കൊല്ലം: ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയിൽ നിരന്തരമുണ്ടാകുന്ന അഗ്നിബാധ തടയുന്നതിന് സാധ്യമായ മുന്‍കരുതലുകൾ വേണമെന്ന ആവശ്യം ഉയരുന്നു. ഇതിന്റെ ഭാഗമായി ജില്ലയിൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാൻ നടപടിയുണ്ടാകണമെന്ന ആവശ്യം ശക്തമാണ്.
ജില്ല പുതുവർഷത്തിലേക്ക് കടന്നതുതന്നെ പരവൂർ തീപിടിത്തത്തിന്റെ ഞെട്ടലോടെയായിരുന്നു. പുതുവർഷ ദിനത്തിൽ പരവൂർ മുനിസിപ്പാലിറ്റിയുടെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ ദുരന്തം ഒഴിവായത് തലനാരിഴക്കായിരുന്നു.
പ്ലാസ്റ്റിക് മാലിന്യത്തിൽ പടർന്ന തീ പൊടുന്നനെ ആളിപ്പടരുകയായിരുന്നു. അഗ്നിശമന സേനക്കൊപ്പം പൊലീസിന്റെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടലിലാണ് തീ നിയന്ത്രണാവിധേയമായത്. അതിനുശേഷം ജനുവരി ഒമ്പതിന് ചക്കുവള്ളി പോരുവഴി പള്ളിമുറി കൊച്ചേരി ചെമ്മാട്ട് മുക്കിനു സമീപത്തെ അനധികൃത ഗ്യാസ് സംഭരണ കേന്ദ്രത്തിൽ സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് ജില്ലയെ നടുക്കിയ ഉഗ്രസ്ഫോടനം നടന്നു.
ചെമ്മാട്ട് മുക്കിനു സമീപം ആൾതാമസമില്ലാത്ത വീടിനോട് ചേർന്നുള്ള ഷെഡിൽ പ്രവർത്തിച്ച സംഭരണ കേന്ദ്രത്തിൽ ചെറിയ സിലിണ്ടറുകളിൽനിന്ന് വാണിജ്യ ആവശ്യത്തിനുള്ള വലിയ സിലിണ്ടറുകളിലേക്ക് ഗ്യാസ് നിറക്കുന്നതിനിടെയാണ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്.
അതിനുശേഷം ജനുവരി 14ന് കാവനാട് മണിയത്ത് മുക്കിൽ ഹാർഡ്വെയർ കടയിലുണ്ടായ തീപിടിത്തമായിരുന്നു അവസാനമായി സംഭവിച്ചത്. കോടികളുടെ നഷ്ടം സംഭവിച്ചെങ്കിലും ആളപായമുണ്ടായിരുന്നില്ല. 2024 പുതുവർഷം തുടങ്ങി മാസത്തിന്റെ പകുതിപിന്നിട്ടതോടെ രണ്ടു തീപിടിത്തങ്ങളും ഒരു അനധികൃത ഗ്യാസ് നിറക്കൽ യൂനിറ്റിലെ പൊട്ടിത്തെറിയുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്.
കെട്ടിടങ്ങൾ, മാളുകൾ, വ്യവസായ യൂനിറ്റുകൾ, ഫ്ലാറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തീപിടിത്ത സാധ്യതയുള്ള കെട്ടിടസമുച്ചയത്തിൽ ഒരുക്കേണ്ട സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് പരിശോധിക്കാനും അഗ്നിബാധ തടയുന്നതിനായി ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്യണമെന്ന ആവശ്യം നിരന്തരം ഉയരുന്നുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ല.
പല കെട്ടിട ഉടമകളും പെർമിഷനുവേണ്ടി മാത്രം അഗ്നിബാധ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുകയും പിന്നീട് ചട്ടലംഘനം നടത്തുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്.
ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർ പരിശോധന കർശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ജില്ല ഫയർ ഓഫിസറും തദ്ദേശ സ്വയംഭരണ വകുപ്പ് അല്ലെങ്കിൽ നഗരസഭ അധികൃതർ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഓരോമാസവും ചേരുന്ന ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ സമർപ്പിക്കണം.
റിപ്പോർട്ട് പരിശോധിച്ച് ചട്ടലംഘനം നടത്തിയ സ്ഥാപനങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, നഗരസഭ സ്ഥാപനങ്ങൾ നോട്ടീസ് നൽകുകയോ നടപടി സ്വീകരിക്കുകയോ വേണം. 15 ദിവസത്തിനുള്ളിൽ അപാകത പരിഹരിച്ചില്ലെങ്കിൽ സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിവെപ്പിക്കുകയും വേണമെന്ന നിയമങ്ങൾ കർശനമാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.