‘ഈ മനുഷ്യരെയെല്ലാം ദ്രോഹിച്ച് നിങ്ങൾ എങ്ങനെയാണ് പൊലീസുകാരേ സമാധാനത്തോടെ ഉറങ്ങുന്നത്’; അബ്ദുൽ സത്താറിന്റെ ആത്മഹത്യയിൽ ചർച്ചയായി കുറിപ്പ്

ഉപജീവനമാർഗമായ ഓ​ട്ടോറിക്ഷ പൊലീസ്​ കസ്​റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയ കാസർകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുല്‍ സത്താറിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പൊലീസ് നടപടിയിൽ രൂക്ഷമായി പ്രതികരിക്കുന്ന കുറിപ്പ് ചർച്ചയാകുന്നു. ഈ മനുഷ്യരെ മുഴുവൻ ദ്രോഹിച്ച് നിങ്ങൾ എങ്ങനെയാണ് പൊലീസുകാരേ ഒരു ദിവസമെങ്കിൽ ഒരു ദിവസം സമാധാനത്തോടെ ഉറങ്ങുന്നതെന്നും നിങ്ങൾക്കൊരു ഹൃദയമുണ്ടോയെന്നും ചോദിക്കുന്ന ജംഷിദ് പള്ളിപ്രത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

നിരവധി ശാരീരിക പ്രശ്നങ്ങളോട് പൊരുതി ജീവിച്ച അബ്ദുൽ സത്താർ ആത്മഹത്യ ചെയ്തതല്ല, ഈ സിസ്റ്റം അയാളെ കൊന്നതാണെന്ന് കുറിപ്പിൽ പറയുന്നു. ഗതാഗത തടസ്സമുണ്ടാക്കി എന്ന പൊലീസ് വാദമെടുത്താലും സൗകര്യം പോലെ പെറ്റിയടച്ചാൽ തീരുന്ന കാര്യമായിരുന്നു ഇത്. എന്നാൽ, കാക്കിയുടെ ധാർഷ്ട്യത്തിന് മുന്നിൽ അയാൾ ജീവിതം വെച്ച് കീഴടങ്ങി. പൊലീസിന്റെ അധികാരത്തിനുമേലെ സഞ്ചരിക്കാനുള്ള മനക്കരുത്തോ ആരോഗ്യമോ സാമ്പത്തികമോ അയാൾക്കില്ലായിരുന്നു. അയാളോടുള്ള അടങ്ങാത്ത പകയുടെ ഒടുവിൽ മുറിയിൽ തൂങ്ങിയാടുന്ന കയറ് കണ്ട് ആ പൊലീസുകാർ ആനന്ദിച്ചിട്ടുണ്ടാവുമെന്നും ജംഷിദ് കുറിച്ചു.

കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ റോഡിലെ വാടക ക്വാര്‍​ട്ടേഴ്‌സില്‍ താമസിക്കുന്ന അബ്ദുല്‍ സത്താർ എന്ന 55കാരനാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. ജീവനൊടുക്കും മുമ്പ് തന്റെ അവസ്ഥ വെച്ച് ഫേസ്ബുക്കിൽ അദ്ദേഹം വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ജീവിക്കാൻ വേറെ വഴിയില്ലെന്നും പൊലീസ് ഓട്ടോ വിട്ടുതരുന്നില്ലെന്നുമാണ് ഇദ്ദേഹം വിഡിയോയിൽ പറഞ്ഞിരുന്നത്. കാസര്‍കോട് ഗീത ജങ്​ഷന്‍ റോഡില്‍വെച്ച് അബ്ദുല്‍ സത്താര്‍ ഗതാഗതനിയമം ലംഘിച്ചുവെന്ന കുറ്റത്തിന്​ ടൗൺ പൊലീസ്​ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം വിട്ടുകിട്ടാൻ പലതവണ സ്റ്റേഷനിൽ ബന്ധപ്പെട്ടുവെങ്കിലും നൽകാൻ പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം. സഹപ്രവര്‍ത്തകരായ മറ്റ് ഓ​ട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈ.എസ്.പിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ വിട്ടുകൊടുക്കാൻ നിര്‍ദേശം നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് കീഴുദ്യോഗസ്​ഥർ തടഞ്ഞുവെച്ചു. ഇതിനുപിന്നാലെ, തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുല്‍ സത്താറിനെ ക്വാര്‍​ട്ടേഴ്​സിനകത്ത്​ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിന് പിന്നാലെ ആരോപണ വിധേയനായ എസ്.ഐ അനൂപിനെ ചന്തേര പൊലീസ് സ്റ്റേഷനിലേക്ക് ജില്ല പൊലീസ് മേധാവി സ്ഥലംമാറ്റിയിരുന്നു.

Full View

ജംഷിദ് പള്ളിപ്രത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഒരു അമ്പത്തിയഞ്ച് വയസ്സുകാരനേക്കാൾ അവശത അയാളുടെ മുഖത്തുണ്ട്. താടിയും മുടിയും നന്നേ നരച്ചിട്ടുണ്ട്. ഹൃദ്രോഗിയായ മനുഷ്യൻ. കാലിന്റെ അസുഖം വേറെയും. രാവിലെ അഞ്ചുമണിയോടെ വാടക വീട്ടിൽ നിന്നും ഓട്ടോയെടുത്ത് ഇറങ്ങും. ഉച്ചവരെ പണിയെടുക്കും. അൽപം വിശ്രമിച്ച് ഭക്ഷണവും മരുന്നും കഴിച്ച് മൂന്ന് നാലുമണിയോടെ വീണ്ടും ഓട്ടോയെടുത്ത് റോഡിലിറങ്ങും. രാത്രി പത്തുമണിവരെ ഓട്ടോ ഓടും.

