റേഷന്‍ മുടങ്ങിയത് കുറ്റകരമായ അനാസ്ഥ; കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളുടെ അന്നം മുട്ടിക്കുന്നുവെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും റേഷന്‍ വിതരണം മുടങ്ങിയത് ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാരുടെ ദുരിതം അവസാനിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താതെ സംസ്ഥാന സര്‍ക്കാരും സംസ്ഥാന ഭക്ഷ്യ വകുപ്പും നിഷ്‌ക്രിയമായി നില്‍ക്കുകയാണ്.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയത്തില്‍ ശാശ്വത പരിഹാരം കാണാത്ത സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നത്. സാങ്കേതിക പിഴവിന്റെ പേരില്‍ വ്യാഴാഴ്ച മുതലാണ് റേഷന്‍ വിതരണം മുടങ്ങിയത്. ഇ-പോസ് (ഇലക്ട്രോണിക് പോയിന്റ്‌സ് ഓഫ് സെയില്‍സ്) സംവിധാനത്തിന്റെയും അത് നിയന്ത്രിക്കുന്ന സെര്‍വറിന്റെയും തകരാര്‍ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

കഴിഞ്ഞ ഏഴ് മാസത്തിലേറെയായി ഇ പോസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടെങ്കിലും അത് പരിഹരിക്കാന്‍ ഭക്ഷ്യവകുപ്പിനായിട്ടില്ല. ഒരു മണിക്കൂര്‍ പോലും റേഷന്‍ വിതരണം തടസപ്പെടുന്നത് സാധാരണക്കാരോട് കാട്ടുന്ന ക്രൂരതയാണ്. ഇ പോസിന്റെ പ്രധാന സെര്‍വര്‍ കേന്ദ്ര സര്‍ക്കാരിന് കീഴിലെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍.ഐ.സി) മേല്‍നോട്ടത്തില്‍ ഹൈദരാബാദിലും മറ്റൊരു സെര്‍വര്‍ ഐ.ടി വകുപ്പിന് കീഴില്‍ തിരുവനന്തപുരത്തെ സംസ്ഥാന ഡേറ്റാ സെന്ററിലുമാണ്.

ഈ രണ്ട് സെര്‍വറുകളിലും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകള്‍ തമ്മിലുള്ള പൊരുത്തമില്ലായ്മയാണ് ഇ-പോസ് പ്രവര്‍ത്തനം താറുമാറാകാന്‍ കാരണം. സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ നടത്താതെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. ഇതൊന്നും ചെയ്യാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളുടെ അന്നം മുട്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Failure to ration culpable negligence; V. D. Satheesan says that the central and state governments are ruining the lives of the poo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.