തിരൂരങ്ങാടി: ഉറ്റവർപോലും കാണാതെ വെറും മനുഷ്യരായി മണ്ണിലേക്ക് പോവുന്ന, കോവിഡ് മൂലം മരിച്ചവർക്ക് കാരുണ്യത്തിന്റെ നിലാവെളിച്ചമാവുകയാണ് മലപ്പുറത്തെ താണിക്കൽ ഫൈസൽ എന്ന നാൽപതുകാരൻ. കോവിഡ് മഹാമാരി കാരണം മരിച്ച 130 പേരുടെ സംസ്കാരമാണ് കക്കാട് താണിക്കൽ ഫൈസലിന്റെ നേതൃത്വത്തിൽ ഇതിനകം നടത്തിയത്.
കോവിഡ് മൂലം മറ്റു ജില്ലകളിൽ മരിച്ചവരുടെ മൃതദേഹം സംസ്കരിക്കാനും ഇദ്ദേഹം എത്താറുണ്ട്. മറ്റു മതസ്ഥർക്ക് ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ചിതയൊരുക്കുന്നതിനുള്ള സൗകര്യങ്ങളും ഫൈസൽ നൽകുന്നു. സ്വന്തം ചെലവിലാണ് എല്ലാ സംസ്കാരങ്ങൾക്കും എത്താറുള്ളത്.
തുണയില്ലാത്തവർക്കു വേണ്ടിയുള്ള സേവനം 16ാം വയസ്സിലാണ് ഫൈസൽ തുടങ്ങിയത്. കോവിഡ് കാലത്ത് രാവുംപകലുമില്ലാത്ത ഈ സേവനം, പിതാവ് പരേതനായ താണിക്കൽ അബ്ദുൽ ഖാദറിെൻറ ജീവിതമാതൃക കണ്ടാണ് പഠിച്ചത്. സഹോദരൻ അബ്ദുസ്സമദ് എന്ന അബ്ദു, സിദ്ദീഖ് തെങ്ങിലാൻ, സലീം പുകയൂർ, സലാം കരിമ്പിൽ, ആഷിഖ്, ഇസ്ഹാഖ് കാച്ചടി, കബീർ കാടാമ്പുഴ, അൻസാർ ബുസ്താൻ, അക്മൽ പൊന്മള തുടങ്ങിയവർ ഇദ്ദേഹത്തിെൻറ സഹായത്തിനെത്താറുണ്ട്.
ദേശീയ-സംസ്ഥാനപാതകളിൽ ഏത് അപകടം നടന്നാലും രക്ഷാപ്രവർത്തനത്തിന് ഫൈസൽ ഓടിയെത്തും. ആശുപത്രിയിലേക്ക് പോകാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് നാട്ടുകാരുടെ സഹായത്താൽ പണം നൽകാറുണ്ട്. കിടപ്പിലായ രോഗികൾക്ക് സന്നദ്ധസംഘടനകളുടെ നേതൃത്വത്തിൽ ധനസഹായം എത്തിക്കാൻ സാധിച്ചിട്ടുണ്ട്. നജ്മയാണ് ഭാര്യ. നാലുമക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.