വീട്ടുവാടകയും ലോണും വീട്ടുചെലവും മരുന്നിനുള്ള പണവും കണ്ടെത്തുന്നതിനിടെ അയാൾ കാല് വേദന മറക്കും. സാധാരണ പോലെ ഒരു ദിവസം ഓട്ടോയുമായി റോഡിലിറങ്ങി. യാത്രക്കാരുമായി പോകുമ്പോൾ ഒരു ഹോംഗാർഡ് അയാളുടെ ഓട്ടോയുടെ മുന്നിലേക്ക് ചാടിവീണു. മുന്നിലേക്ക് പോവാൻ പാടില്ലെന്ന് പറഞ്ഞു. പിറകിലേക്കും പോവാനും സാധിക്കില്ല. ഹോം ഗാര്‍ഡ് എസ്.ഐയെ വിളിച്ചു. എസ്.ഐ ഓട്ടോയുടെ താക്കോല്‍ എടുത്ത് പോയി. വണ്ടിയിലുള്ള ആളുകള്‍ പുറത്തിറങ്ങി പ്രശ്നമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഓട്ടോ ചോദിച്ചെത്തിയ അയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഗതാഗത തടസ്സം ഉണ്ടാക്കി എന്നതാണ് കുറ്റം.

പൊലീസ് നടപടിയില്‍ പരാതിയുമായി നേരെ എസ്.പി ഓഫിസില്‍ പോയി. അവിടെയുള്ള ഉദ്യോഗസ്ഥര്‍ ഡിവൈ.എസ്.പിയുടെ അടുത്ത് പോകാന്‍ പറഞ്ഞു. സഹപ്രവര്‍ത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്കൊപ്പം കാസര്‍കോട് ഡിവൈ.എസ്.പിയുമായി സംസാരിച്ചു. ഓട്ടോ വിട്ടുകൊടുക്കാൻ ഡിവൈ.എസ്.പി നിര്‍ദേശം നല്‍കി. മേലുദ്യോഗസ്ഥനെ കണ്ടത് കീഴുദ്യോഗസ്ഥർക്ക് ദഹിച്ചില്ല. പലകാരണങ്ങൾ പറഞ്ഞു പൊലീസ് ഓട്ടോ വിട്ടുകൊടുക്കാതെ അയാളെ സ്റ്റേഷനിൽനിന്ന് ഇറക്കിവിട്ടു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഓട്ടോ വിട്ടുതരാതെ ആയപ്പോൾ ഒരുമുഴം കയറിൽ അയാൾ വാടക വീട്ടിലെ മുറിയിൽ ജീവിതം അവസാനിപ്പിച്ചു.

ഇത് എം.ടി വാസുദേവന്റെയോ എം. മുകുന്ദന്റയോ നോവലിലെ കഥാപാത്രമല്ല. അയാളുടെ പേര് അബ്ദുൽ സത്താർ എന്നാണ്. കാസർക്കോട് സ്വദേശി. പൊലീസ് ഭീകരതയുടെ ഇരയായി കഴിഞ്ഞ ദിവസം ജീവിതം അവസാനിപ്പിച്ച ഒരു സാധരണക്കാരനായ മനുഷ്യൻ. ഗതാഗത തടസ്സമുണ്ടാക്കി എന്ന പൊലീസ് വാദമെടുത്താലും ഒരു ചെലാൻ ഇട്ടാൽ തീരുന്ന പ്രശ്നം. സൗകര്യം പോലെ പെറ്റിയടച്ചാൽ തീരുന്ന കാര്യം. പക്ഷെ കാക്കിയുടെ ധാർഷ്ഠ്യത്തിന് മുന്നിൽ അയാൾ ജീവിതം വെച്ച് കീഴടങ്ങി. പൊലീസിന്റെ അധികാരത്തിനുമേലെ സഞ്ചരിക്കാനുള്ള മനക്കരുത്തോ ആരോഗ്യമോ സാമ്പത്തികമോ അയാൾക്കില്ല.

സാധാരണക്കാരൻ നേരെ നിന്ന് സംസാരിച്ചാൽ അയാളോട് തോന്നുന്ന വിദ്വേഷം. മേൽ ഉദ്യോഗസ്ഥനെ കണ്ടാൽ അയാളോട് തോന്നുന്ന ഫ്രസ്ട്രേഷൻ. അയാളോടുള്ള അടങ്ങാത്ത പകയുടെ ഒടുവിൽ മുറിയിൽ തൂങ്ങിയാടുന്ന കയറ് കണ്ട് ആ പൊലീസുകാർ ആനന്ദിച്ചിട്ടുണ്ടാവും. ഈ മനുഷ്യരെ മുഴുവൻ ദ്രോഹിച്ച് നിങ്ങൾ എങ്ങനെയാണ് പൊലീസുകാരെ ഒരു ദിവസമെങ്കിൽ ഒരു ദിവസം സമാധാനത്തോടെ ഉറങ്ങുന്നത്...? നിങ്ങൾക്കൊരു ഹൃദയമുണ്ടോ...?. അബ്ദുൽ സത്താർ ആത്മഹത്യ ചെയ്തതല്ല. ഈ സിസ്റ്റം അയാളെ കൊന്നതാണ്.

Tags:    
News Summary - Facebook Post against the police became viral after Abdul Sathar's suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.