വരേണ്ട എന്നുപോലും സർക്കാർ പറഞ്ഞില്ലേ'... വോട്ടവകാശത്തിെൻറ കാര്യത്തിൽ സഹീറിനോട് ഐക്യദാർഢ്യമുണ്ടെങ്കിലും നാദാപുരംകാരൻ ഷിബിന് തുടർഭരണം ഉണ്ടാകുമെന്നകാര്യം സംശയമില്ല. ഇടതുസർക്കാർ പ്രവാസികൾക്കായി ചെയ്ത നല്ലകാര്യങ്ങൾ ഷിബിൻ അക്കമിട്ട് നിരത്തുന്നു.
ഷാർജ റോളയിലെ അക്വേറിയം ഷോപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഇവരെല്ലാം. രാത്രി റൂമിലെത്തി ടി.വി ചർച്ചകൾ കാണുേമ്പാഴാണ് മുറിയിലെ വാക്പോരും അരങ്ങേറുന്നത്. കൊല്ലംകാരൻ റാഷിദ് കോൺഗ്രസ് അനുഭാവിയാണ്. 'പ്രവാസികൾ നാട്ടിലെത്തുേമ്പാൾ ക്വാറൻറീനും പി.വി. അൻവർ എം.എൽ.എക്ക് പൂമാലയും. ഇതെന്ത് ന്യായമാണ്' എന്നാണ് റാഷിദിെൻറ ചോദ്യം.
ആലത്തൂർ മണ്ഡലത്തിലെ തൗഫീഖ് ഇതുവരെ ചെയ്തത് ഒരുവോട്ടാണ്. പ്രവാസിവോട്ടില്ലാത്തതിെൻറ അമർഷമുണ്ടെങ്കിലും ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തുമെന്നാണ് തൗഫീഖിെൻറ പ്രതീക്ഷ. കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലംകാരനായ മുഹ്സിന് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിൽ എതിർപ്പുണ്ട്.
എങ്കിലും, യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ അത് അനിവാര്യമാണെന്നാണ് മുഹ്സിെൻറ വാദം. ഇതിനെ റൂമിലെ ഇടതുപക്ഷ അനുഭാവികൾ ശക്തമായി എതിർക്കുന്നു. വിമാന ടിക്കറ്റ് നിരക്ക് കുറക്കാൻ ആരെങ്കിലും ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു. റൂമിൽ വോട്ടെടുപ്പ് നടത്തിയാൽ യു.ഡി.എഫ് ഭൂരിപക്ഷം നേടുമെങ്കിലും വാക്പോരിൽ കട്ടക്ക് പോരടിച്ചുനിൽക്കുകയാണ് ഇടത് അനുഭാവികളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.