ഒരു ചടങ്ങിന്‍െറ പടമെടുക്കാന്‍ ഫാക്ട് മുടക്കിയത് രണ്ടുലക്ഷം!

കൊച്ചി: സ്റ്റാഫ് ഫോട്ടോഗ്രാഫറെ മൂലക്കിരുത്തിയശേഷം ഒരു ചടങ്ങിന്‍െറ ഫോട്ടോയെടുക്കാന്‍ ഡല്‍ഹിയില്‍നിന്ന് ഫോട്ടോഗ്രാഫറെ കൊണ്ടുവന്നതിന്‍െറ ചെലവ് രണ്ടുലക്ഷത്തോളം രൂപ. കഴിഞ്ഞ ദിവസം സി.ബി.ഐ റെയ്ഡ് നടന്ന ഫാക്ടില്‍ നിന്നാണ് ധൂര്‍ത്തിന്‍െറ പുതിയ കഥകളും പുറത്തുവരുന്നത്. ഫാക്ടിന്‍െറ അമ്പലമേട് ഹൗസില്‍ ഒന്നരവര്‍ഷം മുമ്പ് നടന്ന എല്‍.എന്‍.ജി മാസ്റ്റര്‍ ക്ളാസിന്‍െറ ചിത്രമെടുക്കാനാണ് ഡല്‍ഹിയില്‍നിന്ന് ഫോട്ടോഗ്രാഫറെ വരുത്തിയത്. ഇത്തരം ചടങ്ങുകളുടെ ചിത്രങ്ങളെടുക്കാന്‍ അമ്പലമേടില്‍തന്നെ ഫാക്ടിന്‍െറ അഡ്മിന്‍ വിഭാഗത്തില്‍ സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ ഉണ്ടായിരിക്കെയാണ് ഈ ധൂര്‍ത്ത്.

ഡല്‍ഹി ലജ്പത് നഗറിലെ ചാവ്ല സ്റ്റുഡിയോയില്‍ നിന്നാണ് മൂന്നംഗ സംഘത്തെ കൊണ്ടുവന്നത്. ഈ സ്റ്റുഡിയോയില്‍ നിന്നുള്ള രൂപേഷ് കുമാര്‍, ബല്‍ജീത് സിങ് ചാവ്ല, വിമലേഷ് കുമാര്‍ എന്നിവര്‍ക്ക് ഡല്‍ഹി-കൊച്ചി വിമാന ടിക്കറ്റ് ഇനത്തില്‍തന്നെ 63,000 രൂപയോളം ചെലവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാഗേജ് അധികമായതിന്‍െറ പ്രത്യേക ചെലവായി 7,875 രൂപ അധികമായി അടക്കേണ്ടിയും വന്നു.  മൂന്നംഗ സംഘം കൊച്ചിയില്‍ മൂന്ന് ദിവസം താമസിച്ച് ചിത്രങ്ങളെടുത്തതിന് 60,674 രൂപയുടെ ബില്ല് വേറെയും നല്‍കി. ഇതുകൂടാതെ, ഇവരുടെ പേരില്‍ മറ്റ് രണ്ട് ബില്ലുകളും വകയിരുത്തിയിട്ടുണ്ട്. ഫാക്ട് ഗെസ്റ്റ് ഹൗസില്‍ താമസം, കൊച്ചിയിലെ സഞ്ചാരം തുടങ്ങിയവക്ക് വേറെയും ചെലവായി.

സാമ്പത്തിക പ്രതിസന്ധി കാരണം നാലുവര്‍ഷത്തോളം കപ്രോലാക്ടം പ്ളാന്‍റ് ഉള്‍പ്പെടെ പൂട്ടിക്കിടക്കുകയും  1200 കോടിയോളം രൂപ നഷ്ടംവന്ന് സ്ഥാപനം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയും ചെയ്ത കാലയളവിലാണ് ഈ ധൂര്‍ത്തും അരങ്ങേറിയത്. ഇതേ സമയത്ത് തന്നെയാണ് രണ്ട് കോടിയോളം മുടക്കി സി.എം.ഡിയുടെ വീടും ഓഫിസും നവീകരിച്ചതും. ടണ്ണിന് 650 രൂപ നിരക്കില്‍ ജിപ്സം വില്‍പന നടത്തി  2012ല്‍ 60 കോടിയോളം രൂപ വരുമാനമുണ്ടാക്കിയ ഫാക്ട് സ്വകാര്യ കമ്പനിക്ക് തങ്ങള്‍ വിറ്റതിന്‍െറ അഞ്ചിലൊന്ന് വിലയ്ക്ക് ജിപ്സം വില്‍ക്കാന്‍ കരാര്‍ ഉണ്ടാക്കി വന്‍തുക നഷ്ടം വരുത്തിയതും ഇതേ കാലയളവിലാണ്. ഈ കേസാണ് കഴിഞ്ഞ ദിവസം വിവിധ സംസ്ഥാനങ്ങളിലെ 24 കേന്ദ്രങ്ങളില്‍ ഒരേസമയം സി.ബി.ഐ റെയ്ഡിന് വഴിവെച്ചത്.

അതേസമയം, ആരോപണ വിധേയനായ സി.എം.ഡി ജയ്വീര്‍ ശ്രീവാസ്തവയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാറില്‍നിന്ന് ആയിരം കോടി രൂപ വായ്പ നേടിയെടുത്തതാണ് സി.ബി.ഐ റെയ്ഡിനെ പ്രതിരോധിക്കുന്നതിന് ഉയര്‍ത്തിക്കാണിക്കുന്നത്. ഫാക്ടിന്‍െറ ഉടമസ്ഥതയിലുള്ള 408 ഏക്കര്‍ ഭൂമി കേന്ദ്ര സര്‍ക്കാറിന് പണയപ്പെടുത്തി പ്രതിവര്‍ഷം 13.5 ശതമാനം പലിശനിരക്കിലാണ് ഈ വായ്പ സംഘടിപ്പിച്ചത് എന്നകാര്യം മറച്ചുവെക്കുകയുമാണ്.
അഞ്ചുവര്‍ഷം കൊണ്ട് വായ്പ തിരിച്ചടക്കണം. ഒരുവര്‍ഷത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞാല്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ മുതലും പലിശയും ചേര്‍ത്ത് 335 കോടി രൂപയാണ് ഫാക്ടിന് തിരിച്ചടക്കേണ്ടിവരുക. ഇതോടെ സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

 

Tags:    
News Summary - fact

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.