നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണിയുയർന്നത് മണിക്കൂറുകളോളം ആശങ്ക പരത്തി.
ബംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം രാവിലെ 10.30ന് റൺവേയിലേക്ക് നീങ്ങുന്നതിനിടയിലാണ് വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സി.ഐ.എസ്.എഫിന്‍റെ കൺട്രോൾ റൂമിൽ ബോംബ് ഭീഷണി എത്തിയത്. തുടർന്ന്, വിമാനം റൺവേയിലെ ഐസൊലേഷൻ മേഖലയിലേക്ക് മാറ്റിയിട്ട് ബോംബ് സ്ക്വാഡ് വിശദമായി പരിശോധിച്ചതിനുപിന്നാലെ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു.
കുട്ടിയുൾപ്പെടെ 139 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെയും ലഗേജുകളും വിമാനത്തിൽനിന്ന് പുറത്തിറക്കിയായിരുന്നു പരിശോധന. ബോംബ് ഭീഷണി വ്യാജമാണെന്ന് വ്യക്തമായതിനെത്തുടർന്ന് ഉച്ചക്ക് രണ്ടിനുശേഷം വിമാനം ബംഗളൂരുവിലേക്ക് പുറപ്പെടുകയും ചെയ്തു. വ്യാജ ഭീഷണി മുഴക്കിയവരെ കണ്ടെത്താൻ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന നേപ്പാളിയായ ഒരാൾ യാത്ര ചെയ്യാനെത്തിയിരുന്നില്ല.
ഭീഷണിയെത്തിയത് നേപ്പാളിൽനിന്നുള്ള കാളിൽനിന്നാണ്. അതിനാൽ ടിക്കറ്റ് ബുക്ക് ചെയ്ത ഇയാളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.