കണ്ണൂർ: എം.വി. ഗോവിന്ദൻ ഒഴിഞ്ഞ മന്ത്രിപദവിയാണ് ഷംസീറിന് പ്രതീക്ഷിച്ചത്. ലഭിച്ചത് സ്പീക്കറുടെ കസേര. കണ്ണൂരിന് നഷ്ടമായ മന്ത്രിപദം സ്പീക്കർ പദവിയിലൂടെ നികത്തിയ തീരുമാനത്തിൽ പാർട്ടിക്കുള്ളിലെ ചില രാഷ്ട്രീയമുണ്ട്. രണ്ടാം പിണറായി സർക്കാറിൽ പി.എ. മുഹമ്മദ് റിയാസ് മികച്ച വകുപ്പുകളുമായി ഇടംപിടിച്ചപ്പോൾ ഷംസീറിന്റെ പേരും ചർച്ചകളിലേക്ക് വന്നതാണ്. രണ്ടാം തവണ എം.എൽ.എയായ ഷംസീറിനെ മറികടന്നാണ് ആദ്യമായി നിയമസഭയിലെത്തിയ മുഹമ്മദ് റിയാസ് മന്ത്രിസഭയിൽ ഇടംപിടിച്ചത്. എന്തുകൊണ്ട് ഷംസീർ തഴയപ്പെട്ടെന്ന ചോദ്യം അന്നുയർന്നതാണ്.
മുഖ്യമന്ത്രിയുടെ മരുമകനാണെന്നത് റിയാസിന് തുണയായെന്ന ആക്ഷേപവും ഉയർന്നു. ആക്ഷേപങ്ങൾ തള്ളി ഷംസീറും പാർട്ടിയും രംഗത്തുവന്നെങ്കിലും ഇരുവർക്കുമിടയിലെ അസ്വാരസ്യം ചിലപ്പോഴെങ്കിലും മറനീക്കി. കരാറുകാരെ കൂട്ടി എം.എൽ.എമാർ തന്നെ കാണാൻ വരേണ്ടെന്ന മന്ത്രി റിയാസിന്റെ പരാമർശത്തിനെതിരെ ഷംസീർ നിയമസഭയിൽ രംഗത്തുവന്നു. എം.വി. ഗോവിന്ദൻ ഒഴിഞ്ഞ ശേഷമുള്ള ഒഴിവിലും തഴയപ്പെട്ടാലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ കണക്കിലെടുത്താകണം ഷംസീറിന് സ്പീക്കർ സ്ഥാനം നൽകാൻ പാർട്ടി തീരുമാനിച്ചത്.
എം.വി. ഗോവിന്ദൻ ഒഴിഞ്ഞതോടെ മന്ത്രിസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് കണ്ണൂരിൽ നിന്നുള്ളത്. ഒന്നാം പിണറായി മന്ത്രിസഭയിൽ അഞ്ചുപേരായിരുന്നു കണ്ണൂരുകാർ. കണ്ണൂരുകാരനെന്ന പരിഗണനയും ഷംസീറിന് തുണയായി. ഉത്തര മലബാറിൽ നിന്നുള്ള സി.പി.എമ്മിന്റെ മുസ്ലിം മുഖമാണ് ഷംസീർ. ന്യൂനപക്ഷങ്ങളിലേക്ക് കൂടുതൽ സ്വാധീനമുറപ്പിക്കാനുള്ള സി.പി.എമ്മിന്റെ ആഗ്രഹവും അനുകൂലമായി വന്നു. പിണറായിയും കോടിയേരി ബാലകൃഷ്ണനും നേതൃത്വം നൽകുന്ന ഔദ്യോഗിക പക്ഷത്തിന്റെ ശക്തനായ പോരാളിയാണ് ഷംസീർ. നേതൃത്വത്തെയും പാർട്ടിയെയും ന്യായീകരിക്കാൻ മുൻപിൻ നോക്കാതെ ആരുമായും കൊമ്പുകോർക്കുന്ന യുവനേതാവ്.
തലശ്ശേരിയിൽനിന്ന് രണ്ടാം തവണയും മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചുകയറിയെങ്കിലും ഷംസീറിനെക്കുറിച്ച് പാർട്ടിയിലും പുറത്തും മുറുമുറുപ്പുകൾ ഏറെയാണ്. വിദ്യാർഥി നേതാവിന്റെ 'തട്ടിക്കയറുന്ന പ്രകൃതം' ഇപ്പോഴും മാറിയിട്ടില്ല. ആരോടും കലഹിക്കുന്ന ശൈലിയാണെന്നതിനാൽ അഹങ്കാരിയെന്ന പ്രതിഛായയാണ് യുവനേതാവിന് പൊതുസമൂഹത്തിന് മുന്നിലുള്ളത്. അതെല്ലാം മറികടന്നാണ് നിയമസഭയുടെ അധിപനെന്ന ഭരണഘടന പദവിയിലേക്ക് ഉയർന്നത്. വിദ്യാർഥികാലം മുതൽ ഒന്നിനു പിറകെ ഒന്നായി സ്ഥാനങ്ങൾ തേടിയെത്തിയ ഷംസീർ സഭയുടെ നാഥനായി ഉയരുമ്പോഴും നേതൃത്വത്തിന്റെ കൃപാകടാക്ഷം തന്നെയാണ് പിൻബലം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.