കോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിൽ ധർമടം ഗ്രാമപഞ്ചായത്ത് വീഴ്ചവരുത്തിയെന്ന് എ.ജിയുടെ (അക്കൗണ്ടന്റ് ജനറലിന്റെ) റിപ്പോർട്ട്. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ ക്രമക്കേട് നടക്കുന്നുവെന്ന പരാതിയെ തടുർന്നാണ് എ.ജി പരിശോധന നടത്തിയത്. സജീവ തൊഴിലാളികളുടെ മോശം പങ്കാളിത്തമാണ് പഞ്ചായത്തിലുള്ളതെന്ന് പരിശോധനയിൽ കണ്ടെത്തി.
മൂന്നു വർഷമായി 100 ദിവസത്തെ ജോലി പൂർത്തിയാക്കിയ കുടുംബങ്ങളുടെ ശരാശരി 42 ശതമാനമാണ്. പദ്ധതി വിഭാവനം ചെയ്ത മിനിമം 100 ദിവസത്തെ തൊഴിലിന് പകരം 68 ദിവസമാണ് ഗ്രാമീണ കുടുംബങ്ങൾക്ക് നൽകിയത്. ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്തിന് വീഴ്ച സംഭവിച്ചെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലോ, ഈ സാമ്പത്തിക വർഷത്തിൽ ഏതെങ്കിലും ദിവസം ജോലി ചെയ്തിട്ടുള്ള ഏതൊരു വ്യക്തിക്കും ഒരു സജീവ തൊഴിൽ കാർഡ് ഉടമ എന്ന പദവി ലഭിക്കും.
അതിനാൽ വർഷം മുഴുവനും സജീവ തൊഴിലാളികൾ, സജീവ തൊഴിൽ കാർഡ് ഉടമകളേക്കാൾ വളരെ കുറവാണ്. തൊഴിലവസരങ്ങൾ സൃഷ്ടിച്ചത് വളരെ കുറഞ്ഞ ശതമാനം അളവിൽ മാത്രമാണ്. കഴിഞ്ഞ മൂന്ന് വർഷത്തെ തൊഴിൽ ഡിമാൻഡിന്‍റെ ശരാശരി 36 ശതമാനം തൊഴിലവസരങ്ങൾ മാത്രമാണ് കാർഡ് ഉടമകൾക്ക് നൽകിയത്. ഭൂവികസനം, ലൈഫ്, പി.എം.എ.വൈ പ്രകാരം വീട് നിർമാണം എന്നിവക്ക് തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള സൗകര്യം പ്രയോജനപ്പെടുത്തിയ നിരവധി ഗുണഭോക്താക്കളെ കണ്ടെത്തി.
വ്യക്തിഗത ആസ്തി സൃഷ്ടികളായ ആട്ടിൻ തൊഴുത്ത്, കോഴിക്കൂട്, കാലിത്തൊഴുത്ത് തുടങ്ങിയ ഗുണഭോക്താക്കളും പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. പദ്ധതി സഹായം, തൊഴിൽ കാർഡ് ഉടമകൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ, അവർക്ക് ആവശ്യമുള്ള പ്രവർത്തികളിൽ മാത്രമേ തൊഴിൽ ചെയ്യുകയുള്ളൂ. ഈ തൊഴിൽ കാർഡ് ഉടമകൾ സജീവ തൊഴിലാളികളുടെ പട്ടികയിൽ ഉണ്ടെങ്കിലും, ആഗ്രഹിച്ച ജോലി പൂർത്തീകരിച്ചു കഴിഞ്ഞാൽ, മറ്റൊരു ജോലിയും ഏറ്റെടുക്കില്ല. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന പല തൊഴിൽ കാർഡ് ഉടമകളും തൊഴിലുറപ്പിന് കീഴിലുള്ള തൊഴിൽ ലഭ്യതയുടെ സൗകര്യം അവരുടെ സ്വന്തം ഭൂമിയിൽ ഭൂമി വികസനത്തിനും ലൈഫ്-പി.എം.എ.വൈ പ്രകാരം വീട് നിർമാണത്തിനും മാത്രം ഉപയോഗിച്ചതായി പരിശോധനയിൽ കണ്ടെത്തി.
ചില ഗുണഭോക്താക്കൾ വർഷത്തിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ജോലി ചെയ്തത്. അവർ ഗുണഭോക്താക്കളായ സ്കീമുകൾക്ക് സഹായം ലഭിക്കുന്നതിന് വേണ്ടിയാണ് തൊഴിൽ കാർഡ് ഉപയോഗിച്ചത്. ഗ്രാമീണ മേഖലയിൽ അവിദഗ്ധ കായികാധ്വാനത്തിന് തയാറുള്ള ഓരോ കുടുംബത്തിനും സാമ്പത്തിക വർഷം പരമാവധി 100 ദിവസത്തെ തൊഴിൽ നൽകുന്നതിന് ലക്ഷ്യമിട്ട കേന്ദ്രാവിഷ്കൃത പദ്ധതിയിലാണ് ഈ തട്ടിപ്പ് നടത്തിയത്. ഗുണമേന്മയുള്ളതും സ്ഥായിയായിട്ടുള്ളതുമായ ഉൽപാദനക്ഷമമായ ആസ്തികളുടെ നിർമാണമാണ് പദ്ധതി ലക്ഷ്യമിട്ടത്.
മണ്ണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തി കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്താനും ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തി ദീർഘകാല അടിസ്ഥാനത്തിലുള്ള ഉപജീവനം കണ്ടെത്തുന്നതിനുമാണ് പദ്ധതിയിൽ സൃഷ്ടിക്കുന്ന ആസ്തികളിലൂടെ ലക്ഷ്യമിട്ടത്. പദ്ധതിയുടെ ഈ ലക്ഷ്യങ്ങളെല്ലാം ധർമടം ഗ്രമപഞ്ചായത്തിൽ അട്ടിമറിച്ചെന്നാണ് റിപ്പോർട്ട്. ഗ്രാമപ്രദേശങ്ങളിൽ, ഒരു സാമ്പത്തിക വർഷത്തിൽ കുറഞ്ഞത് 100 ദിവസത്തേക്കെങ്കിലും ജോലി പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകണമെന്ന വ്യവസ്ഥ പാലിച്ചില്ല. വ്യക്തിഗത താൽപര്യങ്ങൾക്ക് വിധേയമായിട്ടാണ് പദ്ധതി നടപ്പാക്കിയത്. ധർമടം ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നതിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.