തിരുവനന്തപുരം: വോട്ടിങ് ശതമാനത്തിലെ കുറവ് കൈനഷ്ടം വരുത്തുക യു.ഡി.എഫിനെന്ന് വിശദീകരിച്ചും ന്യൂനപക്ഷ വോട്ട് തുണച്ചെന്ന് വിലയിരുത്തിയും ആറ് സീറ്റ് ഉറപ്പിക്കുകയാണ് ഇടതുമുന്നണി. ആറ്റിങ്ങൽ, ആലത്തൂർ, പാലക്കാട്, കണ്ണൂർ, തൃശൂർ, മാവേലിക്കര മണ്ഡലങ്ങളിലാണ് മുന്നണി ഉറച്ച ജയപ്രതീക്ഷ പുലർത്തുന്നത്. രാഹുൽ ഇഫക്ട് കാര്യമായില്ലാത്ത ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞതിനാൽ നഷ്ടം യു.ഡി.എഫിനാകുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്.
രാഹുൽ മത്സരിച്ച വയനാട്ടിൽ പോലും അഞ്ച് ശതമാനത്തിലേറെ പോളിങ് കുറഞ്ഞത് ഇതിന് തെളിവായി അവർ നിരത്തുന്നു. ബൂത്തുതല കണക്ക് അടിസ്ഥാനപ്പെടുത്തി ശനി, ഞായർ ദിവസങ്ങളിലായി അതത് എൽ.ഡി.എഫ് പാർലമെന്‍റ് മണ്ഡലം കമ്മിറ്റികൾ യോഗം ചേരും. ശേഷം ജില്ല സെക്രട്ടേറിയറ്റ് യോഗങ്ങൾ ചേരും. ഇവിടെ അന്തിമ കണക്കുകൾ അവതരിപ്പിക്കും.
ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും കോൺഗ്രസിന്‍റെ ബി.ജെ.പി വിധേയത്വവുമാണ് പ്രധാനമായും പ്രചാരണങ്ങളിൽ സി.പി.എം മുന്നോട്ടുവെച്ചത്. ഈ മുദ്രാവാക്യങ്ങൾക്ക് അനുകൂല വിധിയെഴുത്താണുണ്ടായതെന്നാണ് പാർട്ടി വിലയിരുത്തൽ. 2019ൽനിന്ന് വ്യത്യസ്തമായി ന്യൂനപക്ഷ വോട്ടുകൾ തങ്ങൾക്ക് ലഭിച്ചു.
മതരാഷ്ട്ര നിർമാണവുമായി ബന്ധപ്പെട്ട ഗൂഢലക്ഷ്യങ്ങളുമായി കൊണ്ടുവന്ന സി.എ.എ വിഷയത്തിൽ ന്യൂനപക്ഷങ്ങൾക്കൊപ്പം നിലകൊണ്ടതും പ്രക്ഷോഭങ്ങൾക്കിറങ്ങിയതും ഇടത് മുന്നണിയാണ്. ഒന്നാംഘട്ട പോളിങ്ങിന് ശേഷം പ്രധാനമന്ത്രി ഉയർത്തിയ വർഗീയ പരാമർശങ്ങൾ ജനസമക്ഷം തുറന്നുകാട്ടിയതും നിയമപോരാട്ടത്തിന് തുനിഞ്ഞതും സി.പി.എമ്മാണ്. രാമക്ഷേത്രം, ഫലസ്തീൻ അടക്കം വിഷയങ്ങളിലെ നിലപാടും ന്യൂനപക്ഷങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കി.
ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനല്ല, സി.പി.എമ്മിനാണ് കാര്യക്ഷമമായി ഇടപെടാനാവുക എന്നത് കഴിഞ്ഞ അഞ്ചുവർഷത്തെ അനുഭവം മുൻനിർത്തി ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും അവർ പറയുന്നു. ഇടത്-വലത് മുന്നണികളെ മാറിമാറി തുണക്കുന്ന സെക്യുലർ വോട്ടുകളെ ഇക്കുറി ഒപ്പംകൂട്ടാൻ കഴിഞ്ഞു. ആറ് സീറ്റാണ് ഉറച്ച പ്രതീക്ഷ വെക്കുന്നതെങ്കിലും അടിയൊഴുക്കുകൾ തുണച്ചാൽ പത്തുവരെ നീണ്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.